'ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല'; ടി.ജി. മോഹന്‍ദാസിന് മറുപടിയുമായി അബ്ദുറബ്ബ്
Kerala News
'ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല'; ടി.ജി. മോഹന്‍ദാസിന് മറുപടിയുമായി അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2022, 9:24 pm

കോഴിക്കോട്: മുസ്‌ലിം ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ പ്രസ്താവനോട് പ്രതികരിച്ച് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍
കരുതുന്നതെങ്കില്‍ ആ കട്ടില് കണ്ടു പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളതെന്ന് അബ്ദുറബ്ബ് പറഞ്ഞു.

‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പി.യുമായി സഖ്യം ചേരില്ല’ എന്ന്
സി.എച്ച് മുഹമ്മദ് കോയാസാഹിബ് അന്നേ പറഞ്ഞിട്ടുള്ളതാണ്.. അതുതന്നെയാണ് ഇന്നും പറയാനുള്ളതെന്നും അബ്ദുറബ്ബ് പറഞ്ഞു.

‘ഹിന്ദു ഉണരണം, തെരുവില്‍ കലാപം നടത്താതെ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് നീതി കിട്ടില്ല,
എന്നൊക്കെ അടുത്ത കാലം വരെ പറഞ്ഞു നടന്നിരുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ദാസ് ഇപ്പോള്‍ പറയുന്നത്
ഹിന്ദു മാത്രം അങ്ങനെ ഉണരണ്ട, മുസ്‌ലിങ്ങളും കൂടെ ഉണര്‍ന്നോട്ടെ എന്നാണ്.

ബി.ജെ.പി മുസ്‌ലിം ലീഗുമായി സഖ്യം ചേരണം,
മുസ്‌ലിം ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം
ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്…
എന്നൊക്കെപ്പറഞ്ഞ് ലീഗിനെ സുഖിപ്പിച്ച്
കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍
കരുതുന്നതെങ്കില്‍ ആ കട്ടില് കണ്ടു
പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളത്.
‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പി.യുമായി സഖ്യം ചേരില്ല’ എന്ന്
സി.എച്ച് മുഹമ്മദ് കോയാസാഹിബ്
അന്നേ പറഞ്ഞിട്ടുള്ളതാണ്.. അതു
തന്നെയാണ് ഇന്നും പറയാനുള്ളത്.

ടെക്‌നോളജി ഏറെ വികസിച്ചിട്ടുണ്ടെങ്കിലും ബഹറില്‍ മുസല്ല വിരിക്കാവുന്ന തരത്തിലേക്കൊന്നും നമ്മുടെ നാടെത്തിയിട്ടില്ല.. ദാസാ…!
എങ്ങനെയെങ്കിലും ഭരണം പിടിക്കാന്‍
ഇന്ത്യ മൊത്തം ചാക്കുമായി നടക്കുകയാണ്
ബി.ജെ.പി, അധികാരക്കസേരക്കു വേണ്ടി ഏത്
കുറുക്കു വഴികളും സ്വീകരിക്കുന്ന
ബി.ജെ.പിയോടൊപ്പം കൂടാനും, നേരും നെറിയും
വിട്ട് കളിക്കാനും ലീഗിനെക്കിട്ടില്ല.


ലീഗിനെ കൂടെക്കൂട്ടാമെന്ന് കരുതി , മധുരവര്‍ത്തമാനങ്ങള്‍ ബി.ജെ.പിയെന്നല്ല
ആരു പറഞ്ഞാലും അതിലൊന്നും വീഴുന്ന പാര്‍ട്ടിയല്ല ലീഗ്.
ഭരണമില്ലാതെയും പതിറ്റാണ്ടുകള്‍ നിലനിന്ന
പാര്‍ട്ടിയാണ് ലീഗ്, കേരളപ്പിറവിക്കു ശേഷം ലീഗുള്‍ക്കൊള്ളുന്ന ആദ്യ മന്ത്രിസഭ രൂപം
കൊണ്ടത് 1967ലായിരുന്നു. അതു വരെ ലീഗ് പ്രതിപക്ഷത്തായിരുന്നു.
മദിരാശിയിലെ രാജാജി മന്ത്രിസഭക്ക്
ഭൂരിപക്ഷം തികക്കാന്‍ കഴിയാതെ വന്നപ്പോള്‍
പുറത്ത് നിന്നും പിന്തുണ നല്‍കുകയും; പകരം
മന്ത്രി സ്ഥാനം വെച്ചു നീട്ടിയപ്പോള്‍ അത്
നിരസിക്കുകയും ചെയ്ത പാര്‍ട്ടിയാണ് ലീഗ്.
ആ ലീഗിനെ അധികാരവും മുഖ്യമന്ത്രി സ്ഥാനവും
കാണിച്ച് പ്രലോഭിപ്പിക്കാമെന്ന് കരുതുന്നത്
എന്തുമാത്രം പ്രഹസനമാണ് ടീ ജീ!,’ അബ്ദുറബ്ബ് പറഞ്ഞു.

CONTENT HIGHLIGHTS:  P.K. Abdurrabb Responding to T.G. Mohandas’s statement  BJP to take initiative for political friendship with Muslim League