| Monday, 19th June 2023, 9:11 pm

കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ ട്രൂ കേരള സ്റ്റോറി; സംഘപരിവാറിനും ഇസ്‌ലാമിക സംഘപരിവാറിനും പിടിക്കാനാവാത്ത ദൂരത്തിലാണ് ഈ നാട്: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംഘപരിവാറിനും ഇസ്‌ലാമിക സംഘപരിവാറിനും പിടിച്ചെടുക്കാന്‍ പറ്റാത്ത ദൂരത്തിലാണ് കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവുമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. കേരളത്തിലെ മതേതരമുഖം വെളിവാക്കുന്ന യഥാര്‍ത്ഥ കേരള സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ നെയ്യാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് മുസ്‌ലിം മതവിശ്വാസികളായ സ്ത്രീകള്‍ ഭക്ഷണം വിളമ്പി കൊടുക്കുന്ന സംഭവം ജനങ്ങള്‍ക്കായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മതങ്ങള്‍ വിഭജിക്കുന്ന വര്‍ത്തമാന കാലത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ മാനവികതയുടെ ബദല്‍ മാര്‍ഗം കാട്ടുന്നതാണ് ഈ കാഴ്ചയെന്നും ജയരാജന്‍ പ്രശംസിച്ചു.

ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഐ.അര്‍.പി.സിയും ചേര്‍ന്ന് നടത്തുന്ന അന്നദാന വിശ്രമകേന്ദ്രം മാനവികതയുടെയും മതമൈത്രിയുടെയും വലിയ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നതെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വാസികളായ തീര്‍ത്ഥാടകര്‍ സന്തോഷത്തോട് കൂടി വിശപ്പടക്കുമ്പോള്‍ മതവും വിശ്വാസവും മാനവികതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നുണ്ടെന്നും സി.പി.ഐ.എം നേതാവ് പറഞ്ഞു.

‘കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് അരിയും പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളുമെല്ലാം സംഭവനയായി എത്തുന്നുണ്ട്. ഒപ്പം ഇസ്‌ലാം മതവിശ്വാസികളും അന്നദാനത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയര്‍ സേവനങ്ങളും നല്‍കുന്നുണ്ട്.

ഇതിന് നേതൃത്വം നല്‍കുന്നത് ക്ഷേത്ര കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐ.ആര്‍.പി.സിയുമാണ്. ഈ ഏകോപനം കൂടിയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.

സംഘപരിവാറിനും ഇസ്‌ലാമിക സംഘപരിവാറിനും പിടിച്ചെടുക്കാന്‍ പറ്റാത്ത ദൂരത്തിലാണ് ഈ നാട്ടിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും’ പി. ജയരാജന്‍ ആശംസിച്ചു.

ഐ.ആര്‍.പി.സി അംഗങ്ങള്‍ക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് വളണ്ടിയര്‍മാരേയും ക്ഷേത്ര കോര്‍ഡിനേഷന്‍ കമ്മിറ്റിയെയും അഭിനന്ദിച്ച് മുന്നോട്ടുവരുന്നത്. 6200ലേറെ ലൈക്കുകളും എഴുനൂറോളം ഷെയറുകളും അഞ്ഞൂറിലേറെ കമന്റുകളും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

യഥാര്‍ത്ഥ കേരള സ്റ്റോറി

ഈ മുസ്ലീം മതവിശ്വാസികളായ സ്ത്രീകള്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കാണ്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരില്‍ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.

മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നല്‍കുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഐ.അര്‍.പി.സിയും ചേര്‍ന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പര്‍ദ്ദ ധരിച്ച ഈ സഹോദരിമാര്‍ ഉള്‍പ്പടെയുള്ള വളണ്ടിയര്‍മാര്‍ ആണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നടത്തുന്നത്.

വിശ്വാസികളായ തീര്‍ത്ഥാടകര്‍ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവികതയിലും സാഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.

മനുഷ്യനെ മതങ്ങളില്‍ വിഭജിക്കുന്ന വര്‍ത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ടീയ ഹിന്ദുത്വയിലേക്കും മുസ്‌ലിമിനെ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിലേക്കും വഴിമാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുന്നില്‍ മാനവികതയുടെ ബദല്‍ മാര്‍ഗം കാണുന്നതാണ് ഈ കാഴ്ച്ച.

സംഘപരിവാറിനും ഇസ്‌ലാമിക സംഘപരിവാറിനും പിടിച്ചടുക്കാന്‍ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.

ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് അരിയും, പച്ചക്കറിയും, മറ്റു ഭക്ഷ്യ വസ്തുക്കളുമെല്ലാം സംഭാവനയായി എത്തുന്നു. ഇസ്‌ലാം മതവിശ്വാസികളും അന്നദാനത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയര്‍ സേവനങ്ങളും നല്‍കുന്നു.

ഇതിന് നേതൃത്വം നല്‍കുന്നത് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐ.ആര്‍.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.

Content Highlights: P jayarajan shares real kerala story from kottiyur temple

Latest Stories

We use cookies to give you the best possible experience. Learn more