| Monday, 13th August 2012, 10:38 am

ഷുക്കൂര്‍ വധം: ജയരാജന്റേയും രാജേഷിന്റേയും ജാമ്യാപേക്ഷകള്‍ കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.[]

ജയരാജന്റെ ജാമ്യാപേക്ഷ നേരത്തേ കേസിന്റെ വിചാരണ നടക്കുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിയിച്ചിട്ടും മറച്ചുവെച്ചുവെന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. തളിപ്പറമ്പ് അരിയില്‍ സി.പി.ഐ.എം-ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

താലിബാന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നുള്‍പ്പെടെയുള്ള വാദങ്ങളായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇരുവര്‍ക്കുമുള്ള രാഷ്ട്രീയ സ്വാധീനവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

ജയരാജനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 157 അക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. രണ്ട് സി.ഐ.മാരുടെ ക്വാര്‍ട്ടേഴ്‌സും ആലക്കോട് സി.ഐ.യും ആക്രമിക്കപ്പെട്ടു. കേരളത്തിലാകമാനം നൂറുകണക്കിന് അക്രമങ്ങളാണുണ്ടായത്. ഇതും കൂടി പരിഗണിച്ച് മാത്രമേ ജയരാജന്റെ ജാമ്യ ഹരജി പരിഗണിക്കാവൂ എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ജയരാജന് കോടതി ജാമ്യം നിഷേധിച്ചത്.

203-ാമത്തെയും 204-ാമത്തെയും കേസുകളായിട്ടാണ് രണ്ട് ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചത്. കേസില്‍ ജയരാജന്‍ അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വാഹനത്തിന് നേര്‍ക്കും ഇവര്‍ ആക്രമണം നടത്തിയിരുന്നു. അക്കൂട്ടത്തില്‍ ഷുക്കൂറും ഉണ്ടായിരുന്നു. ഇതിനുശേഷമായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

തളിപ്പറമ്പ് അരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 1നാണ് ജയരാജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 118 വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ 38ാം പ്രതിയാണ് ജയരാജന്‍.

We use cookies to give you the best possible experience. Learn more