| Thursday, 28th January 2021, 4:18 pm

കൊലപാതകങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയില്‍ പി.ജയരാജന്‍ എത്തിയത് അന്വേഷിക്കണമെന്ന് എം.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്കും മുന്‍പ് സി.പി.ഐ.എം നേതാവ് പി ജയരാജന്‍ ജില്ലയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എം.എസ്.എഫ്.

അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താനൂരിലും പാണ്ടിക്കാട് സമീര്‍ കൊലപാതകത്തിന് മുന്‍പ് മഞ്ചേരിയിലും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസ് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു.

സംഭവത്തില്‍ ഒറവമ്പുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയിന്‍ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊലപാതങ്ങള്‍ക്ക് മുന്‍പുള്ള മലപ്പുറം ജില്ലയിലെ പി.ജയരാജന്റെ സന്ദര്‍ശനങ്ങള്‍ അന്വേഷിക്കണമെന്നാണ് എം.എസ്.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറവുംപുറം അങ്ങാടിയില്‍ വെച്ച് ലീഗ് പ്രവര്‍ത്തകനും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ അടിപിടിയുണ്ടായപ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ അങ്ങോട്ടു വരികയായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീറിനെ കുത്തുകയായിരുന്നു എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കുടുംബവഴക്കാണെന്നുമാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

സമീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ സി.പി.ഐ.എം നിരന്തരം അക്രമം നടത്തിവരികയായിരുന്നെന്നും എം ഉമ്മര്‍ എം.എല്‍.എ അടക്കം പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അന്ന് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:P Jayarajan visit before 2 murder in malappuram is suspicious MSF

We use cookies to give you the best possible experience. Learn more