'എനിക്ക് നീതി ലഭിച്ചില്ല'; വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ച വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പി. ജയരാജൻ
Kerala News
'എനിക്ക് നീതി ലഭിച്ചില്ല'; വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ച വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പി. ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 6:30 pm

കൊച്ചി: ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ഒരാളെ മാത്രം കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിക്ക് പിന്നാലെ തനിക്ക് നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നും സി.പി.ഐ.എം നേതാവ് പി. ജയരാജൻ.

വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിധിയുടെ അടിസ്ഥാനത്തിൽ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന യാതൊരു കാര്യവും ഉണ്ടാകരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അഞ്ച് പേരെ വെറുതെ വിടുകയും മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതിയുടെ നടപടിയെ ശരിവെക്കുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

എന്നാൽ പ്രശാന്തിന്റെ 10 വർഷത്തെ കഠിന തടവ് ഇളവ് ചെയ്ത് ഒരു വർഷത്തെ വെറും തടവായി കുറക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി 11ന് പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്.

1999 ആഗസ്റ്റ് 25ന് തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ജയരാജനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ആർ.എസ്.എസ് ജില്ലാ കാര്യവാഹക് അജി ഉൾപ്പെടെ ആറ് പേരെ വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

Content Highlight: P Jayarajan says he didn’t get justice