| Saturday, 23rd September 2023, 7:14 pm

എലിസബത്തിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ ഹൃദയത്തുടിപ്പുള്ള കോണ്‍ഗ്രസ് മനസ്: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ബി.ജെ.പിയുടെ ഹൃദയത്തുടിപ്പുള്ള കോണ്‍ഗ്രസ് മനസ് ഒന്നുകൂടി വെളിപ്പെടുന്നതാണ് എലിസബത്തിന്റെ വെളിപ്പെടുത്തലിലൂടെ മനസിലാകുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു.

‘മക്കള്‍ രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടതെന്നാണ് ന്യായം പറഞ്ഞതത്രേ. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സച്ചിന്‍ പൈലറ്റിനേയും കേരളത്തില്‍ ചാണ്ടി ഉമ്മനേയും ആനയിക്കുന്നവരാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയത്!

അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെയാണ് രാഷ്ട്രീയരംഗത്ത് ഉന്നത പദവികള്‍ നേടാനുള്ള അനില്‍ ആന്റണിയുടെ യാത്രയെന്ന് ഇതോടെ വ്യക്തമായി.
നിലവില്‍ ലോക്സഭയില്‍ ബി.ജെ.പി. ബാനറിലിരിക്കുന്ന മുന്‍ കോണ്‍ഗ്രസ് എം.പി.മാരുടെ എണ്ണം 128. ഈയടുത്ത കാലത്ത് ബി.ജെ.പിയിലേക്ക് ചാടിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണവും ഏതാണ്ട് ഇത്ര തന്നെ വരും,’ ജയരാജന്‍ പറഞ്ഞു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബി.ജെ.പി എം.പി രമേശ് ബിധുരിയുടെ വിദ്വേഷ പ്രസംഗം തടയാന്‍ അധികാരമുണ്ടായിരുന്ന പാനല്‍ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷ് നടപടി സ്വീകരിക്കാഞ്ഞത് കേരളത്തിന് അപമാനമാണെന്നും ജയരാജന്‍ പറഞ്ഞു.

പി. ജയരാജന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസിന്റെ അടുക്കളയില്‍ ഹിന്ദുത്വത്തിന്റെ സാമ്പാറാണ് തിളയ്ക്കുന്നത് എന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല. കോണ്‍ഗ്രസിന്റെ ഉടുപ്പൂരിയാല്‍ ഹിന്ദുത്വത്തിന് വേണ്ടി മിടിക്കുന്ന ആ ഹൃദയം കാണാം. ബി.ജെ.പിയുടെ ഹൃദയത്തുടിപ്പുള്ള ആ കോണ്‍ഗ്രസ് മനസ് ഒന്നു കൂടി വെളിപ്പെട്ടിരിക്കുന്നു. ബി.ജെ.പി.യോടുള്ള അറപ്പും വെറുപ്പും ദേഷ്യവുമെല്ലാം മൂത്ത മകന്‍ അനില്‍ ആന്റണിയുടെ കൂറുമാറ്റത്തെ തുടര്‍ന്ന് ഇല്ലാതായതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ആന്റണിയുടെ ഭാര്യ എലിസബത്ത്!

അനില്‍ ആന്റണിയുടെ ബി.ജെ.പി.യിലേക്കുള്ള ചുവടുമാറ്റം കുടുംബത്തിന്റെ സമ്മതം കൂടാതെയാണെന്നാണ് ഇതേവരെ കരുതിയിരുന്നത്. എലിസബത്തിന്റെ അഭിപ്രായ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത് നീട്ടിവെച്ച സ്ഥാനമാനങ്ങളില്‍ മയങ്ങി ബി.ജെ.പിയില്‍ ചേരുവാനുള്ള തീരുമാനം എലിസബത്തിനെ അറിയിച്ചപ്പോള്‍ പെട്ടെന്ന് അനുമതി കൊടുത്തില്ലെന്നും താനാരാധിക്കുന്ന ‘അമ്മ’യില്‍ നിന്ന് സമ്മതം നേടിയാണ് അനില്‍ ചുവടുമാറ്റം നടത്തിയത് എന്നുമാണ്.

ഇക്കാര്യത്തില്‍ ആന്റണിയും സമ്മതം അറിയിച്ചിരിക്കണം എന്ന് തന്നെയാണ് നാം കരുതേണ്ടത്. മക്കള്‍ രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടതെന്നാണ് ന്യായം പറഞ്ഞതത്രേ. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സച്ചിന്‍ പൈലറ്റിനേയും കേരളത്തില്‍ ചാണ്ടി ഉമ്മനേയും ആനയിക്കുന്നവരാണ് മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയത് !

അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെയാണ് രാഷ്ട്രീയരംഗത്ത് ഉന്നത പദവികള്‍ നേടാനുള്ള അനില്‍ ആന്റണിയുടെ യാത്രയെന്ന് ഇതോടെ വ്യക്തമായി.
നിലവില്‍ ലോക്സഭയില്‍ ബി.ജെ.പി. ബാനറിലിരിക്കുന്ന മുന്‍ കോണ്‍ഗ്രസ് എം.പി.മാരുടെ എണ്ണം 128. ഈയടുത്ത കാലത്ത് ബി.ജെ.പിയിലേക്ക് ചാടിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണവും ഏതാണ്ട് ഇത്ര തന്നെ വരും.

സ്ഥാനം കിട്ടുമെങ്കില്‍ അനില്‍ ആന്റണിയെ പിന്തുടരാന്‍ കേരളത്തിലും എത്രയോ കോണ്‍ഗ്രസുകാര്‍ ഉണ്ട്. ഇക്കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഡാനിഷ് അലി എം.പിയെ ‘സുന്നത്ത് നടത്തിയവന്‍’ എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ ബി.ജെ.പി എം.പി മുതിര്‍ന്നപ്പോള്‍ ‘ഇരിക്കവിടെ’ എന്ന് ആജ്ഞാപിക്കാന്‍ അധികാരമുള്ള പാനല്‍ ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്, എതിര്‍പ്പറിയിച്ച ഡാനിഷ് അലിയെ തന്റെ വാക്കുകള്‍ കൊണ്ട് ‘ഇരുത്തിയ’തും കേരളീയര്‍ക്കാകെ മാനക്കേടുണ്ടാക്കി.

ഇത് അപരമത വിദ്വേഷ പ്രചരണത്തോട് കോണ്‍ഗ്രസിന്റെ മൃദു മനോഭാവം കൂടിയാണ് കാണിക്കുന്നത്. കളി കഴിഞ്ഞ്, വിളക്ക് കെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി ഡാനിഷ് അലിയെ കെട്ടിപ്പിടിച്ചാല്‍ തീരുന്നതല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള ജനരോഷം.
ലോക്‌സഭാ ഇലക്ഷന്റെ കേളികൊട്ടുയരുകയാണ്.

മതനിരപേക്ഷ ജനാധിപത്യവിശ്വാസികളാകെ സ്ഥാനമാനങ്ങളുടെ ഈ അടുക്കള പൂതിക്കാരെ തിരിച്ചറിഞ്ഞ്, മതേതര ഇന്ത്യയുടെ മനസാക്ഷിയാവുക. മൗനം കൊണ്ടുപോലും ഞങ്ങള്‍ ഇടതുപക്ഷം വര്‍ഗീയതയെ തുണക്കില്ല. ഒരു കൈകൊണ്ട് ബി.ജെ.പിക്ക് ഹസ്തദാനം ചെയ്യുകയും മറുകൈ കൊണ്ട് ആലിംഗനം ചെയ്യുകയും ചെയ്യുന്ന ഇരട്ടവാലന്‍ കോണ്‍ഗ്രസിനെ മലയാളികള്‍ കൈയൊഴിഞ്ഞാല്‍ അത്രയും വിദ്വേഷവും വര്‍ഗീയതയും കേരളത്തിലും കുറയും. സഖാക്കള്‍ എളമരം കരീമിന്റെ യും സഖാവ് ജോണ്‍ ബ്രിട്ടാസിന്റെയും മറ്റ് ഇടതുപക്ഷ എം.പിമ്മാരുടെയും ഉറച്ച ശബ്ദം നാം കേള്‍ക്കുന്നുണ്ടല്ലൊ. അതെ, അതാണ് ഞങ്ങള്‍ ഇടതുപക്ഷം.

Content Highlight: P. Jayarajan’s respond on Elizabeth Antony’s Disclosure

We use cookies to give you the best possible experience. Learn more