കണ്ണൂര്‍: സി.പി.ഐ.എം ഒരിക്കലും ക്വട്ടേഷന്‍ സംഘങ്ങളുടെ ഒപ്പം പോയിട്ടില്ലെന്ന് പി. ജയരാജന്‍. ആകാശ് തില്ലങ്കേരിയും കൂട്ടരും പാര്‍ട്ടിയുടെ മുഖമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധം പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ തില്ലങ്കേരിയില്‍ സി.പി.ഐ.എം വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം സി.പി.ഐ.എമ്മിന് ആവശ്യമില്ലെന്നും ആകാശ് തില്ലങ്കേരിയും കൂട്ടരും പാര്‍ട്ടിയുടെ മുഖമല്ലെന്നും ജയരാജന്‍ പറഞ്ഞു.
തില്ലങ്കേരിയില്‍ താന്‍ പ്രസംഗിക്കാന്‍ പോയത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയെന്നും അതിന്റെ പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
‘സി.പി.ഐ.എമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്ന് അവര്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത കൊടുക്കുന്നത് കണ്ടു. തല്ലങ്കേരിയിലേക്കല്ലാതെ ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്.
അല്ലപ്പ, ഈ പാര്‍ട്ടിക്കെതിരെ ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ തില്ലങ്കേരിയിലേക്കല്ലാതെ, ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്. 520 മെമ്പര്‍മാരുള്ള സംവിധാനമാണ് തില്ലങ്കേരിയിലെ പാര്‍ട്ടി. അല്ലാതെ ആകാശും കൂട്ടരുമാണോ തില്ലങ്കേരിയിലെ മുഖം. ഞാന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയപ്പോഴാണ് ആകാശിനെ പുറത്താക്കിയത്,’ പി. ജയരാജര്‍ പറഞ്ഞു.