| Saturday, 1st July 2023, 6:37 pm

അരിയില്‍ ഷുക്കൂര്‍ കേസില്‍ സി.ബി.ഐയെ സ്വാധീനിച്ചു; ആര്‍.എസ്.എസുമായി കെ. സുധാകരനുള്ള ബന്ധം വെളിപ്പെട്ടു: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തന്നേയും ടി.വി രാജേഷിനെയും കുടുക്കാന്‍ സുധാകരന്‍ സി.ബി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പി. ജയരാജന്‍. കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഞങ്ങളെ ആ കേസിലുള്‍പ്പെടുത്തി യു.ഡി.എഫ് സര്‍ക്കാര്‍ വേട്ടയാടിയതെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലോടെ ആര്‍.എസ്.എസുമായി കെ. സുധാകരനുള്ള ബന്ധം വെളിപ്പെട്ടെന്നും ജയരാജന്‍ പറഞ്ഞു. ‘അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കെ. സുധാകരന്‍ രാഷ്ട്രീയമായി വേട്ടയാടി. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹിയിലെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് സി.ബി.ഐയെ കൊണ്ട് എഫ്.ഐ.ആര്‍ ഇടീപ്പിച്ചത്. പൊതുസമൂഹം ഇക്കാര്യം വിലയിരുത്തണം. ആര്‍.എസ്.എസുമായി കെ. സുധാകരനുള്ള ബന്ധം ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.

അരിയില്‍ ഷുക്കൂര്‍ കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന് പുറകില്‍ കെ. സുധാകരന്റെ വിയര്‍പ്പുണ്ടെന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ബി.ആര്‍.എം ഷെഫീര്‍ പ്രസംഗിച്ചത്. കെ. സുധാകരന്‍ പൊലീസിനെ വിരട്ടി എഫ്.ഐ.ആര്‍ ഇടീപ്പിച്ചെന്നും സി.ബി.ഐക്ക് വേണ്ടി ദല്‍ഹിയില്‍ പോയി നിയമപോരാട്ടം നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നു.

കെ. സുധാകരനെ ഫേസ്ബുക്കിലൂടെയും പി. ജയരാജന്‍ ശക്തമായി വിമര്‍ശിച്ചു. യു.ഡി.എഫിനെ പോലെ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തും അന്വേഷണ ഏജന്‍സിയെ സുധാകരന്‍ സ്വാധീനിച്ചെന്നാണ് വ്യക്തമാകുന്നത്. ആര്‍.എസ്.എസിന്റെ ശാഖാ സംരക്ഷത്തിന് തന്റെ കുട്ടികളെ അയച്ചെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച സുധാകരന്റെ ശക്തമായ ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

കെ. സുധാകരന്‍ അഴിമതി കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍, അരിയില്‍ കേസില്‍ ഇടപെട്ടത് ഞാനാണ് എന്ന് ലീഗുകാരെ ഓര്‍മിപ്പിച്ച് പ്രകോപിപ്പിച്ച് തന്റെ പിന്നില്‍ അണിനിരത്താനുള്ള സുധാകരന്റെ ബുദ്ധിയാണ് ഈ പ്രചാരണത്തിന്റെ പിന്നിലുള്ളത്.

കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന്റെ സന്തത സഹചാരിയെ വെള്ളപൂശാനാണെന്ന് സാധാരണ ലീഗണികള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം കെ. സുധാകരനെകുറിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് കണ്ണൂരില്‍ നടത്തിയ പുകഴ്ത്തല്‍ പ്രസംഗത്തില്‍ എന്നെയും ടി.വി. രാജേഷിനെയും അരിയില്‍ കേസില്‍ കുടുക്കിയത് സുധാകരന്‍ പൊലീസില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.

ആ കേസില്‍ എന്നെയും ടി.വി. രാജേഷിനെയും തെറ്റായി പ്രതിചേര്‍ത്തത് ക്രിമിനല്‍ നടപടി ചട്ടം 118 പ്രകാരമാണ്. കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റത്തെ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ വകുപ്പ് ചേര്‍ത്തത്.

കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഞങ്ങളെ ആ കേസിലുള്‍പ്പെടുത്തി വേട്ടയാടിയത്. പിന്നീട് ഹൈക്കോടതിയില്‍ വന്ന ഒരു പരാതിയെ തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐക്ക് കൈമാറി.
ഞങ്ങളെ ആദ്യം കള്ളക്കേസില്‍ പെടുത്തിയത് യു.ഡി.എഫ് ഗവണ്‍മെന്റാണ്. അത് യു.ഡി.എഫിന്റെ താത്പര്യപ്രകാരമാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നതാണ്.

പിന്നീട് സി.ബി.ഐ ഏറ്റെടുത്തതിന് ശേഷം 2018 സെപ്തംബര്‍ മാസത്തില്‍ ഞങ്ങളിരുവരുടെയും പേരില്‍ 120 ബി വകുപ്പനുസരിച്ച് ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി. ഇതിന് വേണ്ടി സുധാകരന്‍ ദല്‍ഹിയില്‍ പോയി സി.ബി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസംഗിച്ചത്.

യു.ഡി.എഫിനെ പോലെ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തും അന്വേഷണ ഏജന്‍സിയെ സുധാകരന്‍ സ്വാധീനിച്ചെന്നാണ് വ്യക്തമാകുന്നത്. ആര്‍.എസ്.എസിന്റെ ശാഖാ സംരക്ഷത്തിന് തന്റെ കുട്ടികളെ അയച്ചെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച സുധാകരന്റെ ശക്തമായ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമാണ് ഇതിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാകുന്നത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയോടൊപ്പം പങ്കാളിത്തം വഹിച്ച സുധാകരനെതിരെ കേസ് വന്നപ്പോള്‍, അരിയില്‍ കേസിലെ സുധാകരന്റെ ഇടപെടല്‍ വെളിപ്പെടുന്നത് ഒരുതരത്തില്‍ ബോധപൂര്‍വമാണ്. നാളിതുവരെ ഒരു കെ.പി.സി.സി പ്രസിഡന്റ് തട്ടിപ്പ് കേസില്‍ അകപ്പെട്ടിട്ടില്ല.

അത് മാത്രമല്ല ഈ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളില്‍ സുധാകര ഗ്രൂപ്പ് മാത്രമാണ് സജീവമായി പങ്കെടുക്കുന്നത്. അരിയില്‍ കേസില്‍ ഇടപെട്ടത് ഞാനാണ് എന്ന് ലീഗുകാരെ ഓര്‍മിപ്പിച്ച് പ്രകോപിപ്പിച്ച് തന്റെ പിന്നില്‍ അണിനിരത്താനുള്ള കെ. സുധാകരന്റെ തൃകാല ബുദ്ധിയാണ് ഈ പ്രചാരണത്തിന്റെ പിന്നിലുള്ളത്.

പക്ഷെ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന്റെ സന്തത സഹചാരിയെ വെള്ളപൂശാനാണെന്ന് സാധാരണ ലീഗണികള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

Content Highlights: p jayarajan says k sudhakaran has close relationship with rss and bjp

We use cookies to give you the best possible experience. Learn more