|

പി. ജയരാജനെതിരായ ബി.ജെ.പിയുടെ ഭീഷണി മുദ്രാവാക്യം; സുരക്ഷ വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പൊലീസ് മേധാവി അറിയിച്ചു. ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലാകുമെന്ന പ്രസ്താവനക്ക് പിന്നാലെ ജയരാജനെതിരെ ബി.ജെ.പി ഭീഷണി മുദ്രാവാക്യം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

ബി.ജെ.പി കണ്ണൂരില്‍ നടത്തിയ പ്രഷേധ പ്രകടനത്തിടെയായിരുന്നു ബി.ജെ.പിയുടെ ഭീഷണി മുദ്രാവാക്യം. കയ്യും തലയും വെട്ടി കാളീ പൂജ നടത്തുമെന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയര്‍ത്തിയത്.

ഈ മാസം 21ന് കുന്നത്തുനാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഷംസീറിന്റെ എം.എല്‍.എ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ലെന്ന് മാര്‍ച്ചില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞിരുന്നു. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നും ഗണേഷ് പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു പി.ജയരാജന്റെ പ്രസ്താവന. ‘ആരാണ് ഈ നാട്ടില്‍ ശാസ്ത്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. ഷംസീര്‍ ജനിച്ച മതത്തെ സൂചിപ്പിച്ചുകൊണ്ട് ചില പ്രയോഗങ്ങളൊക്കെ നടത്തുന്നുണ്ട്. അതൊക്കെ ഈ നാട്ടില്‍ നടപ്പില്ലെന്ന് ബി.ജെ.പിക്കാര്‍ മനസിലാക്കണം.

പിന്നെ ഒരു നേതാവ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെ ഷംസീറിന് അനുഭവം ഉണ്ടാകാതിരിക്കില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി. ഷംസീറിന്റെ നേരെ കയ്യോങ്ങിക്കഴിഞ്ഞാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് നിങ്ങള്‍ മനസിലാക്കണം,’ എന്നായിരുന്നു പി. ജയരാജന്‍ പറഞ്ഞത്.

Content Highlight: P Jayarajan’s security has been increased