| Monday, 20th February 2023, 7:49 pm

അല്ലപ്പ, ഈ പാര്‍ട്ടിക്കെതിരെ ചില പ്രചരണം നടക്കുമ്പോള്‍ തില്ലങ്കേരിയിലേക്കല്ലാതെ എങ്ങോട്ടാണ് ഞാന്‍ പോകേണ്ടത്; മാധ്യമങ്ങളോട് ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം ഒരിക്കലും ക്വട്ടേഷന്‍ സംഘങ്ങളുടെ ഒപ്പം പോയിട്ടില്ലെന്ന് പി. ജയരാജന്‍. ആകാശ് തില്ലങ്കേരിയും കൂട്ടരും പാര്‍ട്ടിയുടെ മുഖമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധം പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ തില്ലങ്കേരിയില്‍ സി.പി.ഐ.എം വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം സി.പി.ഐ.എമ്മിന് ആവശ്യമില്ലെന്നും ആകാശ് തില്ലങ്കേരിയും കൂട്ടരും പാര്‍ട്ടിയുടെ മുഖമല്ലെന്നും ജയരാജന്‍ പറഞ്ഞു.

തില്ലങ്കേരിയില്‍ താന്‍ പ്രസംഗിക്കാന്‍ പോയത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയെന്നും അതിന്റെ പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘സി.പി.ഐ.എമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്ന് അവര്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത കൊടുക്കുന്നത് കണ്ടു. തല്ലങ്കേരിയിലേക്കല്ലാതെ ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്.

അല്ലപ്പ, ഈ പാര്‍ട്ടിക്കെതിരെ ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ തില്ലങ്കേരിയിലേക്കല്ലാതെ, ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്. 520 മെമ്പര്‍മാരുള്ള സംവിധാനമാണ് തില്ലങ്കേരിയിലെ പാര്‍ട്ടി. അല്ലാതെ ആകാശും കൂട്ടരുമാണോ തില്ലങ്കേരിയിലെ മുഖം. ഞാന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയപ്പോഴാണ് ആകാശിനെ പുറത്താക്കിയത്,’ പി. ജയരാജര്‍ പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ എല്ലായ്‌പ്പോഴും പ്രതിസ്ഥാനത്തുള്ളത് ആര്‍.എസ്.എസാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂട്ടിക്കാണിച്ച് സി.പി.ഐ.എമ്മിനെ ലക്ഷ്യമിടാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിക്കെതിരെയാണ് സി.പി.ഐ.എം തില്ലങ്കേരിയില്‍ പൊതുയോഗം നടത്തുന്നത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ജില്ലയിലേക്ക് കടക്കും മുമ്പ് ആകാശ് തില്ലങ്കേരി വിഷയം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വിശദീകരണ യോഗം എന്നാണ് റിപ്പോര്‍ട്ട്.

Content Highlight: P.Jayarajan said that CPIM never went with quota groups

We use cookies to give you the best possible experience. Learn more