കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി തീവ്രവാദവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നാണ് യൂത്ത് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന് പുറത്തുനിന്നുള്ള കക്ഷികളുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നതാണ് യു.ഡി.എഫ് നിലപാടെന്നും ഫിറോസ് പറഞ്ഞു.
എസ്.ഡി.പി.ഐ- വെല്‍ഫെയര്‍ പാര്‍ട്ടി സമീകരണം പാടില്ല. എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചുള്ള അപകടരാഷ്ട്രീയമാണ് സി.പി.ഐ.എം കളിക്കുന്നത്. വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കുകയാണ് സി.പി.ഐ.എം. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുകയാണ് അവര്‍, ഫിറോസ് പറഞ്ഞു.
റാന്നിയില്‍ ഇടത് സഹായത്തോടെ ബി.ജെ.പി ഭരിക്കുന്നുവെന്നും മഞ്ചേശ്വരത്ത് ലീഗിനെ തോല്‍പ്പിക്കാന്‍ സി.പി.ഐ.എം ബി.ജെ.പിയ്ക്ക് വോട്ട് ചെയ്‌തെന്നും ഫിറോസ് പറഞ്ഞു.
തങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ വര്‍ഗ്ഗീയതയെയാണ് ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 31നകം യൂത്ത് ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും ഫിറോസ് പറഞ്ഞു. ഫെബ്രുവരിയില്‍ ഇടതുസര്‍ക്കാരിനെതിരെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള അനുമതി സംസ്ഥാന തലത്തില്‍ നല്‍കിയിട്ടുണ്ടെന്ന മുരളീധരന്‍ എം.പിയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു.
അതില്‍ തെറ്റില്ലെന്നും കോഴിക്കോട് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന് ഒരു വിഭാഗം യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞതിനു പിന്നാലെ
തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ച ദിവസം കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും ഒരുമിച്ച് റാലി നടത്തിയതും വാര്‍ത്തയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക