'പ്രവര്‍ത്തകരെ ജാഗ്രത വേണം, വലതുപക്ഷ മാധ്യമങ്ങളുടെ കെണിയില്‍ വീഴരുത്'; തന്നെ അനുകൂലിച്ചള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ജയരാജന്‍
Kerala News
'പ്രവര്‍ത്തകരെ ജാഗ്രത വേണം, വലതുപക്ഷ മാധ്യമങ്ങളുടെ കെണിയില്‍ വീഴരുത്'; തന്നെ അനുകൂലിച്ചള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2022, 11:01 am

കണ്ണൂര്‍: കണ്ണൂരില്‍ തന്നെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന് വരുത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമം നടത്തുന്നുണ്ടെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പറഞ്ഞ ജയരാജന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

‘കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത!
പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.

സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്‌ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ പി. ജയരാജന്‍ പറഞ്ഞു.

അഴീക്കോട് കാപ്പിലെപീടികയിലാണ് ജയരാജനെ അനുകൂലിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗശത്രുവിന് നേരെയും രണ്ട് സ്വന്തം നേതൃത്വത്തിന് നേരെയും’ എന്നാണ് ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്. പി.ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്ളക്സിലുണ്ട്.

ഇ.പി. ജയരാജനെതിരെ സാമ്പത്തികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പി.ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.