| Tuesday, 13th April 2021, 2:35 pm

ജലീല്‍ രാജിവെച്ചതിനെ നല്ല സ്പിരിറ്റില്‍ എടുക്കണം; പ്രതികരണവുമായി പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെടി ജലീല്‍ രാജിവെച്ചത് കീഴ് വഴക്കം പാലിച്ചുകൊണ്ടാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. രാജിയെ നല്ല സ്പിരിറ്റില്‍ എടുക്കണമെന്നും ജയരാജന്‍ പറഞ്ഞു.

‘ജലീല്‍ സ്വമേധയാ രാജി വെച്ചതാണ്. ഇവിടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു. കാരണം ലോകായുക്തയുടെ വിധി വന്ന ശേഷം ഉടന്‍ രാജിവെക്കണം എന്നായിരുന്നു ഇവിടെ പറഞ്ഞോണ്ടിരുന്നത്. കോപ്പി കിട്ടി അതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രാജി വെക്കുക. രാജി നല്ലൊരു കീഴ്‌വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. ഹരജി നിലനില്‍ക്കെയാണ് രാജി. നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്,’ ജയരാജന്‍ പറഞ്ഞു.

ഇവിടെ മറ്റു പ്രശ്‌നങ്ങളില്ലെന്നും ജലീലിന് നിയമപരമായി മുന്നോട്ട് പോകാം അതാണ് എ.കെ ബാലന്‍ പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.

ഇ. പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് സ്വയം രാജിവെച്ചതായിരുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ധാര്‍മികതയുടെ പുറത്തല്ല, നിക്കക്കള്ളിയില്ലാതെയാണ് ജലീല്‍ രാജിവെച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു ഗതിയും ഇല്ലാതായപ്പോള്‍ രാജിവെപ്പിക്കേണ്ടി വന്നു. രമേശ് ചെന്നിത്തല പറഞ്ഞു.

ജലീലിനെ തുടക്കം മുതല്‍ സി.പി.ഐ.എം സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജലീലിന്റെ രാജി നല്ല തീരുമാനം ആണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പ്രതികരിച്ചിരുന്നു.

ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ വിധി വന്നതിന് പി്ന്നാലെയാണ് ജലീല്‍ രാജിവെച്ചത്. ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ജലീല്‍ സ്വജന പക്ഷപാതം കാണിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.

ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്. മന്ത്രിയുടെ ബന്ധുവീയ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan responds over K T Jaleel’s resignation

We use cookies to give you the best possible experience. Learn more