കോഴിക്കോട്: ഫേസ്ബുക്ക് ലൈവുമായി ചെന്ന് ഉദ്യോഗസ്ഥരെ അപമാനിക്കുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണമെന്നും ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫേസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സര്‍ക്കാറിന്റെ തീരുമാനം പൊളിക്കാന്‍ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാല്‍ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്.
തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേല്‍ കാണിച്ചപ്പോള്‍ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല.
പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏര്‍പ്പാട് നിര്‍ത്തണം. ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം,’ പി.കെ. ഫിറോസ് പറഞ്ഞു.
അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. ആ സാധു ജീവനക്കാരന്‍ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ്പുണ്ടാവില്ല. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണെന്നും പി.കെ. കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: P.K. Feroos said Minister P.A. Muhemmed Riyas should stop went on Facebook Live and insulted the officials.