കണ്ണൂര്‍: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മാവോയിസ്റ്റ് കേസുകള്‍ക്കെല്ലാം യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.ഐ.എമ്മിന് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ചെറിയ കേസുകള്‍ക്ക് പോലും യു.എ.പി.എ ചുമത്തുന്നത് ശരിയായ പ്രവണതയല്ല. അത്തരം നടപടികള്‍ക്കുള്ള മറുപടിയാണ് സുപ്രീംകോടതി വിധി,’ അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു.
ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്‍.ഐ.എ കോടതിയാണ് അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയത്.
എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.
2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥികളായ താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്റ്റ് പ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കുകയായിരുന്നു. ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നേരത്തെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു.
താഹ ഫസലിന് മാത്രം ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.