സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല, മന്ത്രി ഇറങ്ങിയത് സെക്കന്റുകള്‍; സി.സി.ടി ദൃശ്യവുമായി പി.കെ. ഫിറോസ്
Kerala News
സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല, മന്ത്രി ഇറങ്ങിയത് സെക്കന്റുകള്‍; സി.സി.ടി ദൃശ്യവുമായി പി.കെ. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2023, 9:09 pm

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ താന്‍ നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

കൊട്ടാരക്കരയില്‍ നടന്ന അപകടത്തിന് ശേഷം മന്ത്രി സംഭവസ്ഥലത്ത് ഇറിങ്ങിയില്ലെന്ന് ആ കുറിപ്പില്‍ ഫിറോസ് ആരോപിച്ചിരുന്നു. ഇത് വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

വാഹനത്തില്‍ നിന്ന് ഇറങ്ങി സെക്കന്റുകള്‍ മാത്രമാണ് മന്ത്രി നിന്നതെന്ന് ഫിറോസ് പറഞ്ഞു. വിഷയത്തില്‍ അപകടത്തിന്റെ മറ്റൊരു ആങ്കിളില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യം ഉദ്ധരിച്ചാണ് ഫിറോസിന്റെ പ്രതികരണം.

നേരത്തെ ഒരു ഭാഗത്തുനിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് മന്ത്രിക്കെന്താണിത്ര തിരക്കെന്ന് ഫിറോസ് ചോദിച്ചിരുന്നു. എന്നാല്‍ വി. ശിവന്‍കുട്ടി അപകടസ്ഥലത്ത് ഇറങ്ങിയതായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ പി.കെ. ഫിറോസ് തെറ്റിദ്ധാരണ പരത്തുകയാണെന്ന വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണ പോസ്റ്റ്.

‘ഇന്നലെ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അപകടം നടന്നയുടന്‍ മന്ത്രി വാഹനം നിര്‍ത്തി അവിടെ ഇറങ്ങിയിരുന്നു എന്നും രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചതിനു ശേഷമാണ് യാത്ര തിരിച്ചത് എന്നുമാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്. പരിക്കേറ്റവരെ മന്ത്രി ആശുപത്രിയിലെത്തിച്ചു എന്ന് വരെ ചിലര്‍ പ്രചരിപ്പിച്ചു.

 

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് മന്ത്രി ഏതാനും സെക്കന്റുകള്‍ മാത്രമാണ് അവിടെ ഇറങ്ങിയിരുന്നത് എന്നതാണ്. മാത്രവുമല്ല മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും റോങ്ങ് സൈഡിലൂടെ അമിതവേഗതയില്‍ വന്ന് ഒരു വാഹനം ഇടിച്ച് തെറിപ്പിച്ചിട്ട് അപകടം നടന്ന സ്ഥലത്തേക്ക് ഒന്ന് പോയി നോക്കാനുള്ള മര്യാദ പോലും മന്ത്രി കാണിച്ചിട്ടില്ല,’ ഫിറോസ് പറഞ്ഞു.

 

 

വിഷയത്തില്‍ പി.കെ. ഫിറോസിന്റെ ആദ്യ പ്രതികരണം

ഇന്ന് ഒരു സി.സി.ടി.വി ഫൂട്ടേജ് കണ്ടു. മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഒരു ആംബുലന്‍സ് ഇടിച്ചു തെറിപ്പിക്കുന്നു. തൊട്ട് പിറകില്‍ വന്ന മന്ത്രിയുടെ കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുന്നു. ഒട്ടും മനുഷ്യത്വമില്ലാതെ എങ്ങോട്ടാണ് ഇത്ര തിരക്കില്‍ ഇവര്‍ പോകുന്നത്?

മന്ത്രി അതിനു ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഒരു കല്ല്യാണ ഫോട്ടോ ആണ്. ആ കല്ല്യാണത്തില്‍ പങ്കെടുക്കാനായിരിക്കുമോ മന്ത്രി അങ്ങിനെ കുതിച്ചത്?
നമ്മുടെ സാംസ്‌കാരിക നായകരും പഴയ എസ്.എഫ്.ഐക്കാരായ മാധ്യമ പ്രവര്‍ത്തകരും ഒരക്ഷരം ഉരിയാടിയിട്ടില്ല. അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തേണ്ടത് മന്ത്രിയുടെ ജോലിയല്ലെന്നും പരിക്ക് പറ്റിയവരെ പരിശീലനം കിട്ടിയവരല്ലാതെ തൊടാന്‍ പാടില്ലെന്നുമൊക്കെയുള്ള അവരുടെ വിശദീകരണം ഉടന്‍ വരുമായിരിക്കും!

Content Highlight:  P.K. Firos  responds in V. Shivankutty’s pilot’s vehicle hitting the ambulance and overturning