| Tuesday, 30th May 2017, 2:39 pm

പ്രളയകാലത്തെ നൂഹുമാര്‍!....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ അവളെ കൊന്ന കേസിന്റെ അവസാന വിധി നാളെ സുപ്രീം കോടതിയില്‍ തീരുമാനിക്കപ്പെടുകയാണ്. വധശിക്ഷയില്‍ കുറഞ്ഞൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ലെന്നറിയാം. എങ്കിലും, ചാവുന്നതിന് മുമ്പെങ്കിലും എനിക്കൊരു ന്യായീകരണം വേണം.


വര | മജ്‌നി തിരുവങ്ങൂര്‍


പ്രളയത്തിന്റെ സൂചനകള്‍!....

എന്നെ വളര്‍ത്തിയ ഗര്‍ഭപാത്രത്തിന് തികയാതെ പ്രസവിച്ച കുറവുകേടുകള്‍ പേറിയ മഹാവേദനയ്ക്ക്, ചെറിയ പിറവിയ്ക്ക് കണ്ണീരിന്, എന്റെ ഉമ്മയ്ക്ക് അവരിലൂടെ തുടങ്ങുന്ന പ്രണയത്തിന്!… എന്റെയീ ജീവിതം ധന്യമായി.

ബലാത്സംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നൂഹ് ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ, എനിക്കിപ്പോള്‍ അതിനാവില്ല. കാരണം, ഞാനാണ് നൂഹ്. ചെയ്തുപോയ തെറ്റിന് മേല്‍ തോരാത്ത കണ്ണീരുമായി നടക്കുന്നവന്‍.

ജയില്‍ തന്നെയായിരിക്കും ഇങ്ങനെ ചിന്തിക്കാന്‍ പരുവപ്പെടുത്തിയത്. ചെയ്ത കുറ്റം നിഷേധിക്കുന്നില്ല. ഒരിക്കല്‍, പ്രണയം തോന്നിയ ഒരുവളെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിനാണ് ഞാനിപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കുറ്റം നിഷേധിക്കുന്നില്ല. പെട്ടെന്ന്, അവളോടുള്ള വെറുപ്പിന്റെ പുറത്ത് ചെയ്തു പോയതാണ്.

ഞങ്ങള്‍ കുട്ടികളായിരുന്നപ്പൊ, വീട്ടുകാരുടെ ഒപ്പം കടല് കാണാന്‍ പോയിരുന്നു. അന്ന്, കടല് കണ്ട അവളുടെ കണ്ണ് ഇപ്പോഴും, ഈ നെഞ്ചിലുണ്ട്!…ചെയ്തുപോയതാണ്. ഇബ്‌ലീസ് കേറീട്ട്. ഇബ്‌ലീസിന്, കപ്പലില്‍ കേറാന്‍ അനുവാദം കൊടുക്കുന്നത്, അല്ലെങ്കിലും നൂഹിന്റെ നിയോഗമാണല്ലോ!….

ജിബ്രീല്‍ (അ) എന്ന മലക്ക് ഒരവസരത്തില്‍ നൂഹ് നബി (അ)മിന് ഒരു വൃക്ഷത്തിന്റെ വിത്ത് കൊണ്ടുവന്നു കൊടുത്തു. ആ വിത്ത് അദ്ദേഹം കുഴിച്ചിടുകയും ചെയ്തു. അത് വളര്‍ന്ന് വലിയൊരു വൃക്ഷമായി മാറി. തടിയ്ക്ക് ബലവും ഉറപ്പുമുള്ള വൃക്ഷം. ഈ വൃക്ഷമാണ് നൂഹ് നബി (അ)മിന് അള്ളാഹു(സു)യുടെ കല്‍പ്പന പ്രകാരം കപ്പല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ തടിയായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

കൂഫയിലായിരുന്നൂ ആ മരം. അതിനെ കപ്പല്‍ പണിയുന്നതിനു വേണ്ടി ഹീറത്തിലെത്തിക്കണം. ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളൊന്നുമില്ലാത്ത കാലഘട്ടം. എന്തുചെയ്യും? അങ്ങനെ വ്യാകുലപ്പെട്ട് ഇരിക്കുമ്പോഴാണ് ഊജ് ആ വഴി വന്നത്. അയാളുടെ അസാമാന്യമായ വലിപ്പവും, കായികബലവും കണ്ടപ്പോള്‍ ചുമതല അയാളെ ഏല്‍പ്പിച്ചാലോ എന്ന് തോന്നിപ്പോയി. അയാള്‍ക്കതിന് സമ്മതമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഒരു നിബന്ധന മാത്രം ഊജ് നബിയുടെ മുന്നില്‍ വെച്ചു. “തനിക്ക് വിശപ്പ് തീരെ ആഹാരം തരണം.” അയാളുടെ വിശപ്പ് മാറ്റിക്കൊടുക്കുവാന്‍ നബിയ്ക്ക് കഴിയുകയില്ലായിരിക്കുമെന്നാണ് മൂപ്പര്‍ വിചാരിച്ചത്.

നൂഹ് നബി (അ) തന്റെ ഗൃഹത്തില്‍ എന്താണ് ഭക്ഷണമായിട്ടുള്ളതെന്ന് അന്വേഷിച്ചു. മൂന്ന് ഗോതമ്പ് പത്തിരി മാത്രം. ആവട്ടെ അത് കൊണ്ടുവരൂ എന്ന് നബി പറഞ്ഞു. പത്തിരി കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്നും ഒരെണ്ണമെടുത്ത് ഊജിന് കൊടുത്തു. ആയിരക്കണക്കിന് ആളുകള്‍ തിന്നുന്ന ഭക്ഷണം ഒറ്റയിരുപ്പിന് തിന്നുതീര്‍ക്കുന്ന തനിക്ക് നബി തന്നിരിക്കുന്നത് ഒരൊറ്റ ഗോതമ്പപ്പത്തിരി. നബി തന്നെ പരിഹസിക്കുകയാണോ എന്നുപോലും അയാള്‍ സംശയിച്ചു പോയി.

എങ്കിലും ഒന്നും പുറത്തേക്ക് ഭാവിക്കാതെ അയാള്‍ ആ പത്തിരി തിന്നാന്‍ തുടങ്ങി. എന്തൊരത്ഭുതം! തിന്നിട്ടും തിന്നിട്ടും പത്തിരി തീരുന്നില്ല. അയാള്‍ മതിവരുവോളം ഭക്ഷണം കഴിച്ചു. മൂരിനിവര്‍ത്തി ഒന്നേമ്പക്കം വിട്ടു. അപ്പോഴും പത്തിരി ബാക്കി തന്നെയായിരുന്നു. ഭക്ഷണം കഴിച്ചു തീര്‍ന്നശേഷം അയാള്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ആ മരം കടപുഴക്കിക്കൊണ്ട് ഉദ്ദിഷ്ട സ്ഥലത്ത് എത്തിച്ചു.

നൂഹ് നബി (അ) കപ്പല്‍ പണിയാനാരംഭിച്ചു. കപ്പല്‍ പണിയാന്‍ തുടങ്ങി എന്നല്ലാതെ എന്താണ് കപ്പല്‍, അതിന്റെ ഘടന എന്തായിരിക്കണം എന്നൊന്നും നൂഹ് നബി (അ)മിന് അറിവുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച് സങ്കടപ്പെട്ട് പറഞ്ഞു. നൂഹ് നബി (അ)മിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അള്ളാഹു (സു) കപ്പലിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കുവാനായി ജിബ്രീല്‍ (അ) നെ നിയോഗിച്ചു. ജിബ്രീല്‍ (അ) നബിയ്ക്ക് കപ്പല്‍ നിര്‍മ്മിക്കേണ്ടുന്ന രൂപം വിശദീകരിച്ചു കൊടുക്കുകയും അതിന്നു വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു.

നൂഹിന്റെ മരുമകള്‍, സാബിറയുടെ അടുപ്പില്‍ നിന്നാണ് പ്രളയസൂചനയായി ഉറവ പൊട്ടുന്നത്! ജിബ്രീലിന്റെ വഹിയ്യ് നൂഹ് തന്റെ മരുമകളോട് വിശദീകരിക്കുന്നതിനും പ്രളയത്തിനും മുമ്പ്; അള്ളാഹു(സു) ജലപ്രളയം കൊണ്ട് നൂഹ് നബി (അ)മിന്റെ ജനതയെ നശിപ്പിക്കാനുദ്ദേശിക്കുന്നതിന്നു മുമ്പായി ഭൂമിയില്‍ കനത്ത വരള്‍ച്ചയുടെ വിത്തുപാകി.

നബിയുടെ നിരന്തരമുള്ള പ്രലോഭനവും സത്യവഴിയിലേക്കുള്ള ക്ഷണവും അവഗണിച്ച ജനവിഭാഗങ്ങളെ ക്ഷാമത്തിന്റെ രുചി അറിയിക്കുകയായിരുന്നു അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ഒരിറ്റുമഴ നിലത്ത് വീഴുന്നില്ല. കൃഷിയിടങ്ങള്‍ ഉണങ്ങി വരണ്ടു. തോടുകളും പാടങ്ങളും കുളങ്ങളും കിണറുകളുമെല്ലാം വറ്റി ഉണങ്ങിക്കിടന്നു. ജനങ്ങള്‍ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടനുഭവിച്ചു. ദാഹം സഹിക്കാനാവാതെ ഉണങ്ങിയ തൊണ്ടയുമായി അവര്‍ നാലുപാടും ഓടി നടന്നു. ഒരിറ്റ് ദാഹജലം കിട്ടാതെ പക്ഷികളും മൃഗങ്ങളും അനവധി ചത്തൊടുങ്ങി. ഇങ്ങനെ ഒന്നും രണ്ടും വര്‍ഷമല്ല, നാല്‍പ്പത് സംവത്സരങ്ങളാണ് പിന്നിട്ടത്. മഴയ്ക്കുവേണ്ടി നാടൊന്നാകെ കേഴുകയായിരുന്നു.

എല്ലാ ജീവജാലങ്ങളേയും അവരവരുടെ സ്ഥാനങ്ങളില്‍ നിറുത്തിയ ശേഷം ഒടുവില്‍ മാത്രമാണ് കഴുത കയറിയത്. ശപിക്കപ്പെട്ടവനായ ഇബ്‌ലീസ് കഴുതയുടെ വാലില്‍ കയറിക്കൂടിയിരുന്നു. അതുകൊണ്ടാണ് കഴുതയ്ക്ക് കയറാന്‍ പ്രയാസം നേരിട്ടത്. നൂഹ് നബി (അ), തന്റെ വീട്ടില്‍ വിശ്വാസികളായി പ്രവേശിച്ചവരെ മാത്രം നീ രക്ഷിക്കണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥിച്ചത്. അപ്പോള്‍ അക്കൂട്ടത്തില്‍ ഒരിക്കലും ഇബ്‌ലീസ് ഉള്‍പ്പെടാന്‍ സാധ്യതയില്ല. ആ പഹയനാണെങ്കില്‍ ജനങ്ങളെ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ വേണ്ടി ലോകാവസാനം വരെ ജീവിക്കേണ്ടതും ആവശ്യമാണ്. അല്ലാഹു(സു) അതിന്നും പോംവഴി കണ്ടു. അങ്ങനെയാണ് കഴുത വാലില്‍ കയറിയിരിക്കാന്‍ ഇബ്‌ലീസിന് തോന്നിയത്.

കഴുത കപ്പലില്‍ കയറുന്നില്ല, അത് മടിച്ചു നില്‍ക്കുകയോ അതോ സാധിക്കാത്തതുകൊണ്ട് നില്‍ക്കുകയോ ആണ്. അതു കണ്ടപ്പോള്‍ സംഗതി മനല്ലിലാക്കിയ നബി ഇപ്രകാരം പറഞ്ഞു.

“ഹേ കഴുതേ നീ കപ്പലിലേക്ക് കയറൂ, നിന്റെ വാലില്‍ ആ ശപിക്കപ്പെട്ടവന്‍ ഉണ്ടെന്നുള്ളത് ശരിതന്നെ, എന്നിരുന്നാലും കപ്പലില്‍ പ്രവേശിക്കൂ.”

നബിയുടെ കല്‍പ്പന കേട്ടപ്പോള്‍ നിഷ്പ്രയാസം ആ ജീവി അകത്തുകയറി കൂടെ ശപിക്കപ്പെട്ടവനും.

“വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഇരുപത്തിയഞ്ച് പ്രവാചകന്മാരില്‍ ഒരാളാണ് ഹസ്രത്ത് നൂഹ് നബി(അ). അസാമാന്യ മന:ശക്തിയുള്ളവരായി അള്ളാഹു(സു) പ്രഖ്യാപിച്ച അഞ്ച് പ്രവാചകന്മാരിലും ബഹുമാനപ്പെട്ട നൂഹ് നബി (അ) ഉള്‍പ്പെടുന്നു. തേയാതെ പെറ്റുവീണ മോത്തെ സങ്കടനോട്ടം കണ്ടിട്ടാവണം വല്ല്യുപ്പ ഹൈദ്രോസ് മുസ്ല്യാര്, എനിക്ക് നൂഹെന്ന് പേരിട്ടത്.

ലംകും ഫൈനൂസത്തും വിവാഹതരായി. നല്ല ചേര്‍ച്ചയുള്ള ദമ്പതികളായിരുന്നു അവരെന്ന കാര്യത്തില്‍ സംശയമില്ല. ഇദ്രീസ് നബി (അ)യുടെ പുത്രനാണ് ലംക്. ഫൈനുസത്ത് കാഫിലിന്റെ പുത്രിയും. അധികകാലം കാത്തിരിക്കേണ്ടി വന്നില്ല, ആ ദാമ്പത്യവല്ലരി പുഷ്പിച്ചു. സുന്ദരനായ ഒരാണ്‍കുട്ടിക്ക് ഫൈസുനത്ത് ജന്മമേകി. കുട്ടിക്ക് അവര്‍ അബ്ദുല്‍ ഗഫ്ഫാര്‍ എന്ന് നാമകരണം ചെയ്തു.

വ്യക്തമായ തെളിവുകളോട് കൂടി അള്ളാഹു (സു)യുടെ മാര്‍ഗ്ഗത്തിലേക്ക് അദ്ദേഹം തന്റെ ജനങ്ങളെ 950 വര്‍ഷക്കാലം ക്ഷണിച്ചു കൊണ്ടിരുന്നു. ഇന്നലെ സ്വപ്‌നത്തില്‍ വെല്ല്യൂപ്പയായിരുന്നെങ്കില്‍, മിനിഞ്ഞാന്നും ഇന്നും ഞാന്‍ കൊന്നുകളഞ്ഞവളാണ്, ഉള്ളീക്കുത്തായി നീറിക്കത്തുന്നത്. ഉള്ള് വേവുകയാണ്, കുറ്റബോധത്താലും കണ്ണീരിനാലും. സംവത്സരങ്ങള്‍ പ്രബോധനം നടത്തിയ പ്രവാചകന്, ഇബ്‌ലീസിന്റെ കപ്പല് കേറ്റം തടയാനായില്ല. പിന്നെയാണോ, വെറും നൂഹിന്!…

ഞാന്‍ അവളെ കൊന്ന കേസിന്റെ അവസാന വിധി നാളെ സുപ്രീം കോടതിയില്‍ തീരുമാനിക്കപ്പെടുകയാണ്. വധശിക്ഷയില്‍ കുറഞ്ഞൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ലെന്നറിയാം. എങ്കിലും, ചാവുന്നതിന് മുമ്പെങ്കിലും എനിക്കൊരു ന്യായീകരണം വേണം.

ജയിലിലായ ശേഷം, അദ്യം കണ്ട സ്വപ്‌നത്തില്‍ അവളൊരു കഥ പറഞ്ഞൂ ; “ഒരു യാത്രയ്ക്കിടയില്‍ തന്നെ തൊട്ടുരുമ്മിക്കൊണ്ട് വന്നുനിന്ന ഒരു നായയെനോക്കി വെറുപ്പോടുകൂടി അദ്ദേഹം പറഞ്ഞു ; “ഛീ, മാറിപ്പോ നായേ…, നികൃഷ്ടജീവിയായ നീയെന്തിനാണ് എന്റെ ചാരത്തുവന്ന് നില്‍ക്കുന്നത്. നൂഹ് നബി (അ) വാക്കുകള്‍ക്ക് മറുപടിയെന്നോണം അള്ളാഹു (സു), ആ ജന്തുവിന് സംസാര ശേഷി നല്‍കി മറുപടി നല്‍കിച്ചു. “അല്ലയോ നൂഹ് നബിയേ, എന്റെ ഇഷ്ടത്തിനാണ് ഞാന്‍ സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ ഇത്രമേല്‍ വൃത്തികെട്ടൊരു നായയായി പിറക്കില്ലായിരുന്നു. താങ്കള്‍ എന്നെയല്ല, എന്റേയും താങ്കളുടേയും സൃഷ്ടാവിനേയാണ്. ഇത് എന്നെ അവഹേളിച്ചതിനു ഫലമാണ്. നായയുടെ സ്ഥാനത്ത് നൂഹ് നബി(അ) പടച്ചോനെ ദര്‍ശിച്ചു.

നൂഹ് നബി (അ)ക്കുണ്ടായ ദു:ഖത്തിന് അതിരില്ല. അദ്ദേഹം, പശ്ചാത്താപവിവശനായി കണ്ണീരില്‍ കുളിച്ചു. ഈ സംഭവമോര്‍ത്ത് നബി കരഞ്ഞു കരഞ്ഞ് കണ്ണിലെ നീരുറവ വറ്റുമെന്ന അവസ്ഥയായിപ്പോയി. ഇങ്ങനെ കണക്കിലധികം കരഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന് നൂഹ് അഥവാ വളരെയധികം കരയുന്ന വ്യക്തി എന്ന നാമം സിദ്ധിച്ചത്.

പ്രവാചകനായ അബ്ദുല്‍ ഗഫ്ഫാര്‍ അങ്ങനെയാണ്, നിന്റെ പേരുകാരനായത്. അദ്ദേഹത്തിന് തടയാന്‍ കഴിഞ്ഞില്ല, പിന്നെയാണോ ശൈത്താന്റെ വരവിനെ ഈ നൂഹിന് തടയാന്‍ കഴിയുക. എന്നെയോര്‍ത്ത്, നീ കരയുക!…. ഞാന്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ പെണ്ണ്, സ്വപ്‌നത്തിലേക്ക് കയറി വന്നത് ഇങ്ങനെയാണ്.

ഇന്നലേയും ഫൈനൂസത്ത് ആ സ്വപ്‌നം കണ്ടു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, സമരീദ് കണ്ട സ്വപ്‌നത്തിന്റെ ആവര്‍ത്തനമായിരുന്നതിന്റെ സൂചനകളപ്പോഴും അവള്‍ക്ക് കിട്ടിയിരുന്നില്ല. അവള്‍ മുതിര്‍ന്ന പെണ്ണാകാന്‍ തുടങ്ങിയ കാലമായിരുന്നൂ അത്!..

കഥാവശിഷ്ടങ്ങളില്‍ നിന്നും കുഴിച്ചെടുത്ത വിചിത്രമായ എന്തോ, ഒന്ന്!..”പ്രജകളേ…, എന്റെ ആത്മസുഹൃത്തായ, ഈ ഇരിക്കുന്ന സമരീദ് ഒരു വിചിത്ര സ്വപ്‌നം കണ്ടിരിക്കുന്നു. തെളിഞ്ഞ ആകാശം പെട്ടെന്ന് മേഘാവൃതമാകുകയും ശക്തമായ പൊട്ടിത്തെറി നടന്ന് ആകാശവും നക്ഷത്രവും മറ്റു ഗോളങ്ങളും തകര്‍ന്നടിയുകയും, വെളുത്ത നിറമുള്ള പക്ഷികള്‍ മനുഷ്യരെ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലേക്ക് തള്ളിയിടുകയും, ജനങ്ങള്‍ പര്‍വ്വതത്തിനു മുകളിലേക്ക് കയറി രക്ഷപ്പെടാനുള്ള വിഫല ശ്രമം നടത്തുകയും ചെയ്യുന്നതായാണ് സ്വപ്നം. തങ്ങള്‍, എത്ര തന്നെ ചിന്തിച്ചിട്ടും ഈ സ്വപ്‌നത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തത് കൊണ്ടാണ് നിങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയത്. അതുകൊണ്ട് നിങ്ങള്‍ ഈ സ്വപ്‌നത്തിന്റെ പൊരുള്‍ വ്യാഖ്യാനിച്ചു പറഞ്ഞു തരണം.”
തന്റെ റോസ് പാഡുള്ള കതിരവന്‍ തന്ന ഗിഫ്റ്റ് ഡയറിയെടുത്ത് ഫൈനുസത്ത് താന്‍ കണ്ട സ്വപ്നത്തെ ഇങ്ങനെ എഴുതി വെച്ചു. പാതിയുറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് ഇത്രയും എഴുതി വെച്ച് അവള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. ഇതെന്തോ, പതിവില്ലാത്തതാണ്!… പത്ത് മണിയ്ക്ക് മുമ്പുള്ള ഈ കിടപ്പ്. ബലംപ്രയോഗിച്ചു കൊണ്ടുള്ള നൂഹിന്റെ ചുംബനവും താന്‍, അവനെ അടിച്ചതും ആളുകൂടിയതുമൊക്കെ ഈ ആര്‍ത്തവ ദിവസത്തില്‍ തന്നെയായത് കുറച്ചൊന്നുമല്ല തളര്‍ത്തി കൊണ്ടിരിക്കുന്നത്.

അന്നത്തെ അവന്റെ ബലാത്സംഗശ്രമത്തിന് ശേഷം, ഏഴെട്ട് മാസം കഴിഞ്ഞിട്ടും ഇങ്ങ് ബാംഗ്ലൂര്‍ എത്തിയിട്ടും ഇന്നും ദു:സ്വപ്‌നം ആവര്‍ത്തിക്കുകയാണ്. “നാളെ, ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടില്‍ പോകുന്നെന്നും പക്ഷേ, എത്ര ശ്രമിച്ചിട്ടും യാത്രയ്ക്ക് ഒരുങ്ങാന്‍ പറ്റുന്നില്ലെന്നും” അവള്‍ കതിരവനെ വിളിച്ചു പറഞ്ഞു. ക്ലാസ് മുടക്കി കൂടെ ചെല്ലാമെന്ന് കാമുകന്‍ വാക്ക് കൊടുത്തതോടെയാണ് ഫൈനൂസത്തിന് നാലഞ്ച് ദിവസമായുള്ള ഉറക്കം തിരിച്ചു കിട്ടിയത്.

രാവിന്റെ വാക്കുകള്‍ കേട്ട് അവിടെ കൂടിയിരിക്കുന്ന സ്വപ്‌ന വ്യാഖ്യാതാക്കള്‍ ഒന്നിച്ച് ചേര്‍ന്ന് ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. അവരുടെ നേതാവ് രാജാവിന്റെ സമക്ഷം ഇപ്രകാരം ഉണര്‍ത്തി. “അല്ലയോ തിരുമേനി, വലിയൊരു വിപത്തിന്റെ നാന്ദിയാണ് ഈ സ്വപ്നം. ഈ ലോകത്തിനാകമാനം ഒരു ദുരന്തം സംഭവിക്കുമെന്ന് ഈ കിനാവു സൂചിപ്പിക്കുന്നു. ആകാശത്ത് നിന്നുമാണ് അത് ഇറങ്ങുവാന്‍ കൂടുതല്‍ സാധ്യത. മിക്കവാറും അതൊരു പ്രളയത്തിന്റെ രൂപത്തിലായിരിക്കും സംഭവിക്കുക. ഈ രാജ്യമൊന്നാകെ അതിനാല്‍ നശിച്ചുപോകും.

സമരീദിന്റെ സ്വപ്‌നം ഒരു വെളിപാടിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത് നൂഹ് കപ്പല്‍ പണി ആരംഭിക്കുമ്പോഴാണ്. ഈ സമയം തന്നെ കപ്പലിലേക്ക് ഇബ്‌ലീസ് പ്രവേശിച്ചിരിക്കണം. ” നീയിപ്പോള്‍ സ്വപ്‌നത്തില്‍ പറഞ്ഞതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല!…” ഞാന്‍ നിന്നെ റൈപ്പ് ചെയ്ത് കൊല്ലുന്നതിന് മുമ്പ് നീ പറയാന്‍ ശ്രമിച്ച കാര്യം ഒരു സിനിമയിലെന്ന പോലെ തെളിയുന്നു;

കബീര്‍ ഉസ്താദ് നൂഹ് നബീന്റെ ചരിത്രം പഠിപ്പിച്ചോണ്ടിരിക്കുമ്പോഴാണ്, നീ ആദ്യായി “മിണ്ടീത്. “അന്റെ ഉമ്മാന്റെ പേരാ, ചെക്കാ എനിക്ക്. അങ്ങട്ട് നീങ്ങിയിരിക്ക്”ബെഞ്ചില്‍ നിന്നും തള്ളിമാറ്റി, മറിച്ചിട്ടിരുന്നിട്ട്, താഴെ കിടക്കുന്ന എന്നെ നോക്കി നീയൊന്നു ചിരിച്ചു. മുസീബത്തിന്റെ ചിരി!

അവിടുന്ന് പിന്നെ കുറേ കാലം നമ്മള് കൂട്ടായിരുന്നൂ. എല്ലോട്ത്തും തോറ്റ്, പറമ്പ് കച്ചോടോം വണ്ടിക്കച്ചോടോം ആയി നടക്കാന്‍ തുടങ്ങിയപ്പഴാണ്. നീ എന്തൊക്കെയോ, വല്ല്യ പഠിപ്പൊക്കെ പഠിക്കാന്‍ പോയി. ആരോടൊക്കെയോ പ്രേമത്തിലായീന്ന് കേക്ക്ണത്. ഇനിക്കത് സഹിച്ചില്ല, പഠിച്ച പെണ്ണിനെ അടക്കി നിറുത്തി വരുതിക്ക് കൊണ്ടുവരാന്‍ കൂട്ടുകാര് മൂച്ചി കേറ്റിയപ്പൊ വാശിപ്പൊറത്ത് നമ്മുടെ നാശം തുടങ്ങി.

അവള്‍ സ്വപ്‌നത്തില്‍ സ്ഥിരമായി വരാന്‍ തുടങ്ങിയതോടെയാണ് നൂഹ് ജയില്‍ ലൈബ്രറി ഉപയോഗിച്ചു തുടങ്ങിയത്. ബഷീറിന്റെ നീലവെളിച്ചവും മതിലുകളും അങ്ങനെ വായിച്ചു തീര്‍ത്തു. അപ്പോഴാണ്, അവള്‍ അഭിനയിച്ച നാട്ടുകാരനായ അബു വളയംകുളം സംവിധാനം ചെയ്ത മതിലുകള്‍ എന്ന നാടകം കണ്ടത് ഓര്‍മ്മ വന്നത്. അബു വളയംകുളം, ഇപ്പൊ കിസ്മത്തെന്നൊരു പടത്തിലൊക്കെ അഭിനയിച്ചെന്ന് ഇവിടുത്തൊരു നാട്ടുകാരന്‍ പറേണത് കേട്ടു.

അവള്‍ ആ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. നാരായണിയായിട്ട്!..അത് ബഷീറിന്റെ മതിലുകളായിരുന്നില്ല. നാരായാണിയുടേതായിരുന്നൂ, എന്നൊക്കെ നീയന്ന് കൂട്ടുകാരികളോട് പറഞ്ഞത്, പ്രളയസൂചനയായി ചെവിയുടെ അടുപ്പില്‍ നിന്നും ഉറവ പൊട്ടുന്നു.

നീ അക്കാലത്ത് പെരുമ്പിലാവ് അന്‍സാര്‍ കോളേജില് പഠിക്കേര്ന്നു. അവിടുത്തെ പഠിത്തം കഴിഞ്ഞിട്ട് ഡല്‍ഹിക്കോ കല്‍ക്കട്ടയ്‌ക്കോ അവള്‍ പോയ ശേഷമാണ്, എന്നില്‍ ഏകാന്തതയുടെ വേനല്‍ എരിഞ്ഞു തുടങ്ങിയത്. ഈ വരള്‍ച്ചയിലാണ് നൂഹ് നബി കപ്പലൊരുക്കിയിരിക്കുന്നത്, ജനം എങ്ങനെ പരിഹസിക്കാതിരിക്കും. പരിഹാസത്തിനിടയില്‍ പണിതു തയ്യാറാക്കിയ കപ്പലിന് എഴുപത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉണ്ടായിരുന്നു. കപ്പല്‍, മൂന്ന് തട്ടുകളായിട്ടായിരുന്നു തരംതിരിച്ചിട്ടുള്ളത്. മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക് മുകളിലെ തട്ടും, മൃഗങ്ങളും പക്ഷികളും മറ്റുജീവികളും ബാക്കിയുള്ള തട്ടുകളിലും താമസിച്ചു കൊള്ളട്ടെ എന്ന നിഗമനത്തോടെയാണ് അതിന്റെ നിര്‍മ്മാണം.

അല്ലാഹു(സു) എല്ലാ കാര്യങ്ങഴും മുന്‍കൂട്ടി അറിയിച്ചിരുന്നതുകൊണ്ട് ഒരു കാര്യത്തിനും കപ്പലില്‍ ബുദ്ധിമുട്ട് വരാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭക്ഷണവും വസ്ത്രവും മറ്റു ജീവിത ഉപകരണങ്ങളും ആറുമാസത്തേക്കുള്ളത് അവര്‍ കരുതിയിരുന്നു. എപ്പോഴും യാത്രയ്ക്ക് സജ്ജമായിക്കൊണ്ട് അത് കാത്തിരുന്നു. നൂഹ് നബിയുടെ മരണത്തെ അതിജീവിക്കുന്ന കപ്പല്‍!….

“എന്റെ പ്രിയപ്പെട്ട മകളേ, അവിശ്വാസികളെയെല്ലാം നശിപ്പിക്കാനായി അള്ളാഹു (സു) പ്രളയം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതിനുള്ള സൂചന നിന്റെ അടുപ്പില്‍ നിന്നും ഉറവ പൊട്ടിയൊലിക്കലാണ്. അതുകൊണ്ട് അപ്രകാരം ഉറവയെങ്ങാനും കാണപ്പെട്ടാല്‍ ഉടന്‍ തന്നെ എന്നെ വിവരമറിയിക്കാന്‍ മറക്കരുത്.”

നബിയുടെ വാക്ക് കേട്ട് അവര്‍ “ശരി” യെന്ന് സമ്മതിച്ചു. “എന്റെ കല്‍പ്പന വന്നെത്തുകയും മകന്റെ വീട്ടിലെ അടുപ്പില്‍ നിന്ന് വെള്ളം ഉറവപൊട്ടിയൊലിക്കുകയും ചെയ്താല്‍ ഓരോ വിഭാഗത്തില്‍ നിന്നും ഈ രണ്ടുപേരെ വീതം ഇണകളായി കപ്പലില്‍ കയറ്റണം” എന്നാണ് അള്ളാഹു (സു) കല്‍പ്പിച്ചത്. എനിക്കുള്ള വിധിയും തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ഇന്ന്, സുബഹിന്റെ നേരത്ത്, അസ്വലാത്തു ഖൈറും മിനനൗ എന്ന സുബഹിയുടെ സൂക്തം ഏറ്റുവാങ്ങിക്കൊണ്ട് മരിക്കാന്‍ ഞാന്‍ തയ്യാറാവുകയാണ്. ഒരു പെണ്ണിനെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്തവന്റെ ആഗ്രഹവും മനസ്സും എന്തുകൊണ്ട് ഇങ്ങനെ മാറ്റപ്പെട്ടു എന്നായിരിക്കും ചിന്ത? ഖേദിച്ച് പേടിച്ച് മടങ്ങുന്നവരുടെ പാപങ്ങള്‍ അള്ളാഹു പൊറുത്തുകൊടുക്കും. കാരുണ്യവാനും കരുണാനിധിയുമെത്രേ പടച്ചറബ്ബ്!.

നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, വെണ്ണയിട്ട കൊലക്കയര്‍ കഴുത്തിലിട്ടു. എന്നെ തൂക്കിലേറ്റുന്നത് റജബ് മാസം പന്ത്രണ്ടിനായിരിക്കും എന്നുറപ്പുണ്ട്. നിമിഷങ്ങളുടെ മിടിപ്പ് എണ്ണി ലിവര്‍ വലിക്കുമ്പോള്‍ ഞാന്‍ വീണ്ടും അവളെ സ്വപ്‌നം കണ്ടു. ഞാന്‍ മരിക്കുന്നതിനും അവള്‍ ജനിക്കുന്നതിനും മുമ്പുള്ളൊരു കാലമായിരുന്നൂ അത് ; “വളരെ ഏറെ മൃദുവായൊരു പകലിലാണ്, റാബിയ വീണ്ടും താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അയാളെ അറിയിച്ചത്. തേച്ച് വടിവാക്കിയ ഷര്‍ട്ട് ധരിച്ച് എങ്ങോട്ടോ പോകാനുള്ള തന്ത്രപ്പാടില്‍, കേട്ടില്ലെന്ന് കരുതി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മുറിയില്‍ നിന്നും ഇറങ്ങാന്‍ നേരം അയാള്‍ തന്നെയൊന്ന് നോക്കുകയെങ്കിലും ചെയ്യുമെന്ന് അവള്‍ വെറുതെ ആശിക്കുക കൂടി ചെയ്തു.

“ഇതുങ്കൂടി പെണ്ണാണെങ്കില്, നീ നിന്റെ വീട്ടില്‍ പൊയ്‌ക്കോണം പന്നീന്റെ മോളേ, വീടിന്റെ പടി കടക്കുമ്പോള്‍ അയാള്‍ ഇങ്ങനെ പിറുപിറുത്തത് റാബിയ കേട്ടില്ലെങ്കിലും ഫൈനൂസത്ത് അത് കേട്ട് ഞെട്ടി. പകല്‍, ഇരുളുന്നതായും ഉമ്മ കരയുന്നതായും ഫൈനൂസത്ത് അറിഞ്ഞൂ. ഇപ്പോള്‍, നൂഹും!..

നൂഹ് നബി (അ)ന്റെ രണ്ടാമത്തെ ഭാര്യയും അതിലുള്ള കന്‍ആന്‍ എന്ന പുത്രനും കപ്പലില്‍ കയറിയില്ല. സ്വന്തം മകനെ പോലും അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തതിലും പുത്രവിയോഗത്താലും ഒരു കുറ്റവാളിയ്ക്ക് മാത്രം സഹജമായ കുറ്റബോധത്തിന്റെ കണ്ണീരുകൊണ്ട് അബ്ദുല്‍ ഗഫ്ഫാര്‍ എന്ന നൂഹ് പ്രളയകാലത്തെ അതിജീവിക്കുകയായിരുന്നു.

മഴ പെയ്യുന്നില്ല. നൂഹ് നബി (അ) കാക്കയെ വിളിച്ച് വെള്ളപ്പൊക്കത്തിന്റെ ഗതിവിഗതികള്‍ അറിഞ്ഞുവരാന്‍ കല്‍പ്പിച്ചു. കാക്ക കപ്പലില്‍ നിന്നും പുറത്തുചാടി പറന്ന് പരിസരങ്ങളില്‍ ദൃഷ്ടി പായിച്ചു. വെള്ളം ഇറങ്ങിയിരിക്കുന്നു, പലയിടത്തും വൃക്ഷത്തലപ്പുകള്‍ കാണുന്നുണ്ട്. ചത്തളിഞ്ഞ ശവശരീരങ്ങള്‍ പൊന്തിക്കിടക്കുന്നു. കാക്കയ്ക്ക് പിന്നെ ഒന്നും ചിന്തിക്കാന്‍ മനസ്സുവന്നില്ല. അത് ശവത്തെ കൊത്തിവലിച്ചു കൊണ്ടിരുന്നു.

നബി കാത്തിരുന്ന് മുഷിഞ്ഞു. കാക്കയുടെ പ്രവൃത്തിയില്‍ കുപിതനായ നബി അതിനെതിരില്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ കാക്കകള്‍ മനുഷ്യന്റെ സഹവാസികള്‍ ആകാതിരിക്കുകയും ഒരിക്കലും ഇണങ്ങാത്ത കാണുന്നേടത്തു നിന്നെല്ലാം ആട്ടിയോടിക്കപ്പെടുന്ന നികൃഷ്ടജീവികളായി പരിണമിക്കുകയും ചെയ്തു.

പിന്നീട് വിവരമറിയാന്‍ നിയോഗിച്ചത് പ്രാവിനെയാണ്. പ്രാവ് പറന്നുപോയി. പരിസരങ്ങളിലെല്ലാം പഠനം നടത്തി. കപ്പലില്‍ നിന്നിറങ്ങാന്‍ മാത്രം സുരക്ഷിതമായ കര കാണുന്നില്ല. വൃക്ഷത്തലപ്പുകള്‍ മാത്രമേ കാണുന്നുള്ളൂ. ഈ വിവരം പ്രാവ് നൂഹ് നബി (അ)യെ അറിയിച്ചു. തെളിവിനായി ഒരു മരത്തിന്റെ ഇല അത് കൊത്തിക്കൊണ്ടു വരികയും ചെയ്തു.

കാക്കയുടെ നിയോഗത്തില്‍ നിന്നും ജീവന്‍ വെടിഞ്ഞ് പ്രാവായ നൂഹിന്റെ ആത്മാവ് ഖബറിലേക്ക് യാത്രയായി. ഖിയാമത്ത് നാളില്‍, വിചാരണയ്ക്കായുള്ള കാത്തുകിടപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ദിക്ക്‌റുകളുടെ അകമ്പടിയില്ലാത്ത കൊലയാളിയുടെ ഖബറിലേക്ക് അവസാനത്തെ പിടി മണ്ണ് വീഴുമ്പോള്‍ അയാളുടെ റൂഹ് ഇഹലോകത്തെ കുറിച്ചുള്ള അവസാനത്തെ കിനാവുകൂടി കണ്ടു. അതൊരു കൊലായാളിയുടേതായിരുന്നില്ല, കുറ്റവാളിയുടെ സ്ഫുടം ചെയ്ത കുറ്റബോധത്തിന്റെ കിനാവായിരുന്നൂ.

അവനാണ് പരമാധികാരി. അവന്റെ സൃഷ്ടികളില്‍ ആ അധികാര സ്വഭാവം കാണാം. ആദ്യം പുരുഷന്‍, അവളെ കീഴ്‌പ്പെടുത്തുകയും പിന്നീട് അവള്‍ അവനെ മാറ്റിയെഴുതി കീഴ്‌പ്പെടുത്തുന്നതോടെ നിങ്ങള്‍ പ്രണയത്തിലാകും, ഞാനുമായി. ഇനിയും കണ്ടിട്ടില്ലാത്ത പ്രളയകാലത്തെ തിരപോലെ നൂഹിന്റെ ഖബറിലേക്ക്, മണ്ണ് ആര്‍ത്തലച്ച് വീണു കൊണ്ടിരുന്നു. മൂടിക്കഴിഞ്ഞ ഖബറില്‍ നിന്നും അവസാനത്തെ ആളും എട്ട് അടി നടന്ന്, മറഞ്ഞു കാണണം!…വാഗ്ദത്ത ഭൂമിയ്ക്കും അപ്പുറത്തെവിടെയോ നിന്ന്, മലക്കുകളുടെ ചിറകടിയൊച്ച ഉയരുന്നു.

ഖബറില്‍, വിചാരണയുടെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. “എന്നെ സൃഷ്ടിച്ച നാഥാ! നിന്റെ സൃഷ്ടികളിലെ പുരുഷന്‍ ആദ്യമവളെ കീഴ്‌പ്പെടുത്തും. പിന്നീടവള്‍, അവനെ മാറ്റിയെഴുതി കീഴ്‌പ്പെടുത്തുന്നതോടെ നിങ്ങള്‍ പ്രണയത്തിലാകും, ഞാനുമായി”. അവളിലേക്കെത്താനായി നൂഹിന്റെ റൂഹ് കരഞ്ഞു കൊണ്ടിരുന്നു.

ഫൈനൂസത്തിന്റെ ഹൃദയമിടിപ്പ് പോലെ ഖബര്‍മിടിച്ചു തുടങ്ങി. മണ്‍ഭിത്തികളെ പൊടിച്ചുകളഞ്ഞ് ചോദ്യം ചെയ്യാനായി മുന്‍കറും നക്കീറും പറന്നിറങ്ങി. നൂഹിന്റെ റൂഹിന് നേരെ, ഒട്ടും മയമില്ലാത്തൊരു നോട്ടമെറിഞ്ഞു കൊണ്ട് വലിചാരണയ്ക്കവര്‍ തുടക്കം കുറിച്ചു.

“മന്‍ റബ്ബുക്ക, നിന്റെ പടച്ചവനാര്?”
മലക്കുകളുടെ ചോദ്യത്തിന് ഉത്തരം പറയാനായി നാക്ക് പുറത്തേക്കിടാന്‍ തുടങ്ങുമ്പോള്‍ നൂഹിന് വീണ്ടും ഫൈനൂസത്തിനെ ഓര്‍മ്മ വന്നു. ചുണ്ടുകള്‍ കൂട്ടിയൊട്ടിക്കപ്പെട്ടതായി ഖബറില്‍ കിടക്കുന്ന നൂഹിന്റെ മൃതദേഹം അറിഞ്ഞു തുടങ്ങി.

“പാപികള്‍ക്ക് പൊറുത്തു കൊടുക്കുന്നവനാണ്, റബ്ബ്!”
“എന്റെ എല്ലാ പാപങ്ങളും പൊറുത്ത് തരണേ” മണ്ണിനടിയില്‍ കിടന്നും നൂഹിന്റെ മൃതദേഹം, പ്രളയകാലപ്പെരുക്കത്തില്‍ തേങ്ങിക്കൊണ്ടിരുന്നു.


End Notes :

* ജിബ്രീല്‍ (അ)- പ്രവാചകന്മാരുമായുള്ള സംഭാഷണത്തിന് ദൈവം നിശ്ചയിച്ച മാലാഖ
* നൂഹ് (അ) – (അ) എന്നത് അലൈസലാം എന്നതിന്റെ ചുരുക്കം – ദൈവത്തിന്റെ രക്ഷ അദ്ദേഹിത്തിന്റെ മേലുണ്ടായിരിക്കട്ടെ * ബൈബിളില്‍ പരാമര്‍ശിക്കുന്ന നോഹയാണ് മുസ്‌ലീങ്ങളുടെ നൂഹ് നബി.
* ഇബ്‌ലീസ് – ചെകുത്താന്‍
* അസ്വലാത്തു ഖൈറും മിനനൗ – ഉറക്കത്തേക്കാള്‍ ശ്രേഷ്ടമാണ് നിസ്‌കാരം. പ്രഭാത നിസ്‌ക്കാരത്തിനായുള്ള ബാങ്കിലുള്ള അധിക വാക്യം
* അള്ളാഹു (സു) – സുബ്ഹാനൗത്താല എന്നതിന്റെ ചുരുക്കം – അര്‍ത്ഥം ; അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു; ഉന്നതിയേയും

* മുന്‍കര്‍ നക്കീര്‍ ഖബറില്‍ വിചാരണയ്ക്കായെത്തുന്ന മാലാഖമാര്‍
* റജബ് – ബഹുമാനിക്കുക എന്ന് അര്‍ത്ഥം വരുന്ന മാസം


പി. ജിംഷാര്‍: കഥാകാരന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധനേടി. പടച്ചോന്റെ ചിത്രപ്രദര്‍ശനം (കഥാസമാഹാരം), ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ (നോവല്‍), ദൈവത്തോട് (കവിത) എന്നിവയാണ് പ്രധാന കൃതികള്‍.


മജ്‌നി: ചരിത്രാധ്യാപികയും ചിത്രകാരിയും. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ഡൂള്‍ന്യൂസിനുവേണ്ടി ചിത്രങ്ങള്‍ വരയ്ക്കുന്നു. മലയാളത്തിലെ മറ്റു പ്രമുഖ ആനുകാലികങ്ങള്‍ക്കുവേണ്ടിയും.


We use cookies to give you the best possible experience. Learn more