|

'ഡി.വൈ.എഫ്.ഐ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷം'; എ.എ റഹീമിന്റെ പത്രസമ്മേളനം തമാശയായിട്ടാണ് തോന്നിയതെന്ന് പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്.

നേരത്തെ കെ.എം. ഷാജി എം.എല്‍.എയുടെ സ്വത്തില്‍ അസാധാരണമായ വളര്‍ച്ചയാണുണ്ടായതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഹീമിന്റെ പത്രസമ്മേളനം വലിയ തമാശമായിട്ടാണ് തോന്നിയതെന്നും നാലര വര്‍ഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡി.വൈ.എഫ്.ഐ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി.കെ.ഫിറോസ് പറഞ്ഞു.

‘കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യാവാങ്മൂലത്തില്‍ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജന്‍സിയുടെ മുമ്പിലും തലയില്‍ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല- ഫിറോസ് ഫേസ്ബുക്കിലെഴുതി

പാര്‍ട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തുവിവരങ്ങള്‍ പുറത്തുവിടാന്‍ ഡി.വൈ.എഫ്.ഐ നേതാവ് ഒരുക്കമാണോ എന്നും ഫിറോസ് ചോദിച്ചു.

കെ.എം. ഷാജി എം.എല്‍.എ കോഴിക്കോട് അനധികൃതമായി നിര്‍മ്മിച്ച വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന കോര്‍പ്പറേഷന്‍ നോട്ടീസ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ഇതിന് പിന്നാലെ ഷാജിയുടെ സ്വത്ത് വിവരങ്ങളും ചര്‍ച്ചയായിരുന്നു. തനിക്ക് കുടുംബപരമായി തന്നെ സ്വത്തുണ്ടെന്നായിരുന്നു ഷാജി നല്‍കിയ വിശദീകരണം

എന്നാല്‍ തന്റെ തന്നെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുകളാണ് 2016ലെ നാമനിര്‍ദേശ പട്ടികയോടൊപ്പം സത്യവാങ്മൂലത്തില്‍ കെ.എം ഷാജി സമര്‍പ്പിച്ചിരുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം.ഷാജിയുടെ ആകെ വാര്‍ഷികവരുമാനം 2,224,890 രൂപമാത്രമാണ്. വാഹനം, ബാങ്ക് ഡെപ്പോസിറ്റ്, ജ്വല്ലറി തുടങ്ങിയ ഇനത്തില്‍ 21,57,851 ലക്ഷം രൂപയുമുണ്ട്.

ഇതിനു പുറമെ 860000 രൂപയുടെ ലോണുമുണ്ട്. ഭാര്യ ആശയുടെ പേരില്‍ 48,70000 രൂപയുടെ ആസ്തി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ കെ.എം. ഷാജി സ്വത്തു വര്‍ധിക്കുന്നതോടൊപ്പം ആസ്തിയുടെ മൂല്യം കുറച്ചുകാണിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

2011ല്‍ അഴീക്കോട് മണ്ഡലത്തില്‍ ആദ്യം മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും 2016ല്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

2011ല്‍ അഴീക്കോട് ആദ്യം മത്സരിക്കുമ്പോള്‍ വയനാട് വൈത്തിരിയിലുള്ള സ്ഥലത്തിന്റെ മൂല്യം 28,92,500 ആയാണ് കാണിച്ചത്. എന്നാല്‍ 2016ല്‍ മത്സരിച്ചപ്പോള്‍ ഇതേ സ്ഥലത്തിന്റെ വില 8 ലക്ഷമായി കുറച്ചാണ് കാണിച്ചിരിക്കുന്നത്.

കേരളത്തില്‍ ഭൂമി വില വര്‍ദ്ധിക്കുമ്പോഴാണ് ലക്ഷങ്ങളുടെ വ്യത്യാസം ആസ്തിയുടെ മൂല്യത്തില്‍ വന്നതായി കെ.എം.ഷാജി കാണിച്ചിരിക്കുന്നത്.

ഭാര്യ ആശാ ഷാജിക്ക് 2011ല്‍ വൈത്തിരി കണിയാംപറ്റയിലെ 40.3 സെന്റ് ഭൂമിമാത്രമാണുണ്ടായിരുന്നത്. 2006-ല്‍ വിലയ്ക്ക് വാങ്ങിയ ഈ വസ്തുവിന് 6 ലക്ഷം രൂപയാണ് കണക്കായിരുന്നത്. എന്നാല്‍ 2016ല്‍ ഈ സ്ഥലത്തിന്റെയും വില കുറച്ചു കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഉഥഎക ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ.

ഒരന്വേഷണ ഏജന്‍സിയുടെ മുമ്പിലും തലയില്‍ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡി.വൈ.എഫ്.ഐ നേതാവ് സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാന്‍ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ ഡി.വൈ.എഫ്.ഐ തയ്യാറുണ്ടോ?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; P K Firos Comments Aganist A A Rahim