കോഴിക്കോട്: പി.ഡി.പി നേതാവ് മഅദനിയെ അപമാനിച്ചിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. മഅദനിയെ അപമാനിച്ചുവെന്ന് പറയുന്നവര്‍ കണ്ണുകാണാത്തയാള്‍ ആനയെ കുറിച്ച് പറയുന്നതുപോലെയാണെന്നും പി. ജയരാജന്‍ പറഞ്ഞു.
തന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പി. ജയരാജന്റെ പ്രതികരണം.
മഅദനി മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും എന്നാല്‍ പിന്നീട് നിലപാടില്‍ മാറ്റം വന്നെന്നും പി. ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. 2008ല്‍ എഴുതിയ പുസ്തകത്തില്‍ മഅദനിയുടെ പ്രസംഗത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പിന്നീട് നിലപാടുകളില്‍ മാറ്റങ്ങള്‍ വന്നതോടെ കൂടുതല്‍ പ്രവര്‍ത്തന സാധ്യതകളുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചുവെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് പുസ്തകം നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്.
രചയിതാവിനും പുസ്തകം പ്രകാശനം ചെയ്യുന്ന വ്യക്തിക്കും ഒരേ നിലപാടുകള്‍ ആകണമെന്നില്ല. വ്യത്യസ്ത നിലപാടുകള്‍ക്ക് നമ്മുടെ ഇടയില്‍ സ്ഥാനമുണ്ട്. എല്ലാ അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞു. സംഘപരിവാറും ജമാഅത്തെ ഇസ്‌ലാമിയും ഒരേ തൂവല്‍ പക്ഷികളാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എല്‍.എ കെ.ടി. ജലീല്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി അവസാനിച്ചതിന് പിന്നാലെ മഅദനിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പി. ജയരാജയന്റെ പുസ്തകം കത്തിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ വേദിക്ക് മുമ്പാകെ പ്രതിഷേധിച്ചു.
Content Highlight: P. Jayarajan said he did not insult Madani