'നിങ്ങളുടെ കൂടെക്കൂടിയാല്‍ തീര്‍ത്ഥജലം, ഇല്ലെങ്കില്‍ ഓടവെള്ളം'; ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണെന്ന പ്രസ്താവനക്കെതിരെ പി.കെ. ഫിറോസ്
Kerala News
'നിങ്ങളുടെ കൂടെക്കൂടിയാല്‍ തീര്‍ത്ഥജലം, ഇല്ലെങ്കില്‍ ഓടവെള്ളം'; ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണെന്ന പ്രസ്താവനക്കെതിരെ പി.കെ. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 11:14 pm

മലപ്പുറം: മുസ്‌ലിം ലീഗ് ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണെന്ന പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞു ഇറങ്ങിപ്പോയ ഐ.എന്‍.എല്‍ ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമാല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനുണ്ടെന്ന് പരസ്യമായി പറഞ്ഞത് ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനാണ്. മുമ്പ് ജമാഅത്തെ ഇസ്ലാമിയെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി സി.പി.ഐ.എമ്മിന്റെ മുഖപത്രമാണെന്നാണ് വിശ്വാസം. വല്ല ‘രാഷ്ട്രീയ പ്രതിസന്ധിയും’ കാരണം ജന്മഭൂമിയുടെ പ്രസ്സില്‍ നിന്നാണോ നിലവില്‍ പ്രിന്റ് ചെയ്യുന്നത് എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‘മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ പി.ഡി.പിയെ കൂടെക്കൂട്ടി പൊന്നാനിയില്‍ വേദി പങ്കിട്ടത് നിങ്ങളാണ്. ഒടുക്കം ഫലം വന്നപ്പോള്‍ കാര്യമുണ്ടായില്ലെന്ന് കണ്ടു അവര്‍ക്കും വര്‍ഗീയ ടാഗ് നല്‍കി നിങ്ങളൊഴിവാക്കി. നിങ്ങളുടെ കൂടെക്കൂടിയാല്‍ തീര്‍ത്ഥജലം ഇല്ലെങ്കില്‍ ഓടവെള്ളം എന്നാണല്ലോ വെപ്പ്

എസ്.ഡി.പി.ഐയുമായി സഹകരിച്ച് പലയിടങ്ങളിലും പഞ്ചായത്ത് ഭരിച്ചതും, അവിശ്വാസ പ്രമേയങ്ങള്‍ വിജയിപ്പിച്ചതുമൊക്കെ നിങ്ങളാണ്. സാമ്പാര്‍ മുന്നണിക്ക് ജനകീയ മുന്നണിയെന്ന ഓമനപ്പേര് നല്‍കി പലയിടങ്ങളിലും ഇവരെ കൂടെക്കൂട്ടുകയും, എന്നാല്‍ ചാനലില്‍ വന്നിരുന്നു വിശുദ്ധ പ്രഭാഷണം നടത്തുകയും ചെയ്യുന്ന പണി നിങ്ങള്‍ക്കേ നടക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ലീഗിനെ ‘അവഗണിക്കുന്നത്’ കണ്ടപ്പോള്‍ ആദ്യം കരുതിയത് കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടെ ഈ ‘അവഗണന’ അവസാനിക്കുമെന്നാണ്. ഇപ്പോള്‍ മനസ്സിലായത്, സംസ്ഥാന സമ്മേളനം കഴിഞ്ഞാലും ഇതവസാനിക്കില്ലെന്നാണ്.
എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാലാമി, തുടങ്ങിയവരുമായി ലീഗ് ബന്ധം സ്ഥാപിച്ചുവെന്നാണ് ഇന്നത്തെ ‘അവഗണന’. അത്തവും പിത്തവും കലര്‍ന്ന ഡയലോഗ് മുഖ്യമന്ത്രി തന്റെ മുന്നിലെ ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി. കേരളത്തിലെ സാമാന്യ ജനങ്ങളോട് വേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.

അതേസമയം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് നടത്തിയത്. സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ലീഗ് പുച്ഛിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണ്. എസ്.ഡി.പി.ഐയുടെ തീവ്രനിലപാട് അവര്‍ ഏറ്റെടുക്കുന്നു. രാഷ്ട്രീയ പാര്‍ടിയ്ക്ക് ചേര്‍ന്ന നിലപാടാണ് ലീഗ് സ്വീകരിക്കേണ്ടത്. അത് മതനിരപേക്ഷമാകണം. തെറ്റായ രീതിയില്‍ ജനങ്ങളെ അണിനിരത്താനല്ല നോക്കേണ്ടത്. പണ്ടുകാലത്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ലീഗ് അണികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ആ കാലം മാറിയെന്ന് തിരിച്ചറിയണം. നുണയ്ക്ക് അധികം അയുസ്സില്ല.

CONTET HIGHLIGHTS: P.K Feros against the Pinarayi Vijayan statement that the League is wearing the cloak of Jamaat-e-Islami