| Friday, 9th March 2018, 11:30 am

കെ. സുധാകരന്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങിയിരിക്കുന്ന നേതാവെന്ന് ജയരാജന്‍; തന്റെ രാഷ്ട്രീയം താന്‍ തീരുമാനിക്കുമെന്ന് സുധാകരന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വീണ്ടും. ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങിയിരിക്കുന്ന നേതാവാണ് കെ. സുധാകരന്‍ എന്നാണ് ജയരാജന്‍ പറഞ്ഞത്. ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന വാര്‍ത്തയോടു പ്രതികരിക്കവെ മാതൃഭൂമി ന്യൂസ് ചാനലിലാണ് ജയരാജന്‍ സുധാകരനെതിരെ മുന്‍പ് ഉന്നയിച്ച ആരോപണം വീണ്ടും എടുത്തിട്ടത്.

എന്നാല്‍ പി. ജയരാജന് അതേ നാണയത്തില്‍ തന്നെ സുധാകരന്‍ മറുപടി നല്‍കി. താന്‍ ബി.ജെ.പിയില്‍ പോണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനാണ്. തന്റെ രാഷ്ട്രീയം താനാണ് തീരുമാനിക്കുക, ജയരാജന്‍ അല്ല എന്നും സുധാകരന്‍ പറഞ്ഞു.


Also Read: നരേന്ദ്രമോദിയെ ഞെട്ടിച്ച് മാക്രോണ്‍; റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മോദിസര്‍ക്കാരിന് പ്രതിപക്ഷത്തെ അറിയിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് (Video)


നേരത്തേ ശുഹൈബ് കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസില്‍ പൊലീസ് ഇനിയൊന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കേസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തിയാണ് കോടതി ഉന്നയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ കണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കാതിരുന്നതുതന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കോടതി നിര്‍ദ്ദേശിച്ചാല്‍ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സി.ബി.ഐ അറിയിച്ചത്. അന്വേഷണം ഏറ്റെടുക്കാന്‍ ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും സി.ബി.ഐ വാദിച്ചു. തുടര്‍ന്നാണ് അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടത്.

We use cookies to give you the best possible experience. Learn more