നമ്മളിരിക്കുന്ന കസേര ഒന്ന് മാറ്റിക്കൊടുത്താൽ മതി, അവരും പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകും; ലോക ഭിന്നശേഷി ദിനത്തിൽ പി. ജയരാജൻ
Kerala News
നമ്മളിരിക്കുന്ന കസേര ഒന്ന് മാറ്റിക്കൊടുത്താൽ മതി, അവരും പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകും; ലോക ഭിന്നശേഷി ദിനത്തിൽ പി. ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 12:09 pm

ഇടുക്കി: നമ്മൾ വിചാരിച്ചാൽ വീൽചെയറിൽ ജീവിതം നയിക്കുന്നവർക്ക് കല്യാണം ഉൾപ്പെടെയുള്ള പരിപാടികളിൽ സ്വയം പങ്കെടുത്ത് തിരിച്ചുപോകാൻ സാധിക്കുമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ.

ചെറുതും വലുതുമായ ധാരാളം പരിപാടികളിൽ താൻ പങ്കെടുത്തപ്പോഴൊന്നും വീൽചെയറിലുള്ള മനുഷ്യരെ അവിടെ കണ്ടിട്ടില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജൻ പറഞ്ഞു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാർ വന്നുകൊണ്ടിരിക്കുകയാണെന്നും നമ്മൾ ഇരിക്കുന്ന കസേര ഒന്ന് മാറ്റിക്കൊടുത്താൽ വീൽചെയറുകളിലിരുന്ന് പരിപാടികളിൽ പങ്കെടുത്ത് തിരിച്ചുപോകാൻ അവർക്ക് സാധിക്കുമെന്നും ഭിന്നശേഷി ദിനത്തിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസം നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇരു കൈകളുമില്ലാത്ത തൊടുപുഴ സ്വദേശിനി ജിലുമോൾക്ക് ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് കൈമാറിയ കാര്യവും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ആദ്യമായി കേരളത്തിലാണ് ഒരു ഭിന്നശേഷിക്കാരിക്ക് ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത് എന്നും നമ്മൾ അവരെ ചേർത്തുനിർത്തേണ്ട സംഗതികൾ ഇനിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: P Jayarajan’s facebook post on International day of disabled persons