തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് അദ്ദേഹം കേരളത്തിലെ അമിത് ഷായുടെ കടമ നിര്‍വഹിക്കുകയാണെന്നാണ് ഫിറോസ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
‘ഇസ്‌ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍.എസ്.എസ് മാത്രമല്ല. അവര്‍ വിളവെടുപ്പുകാരാണ്. മതേതര സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്തു വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആര്‍ത്തുവിളിച്ചത് കൊണ്ട് കാര്യമില്ല. പിണറായി വിജയനോട് ഒരു അപേക്ഷയെയുള്ളു. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുത്. ഫാഷിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്’, ഫിറോസ് ഫേസ്ബുക്കിലെഴുതി.
യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണോ പിണറായി ആ സ്റ്റേറ്റ്മെന്റ് നടത്തുന്നതെന്നും ഫിറോസ് ഫേസ്ബുക്കിലെഴുതി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അമിത് ഷാ പ്രയോഗിച്ചൊരു കുതന്ത്രമുണ്ട്. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന പ്രഖ്യാപനമായിരുന്നു അത്. കോണ്‍ഗ്രസ് കളിക്കുന്നത് ഹജ്ജ് (HAJ) ആണെന്നും ബി.ജെ.പി ചേര്‍ത്തുപറഞ്ഞു. എന്താണ് ഹജ്ജ് കൊണ്ടുദ്ധേശിക്കുന്നതെന്ന ചോദ്യത്തിന് ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരാണ് കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുന്നതെന്നും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ ഒഅഖ ആയെന്നും മറുപടി പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കുമെന്ന ഘട്ടത്തിലാണ് അമിത് ഷാ ഈ പ്രയോഗങ്ങളൊക്കെ നടത്തിയത്.
കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയായാലെന്താ എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ജനം ചോദിക്കേണ്ടിയിരുന്നത്. അങ്ങിനെ ചോദിക്കുമ്പോഴാണ് ആ സമൂഹം മതേതരമാകുന്നത്. എന്നാല്‍ ആ ചോദ്യം ഗുജറാത്തില്‍ നിന്ന് ഉയര്‍ന്നില്ല. കാരണം നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴങ്ങിനെയാണ്. അതറിയുന്നത് കൊണ്ടാണ് അമിത് ഷാ അത്തരമൊരു പ്രയോഗം നടത്തിയതും.
അമിഷായുടെ തനിയാവര്‍ത്തനമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുമ്പ് കൊടിയേരി കേരളത്തില്‍ നടത്തിയത്. കുഞ്ഞാലിക്കുട്ടി – ഹസ്സന്‍- അമീര്‍ നേതൃത്വമാണ് കേരളത്തില്‍ യു.ഡി.എഫിനെന്നായിരുന്നു കൊടിയേരിയുടെ പ്രസ്താവന. കൂടാതെ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതിനെ ദേശാഭിമാനി വിശേഷിപ്പിച്ചത് ലക്ഷ്യം മുസ്‌ലിം തീവ്രവാദികളുടെ ഏകോപനമെന്നായിരുന്നു.
ഇപ്പോഴിതാ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേരളത്തില്‍ അമിത് ഷായുടെ കടമ ഏറ്റെടുക്കുന്നു. യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുത്താലെന്താ എന്ന ചോദ്യം ചോദിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുമുള്ളത് എന്ന ആത്മവിശ്വാസത്തിലാണോ പിണറായി ആ സ്റ്റേറ്റ്മെന്റ് നടത്തുന്നത്?
ഇസ്ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍.എസ്.എസ് മാത്രമല്ല. അവര്‍ വിളവെടുപ്പുകാരാണ്. മതേതര സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്തു വിതച്ചതിന് ശേഷം വിളവെടുക്കുന്നവരെ നോക്കി ആര്‍ത്തുവിളിച്ചത് കൊണ്ട് കാര്യമില്ല.പിണറായി വിജയനോട് ഒരപേക്ഷയേയുള്ളൂ. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുത്. ഫാസിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: P K Firos Facebook Post Aganist Pinarayi vijayan