തീവ്രവാദത്തിന് പിന്നില്‍ സലഫിസം: സി.പി.ഐ.എം അനുകൂല വേദിയിലെ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പി. ജയരാജന്‍
Daily News
തീവ്രവാദത്തിന് പിന്നില്‍ സലഫിസം: സി.പി.ഐ.എം അനുകൂല വേദിയിലെ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2016, 11:57 am

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സലഫി ഗ്രൂപ്പുകളുടെ സാന്നിധ്യവും അവയ്ക്കു പിന്നിലെ സൗദിയുടെ കരങ്ങളും ലോകം എത്രയോ ചര്‍ച്ച ചെയ്തതാണെന്ന് പി. ജയരാജന്‍ പറഞ്ഞു.


 

തലശ്ശേരി: തലശ്ശേരിയില്‍ സി.പി.ഐ.എം സാംസ്‌ക്കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച മാനവസംഗമത്തില്‍  മുജാഹിദ് നേതാവും പ്രമുഖ പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സലഫി ഗ്രൂപ്പുകളുടെ സാന്നിധ്യവും അവയ്ക്കു പിന്നിലെ സൗദിയുടെ കരങ്ങളും ലോകം എത്രയോ ചര്‍ച്ച ചെയ്തതാണെന്ന് പി. ജയരാജന്‍ പറഞ്ഞു. മത തീവ്രവാദമെന്ന് പറയാന്‍പാടില്ലെന്നും പകരം മതവിരുദ്ധ തീവ്രവാദം എന്നു പറയണമെന്നമുള്ള മുജാഹിദീന്‍ ബാലുശേരിയുടെ പ്രസ്താവനകള്‍ക്കെതിരെയും ജയരാജന്‍ രംഗത്തെത്തി.

ഇന്ത്യയില്‍നടക്കുന്ന സംഘപരിവാര്‍ ഭീകരതയെ ഹിന്ദുത്വ തീവ്രവാദം എന്ന പറയുന്നത് പോലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകം ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കുന്നതിലെന്താണ് തെറ്റെറ്റ് ജയരാജന്‍ ചോദിക്കുന്നു. സാംസ്‌കാരിക മതത്തെയും സഹിഷ്ണുതയുടെ ചിഹ്നങ്ങളെയും എതിര്‍ക്കുന്നത് ശരിയല്ലെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഐ.എസിന് പിന്നിലെ സാമ്രാജ്യത്വ കരങ്ങളെ വിമര്‍ശിക്കുമ്പോഴും സാമ്രാജ്യത്വവും സൗദി അറേബ്യയും തമ്മിലുള്ള അവിശുദ്ധ ചങ്ങാത്തത്തെക്കുറിച്ച് മുജാഹിദ് ബാലുശ്ശേരി മൗനം അവലംബിക്കുന്നത് ശരിയല്ലെന്ന് ജയരാജന്‍ പറഞ്ഞു.

സൗദിയെ വെള്ള പൂശാന്‍ വേണ്ടി നിരത്തുന്ന ന്യായങ്ങള്‍ പലതും ബാലിശമാണെന്നും എണ്‍പതുകളുടെ അവസാനത്തില്‍ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ അവിടേക്ക് ജിഹാദി ഗ്രൂപ്പുകളെ കയറ്റി അയച്ചത് സൗദിയാണെന്ന് ആര്‍ക്കാണറിയാത്തതെന്നും ജയരാജന്‍ ചോദിക്കുന്നു.


നിലവിളക്ക് ഇഷ്ടമുള്ളവര്‍ കൊളുത്തിയാല്‍ മതി. പക്ഷെ കൊളുത്തുന്നത് കടുത്ത മതവിരുദ്ധതയാണെന്നും കൊളുത്തിയാല്‍ പാപമാകുമെന്നും പറയുന്നതാണ് പ്രശ്‌നം. മതത്തെ ഏകമുഖമുള്ള വെള്ളം കടക്കാത്ത കംപാര്‍ട്ട്‌മെന്റാക്കുന്നതിനെ ചരിത്രപരമായിത്തന്നെ എതിര്‍ക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറയുന്നു.

സാക്കിര്‍ നായിക്ക് വിഷയത്തില്‍, അദ്ദേഹത്തെ സംഘപരിവാര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുവെങ്കിന്‍ ശക്തമായി അപലപിക്കുന്നു. പക്ഷെ അതിന്റെ മറവില്‍ നായിക് പ്രചരിപ്പിക്കുന്ന സങ്കുചിതമതത്തെയും അസഹിഷ്ണുതയെയും ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

മുജാഹിദ് വിഭാഗത്തിലെ സി.പി സലീമിന്റെ മറ്റൊരു വേദിയിലെ പ്രസംഗവും താന്‍ ശ്രവിച്ചിരുന്നെന്നും ജയരാജന്‍ പറയുന്നു.. മത തീവ്രവാദത്തെയും അസഹിഷ്ണുതയെയും കലവറയില്ലാതെ അദ്ദേഹം അപലപിച്ചിരുന്നു. തീവ്ര സലഫി ഗ്രൂപ്പുകളെ ശക്തമായി എതിര്‍ത്ത അദ്ദേഹത്തെപ്പോലുള്ളവരുടെ നിലപാടുകള്‍ ശ്ലാഘനീയമാണ്. ചുരുക്കത്തില്‍ മതഭീകരതയ്‌ക്കെതിരെ നാനാവിശ്വാസികളുടെ യോജിപ്പാണാവശ്യം. അതിന് പകരം വിയോജിപ്പ് മനഃപൂര്‍വ്വം സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്നും ജയരാജന്‍ പറയുന്നു.

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ വേദിയില്‍ വെച്ച് തന്നെ സ്വാമി ശിവ സ്വരുപാനന്ദയും വിമര്‍ശിച്ചു. മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങള്‍ താന്‍ നേരത്തെ യൂട്യൂബില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തെപ്പോലെയൊരാളെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുപ്പിക്കരുതായിരുന്നെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.

വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തരത്തിലുള്ള മുജാഹിദ് ബാലുശേരിയുടെ തീവ്രനിലപാടുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു.

അഡ്വ. ഒ.വി അബ്ദുള്ള സ്മാരക ട്രസ്റ്റ്, ടി.സി ഉമ്മര്‍ സ്മാരക ട്രസ്റ്റ് മുഹമ്മദ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു മതഭീകരതക്കെതിരെ മാനവസംഗമം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്. എ.എന്‍ ഷംസീര്‍, ഹുസൈന്‍ രണ്ടത്താണി, സഹീദ് റൂമി, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.