| Thursday, 7th June 2012, 12:31 pm

റവല്യൂഷണറിയുമായി ചര്‍ച്ച നടത്തിയ സ്ഥലവും സന്ദര്‍ഭവും വെളിപ്പെടുത്തി പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ടി.പി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ചര്‍ച്ച നടത്തിയ സ്ഥലവും സന്ദര്‍ഭവും വ്യക്തമാക്കിയാണ് ജയരാജന്‍ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

ചന്ദ്രശേഖരനും വേണുവും ഉള്‍പ്പെടെയുള്ള ആര്‍.എം.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് ഞാന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ആര്‍.എം.പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ്. ഇന്നിപ്പോള്‍ മാധ്യമങ്ങളില്‍ കണ്ടു അത് ചര്‍ച്ചയല്ല സൗഹൃദ സംഭാഷണമായിരുന്നെന്നാണ്. എന്നാല്‍ സൗഹൃദ സംഭാഷണം നടത്താന്‍ ഞാനും വേണുവും ബന്ധുക്കളല്ല. ഈ സാഹചര്യത്തിലാണ് ആരുടെ വീട്ടില്‍വച്ച് എപ്പോള്‍ എന്നൊക്കെ വ്യക്തമാക്കേണ്ടി വന്നത്. ” ജയരാജന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ യു. കുഞ്ഞിരാമന്റെ മകന്‍ ബാബുവിന്റെ വടകരയിലുള്ള വീട്ടില്‍വെച്ചാണ് ആദ്യ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ റവല്യൂഷണറി നേതാവായ എന്‍. വേണു പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ചര്‍ച്ച. ചന്ദ്രശേഖരനുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് വേണു പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.

“സി.പി.ഐ.എം ചൊക്ലി ലോക്കല്‍ കമ്മിറ്റിയംഗം ടി.പി.കെ ശശിയുടെ മധ്യസ്ഥതയിലായിരുന്നു രണ്ടാമത്തെ ചര്‍ച്ച. ഒഞ്ചിയത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശശി പലവട്ടം ചന്ദ്രശേഖരനെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ചിരുന്നു. ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് ചന്ദ്രശേഖരന്‍ അറിയിക്കുകയും ചെയ്തു. 2011 ജനുവരി 7ന് തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ ഉണ്ടാവുമെന്നും അവിടെവെച്ച് ചര്‍ച്ച നടത്താമെന്നും ശശി പറഞ്ഞു. ഇതനുസരിച്ച് ശശിയും ഞാനും തിരുവനന്തപുരത്തെത്തി. എന്നാല്‍ എന്തോ കാരണം കൊണ്ട് ചന്ദ്രശേഖരന് ചര്‍ച്ചയ്‌ക്കെത്താന്‍ കഴിഞ്ഞില്ല. അവിടെ നിന്നും ശശിയുടെ മൊബൈല്‍ നമ്പറായ 9846129974ല്‍ നിന്നും ചന്ദ്രശേഖരനെ വിളിച്ച് ഞാന്‍ അദ്ദേഹത്തോട് വിശദമായി സംസാരിച്ചു.” ജയരാജന്‍ വ്യക്തമാക്കി.

അന്തരിച്ച സി.പി.ഐ.എം നേതാവ് ഐ.വി ദാസന്റെ മകന്‍ ഐ.വി ബാബുവാണ് മൂന്നാമത്തെ ചര്‍ച്ചയില്‍ മധ്യസ്ഥനായത്. ഐ.വി ബാബു തന്റെ വീട്ടില്‍ വരികയും തര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പ്രാദേശികമായ തര്‍ക്കങ്ങളായിരുന്നു ഒഞ്ചിയത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അല്ലാതെ പ്രത്യയശാസ്ത്രപരമായ യാതൊരു ഭിന്നതയും ഉണ്ടായിരുന്നില്ലെന്നാണ് ചര്‍ച്ചയില്‍ നിന്നും മനസിലായത്. മൂന്ന് ചര്‍ച്ചയിലും ആര്‍.എം.പി നേതാക്കളില്‍ നിന്നും അനുകൂലമായ സമീപനമാണുണ്ടായത്. എന്നാല്‍ ഏതോ അദൃശ്യ ശക്തി പ്രശ്‌നം പരിഹരിക്കുന്നത് തടയുകയാണുണ്ടായതെന്നും ജയരാജന്‍ പറഞ്ഞു.

ചില തെറ്റിദ്ധാരണകള്‍ കൊണ്ടാണ് ഒഞ്ചിയത്തുള്ളവര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ തെറ്റുതിരുത്തി പാര്‍ട്ടിയില്‍ തിരികെയെത്തണമെന്നതായിരുന്നു പാര്‍ട്ടിയുടെ ആഗ്രഹം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

ചര്‍ച്ച നടത്തിയില്ലെന്ന ആര്‍.എം.പി നേതാവ് എന്‍.വേണുവിന്റെ പരാമര്‍ശം തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more