പരപ്പനങ്ങാടി: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായ സൗദി അറേബ്യയെ പരിഹസിച്ച് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായി പി.കെ. അബ്ദു റബ്ബ്.
ഖത്തര്‍, സൗദി എന്നീ രാജ്യങ്ങള്‍ നോക്കൗട്ട് സ്‌റ്റേജില്‍ പുറത്തായതിനെ കുറിച്ച് ‘അന്നം തരുന്ന എല്ലാവരും പുറത്തായി’ എന്ന് ശ്രീജിത്ത് പണിക്കര്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് അബ്ദു റബ്ബ് രംഗത്തെത്തിയത്.
ലോക ഫുട്‌ബോള്‍ മാമാങ്കം എന്ന ആലോചിക്കാന്‍ പറ്റാത്തവരും അവരുടെ സ്വന്തം ഡിബേറ്റ് കുട്ടപ്പന്മാരും അന്നം തരുന്ന ചില നാടുകള്‍ പുറത്താകാന്‍ കാത്തിരിക്കുകയായിരുന്നത്രേ എന്നാണ്, ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പി.കെ. അബ്ദുറബ് ഫേസ്ബുക്കില്‍ എഴുതിയത്.
‘ഒരു ലോക ഫുട്‌ബോള്‍ മാമാങ്കം എന്നത് ആലോചിക്കാന്‍ പോലും പറ്റാത്തവരും, അവരുടെ സ്വന്തം
ഡിബേറ്റ് കുട്ടപ്പന്‍മാരും ഇന്നലെ വരെ ലോകകപ്പ് ഫുട്‌ബോളും കണ്ട് കാത്തിരുന്നത് ‘അന്നം തരുന്ന’ ചില നാടുകള്‍ പുറത്താകാന്‍ വേണ്ടിയായിരുന്നത്രെ.
പാളട്രൗസറിട്ട്, കുറുവടിയും പിടിച്ച് അന്തിപ്പാതിരാക്ക് ആയുധ പരിശീലനം നടത്തുന്ന ടീമുണ്ടല്ലോ, വാളും, പരിചയും മറ്റായുധങ്ങളും പിടിച്ചു വാങ്ങി അവര്‍ക്ക് പന്ത് കൊടുക്കാന്‍ പറ്റുമോ പണിക്കരേ.
150 കോടിയില്‍ നിന്നും തെരഞ്ഞ് നേരം കളയേണ്ട, മേല്‍പ്പറഞ്ഞ കുറുവടിക്കാരില്‍ നിന്നായാലും മതി. ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട… അതിനടുത്ത ലോകകപ്പിനെങ്കിലും സെറ്റാക്കാന്‍ പറ്റുമോ പണിക്കര്‍ജീ,’ എന്നാണ് അബ്ദു റബ്ബിന്റെ വാക്കുകള്‍.
ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ‘അന്നം തരുന്ന നാടിനൊപ്പം’ എന്ന വാചകത്തോടെ സൗദിക്ക് പിന്തുണയുമായി പോസ്റ്ററുകളും ഫ്‌ളക്‌സുകളുമെല്ലാം വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ മലയാളി അര്‍ജന്റീന ഫാന്‍സിനെ ട്രോളുന്നതിന് വേണ്ടിയും ഈ വാചകം ഉപയോഗിച്ചിരുന്നു.
ഏറെ പ്രവാസികള്‍ ജോലി ചെയ്യുന്ന നാടുകളെന്ന നിലയിലും സൗദിക്കും ലോകകപ്പ് ആതിഥേയരാജ്യമായ ഖത്തറിനും ഇപ്രാവശ്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. ലോകകപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മുന്നേറ്റമെന്ന തലത്തിലും സൗദിക്ക് ആരാധകരുണ്ടായിരുന്നു.
എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയം പോലും സ്വന്തമാക്കാനാകാതെയാണ് ഖത്തര്‍ പുറത്തായത്. അര്‍ജന്റീനയോട് അട്ടിമറി വിജയം സ്വന്തമാക്കിയ സൗദി അറേബ്യയാകട്ടെ പോളണ്ടിനോടും മെക്‌സിക്കോയോടും പൊരുതി തോറ്റ് മടങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ സൗദി-ഖത്തര്‍ ആരാധകര്‍ക്കെതിരെ പരിഹാസവും വിദ്വേഷ പരാമര്‍ശങ്ങളുമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റും.
Content Highlight: P K Abdu Rabb against Sreejith Panickar over