| Friday, 15th November 2024, 8:52 pm

വഖഫ്; കൈവശക്കാരെ ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് കൊട്ടിയൂരിലെ ചരിത്രത്തിന്റെ പിന്‍ബലമുണ്ട്: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുനമ്പം വഖഫ് വിഷയത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ പി. ജയരാജന്‍.

യഥാര്‍ത്ഥത്തിലുളള കാര്യങ്ങള്‍ മറച്ചുവെക്കാനും കൈവശക്കാരുടെ പ്രശ്‌നങ്ങളെ വര്‍ഗീയവത്കരിച്ച് തെരഞ്ഞെടുപ്പുകളില്‍ വോട്ട് തട്ടാനാകുമോ എന്നാണ് ബി.ജെ.പി. നോക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.

കൈവശക്കാരെ ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിന് കൊട്ടിയൂരിലെ ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൈവശ കൃഷിക്കാരുടെ കാര്യത്തില്‍ സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും നിലപാടുകള്‍ സുവ്യക്തമാണെന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

‘കൊട്ടിയൂരിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുത്തപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹാനായ എ.കെ.ജിയുമാണ്.

എ.കെ.ജിയും ഫാദര്‍ വടക്കനും ചേര്‍ന്ന് നടത്തിയ കുടിയേറ്റ കര്‍ഷക സമര ചരിത്രം പ്രസിദ്ധമാണ്. അവിടെ ഹിന്ദു ഐക്യവേദിക്കാര്‍ കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ക്കൊപ്പമായിരുന്നു.

അതിനാല്‍ തന്നെ പല കാരണങ്ങളാല്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം കൂടിയുണ്ട്. ബി.ജെ.പിക്കാരുടെ വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വിധേയരാവേണ്ട യാതൊരാവശ്യവും ആര്‍ക്കുമില്ല,’ എന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം വിരോധവും എല്‍.ഡി.എഫ് വിരോധവും ഉത്പാദിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. പ്രമുഖ ആര്‍.എസ്.എസ് നേതാവ് കേസരിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ ‘കേരളം മുഴുവന്‍ വഖഫ് ആണോ?’ എന്നാണ്. കൈവശക്കാരുടെ ന്യായമായിട്ടുളള ആവശ്യത്തെ എങ്ങനെയാണ് വഴി തിരിച്ചുവിടുന്നതെന്ന് ഈ തലക്കെട്ടുതന്നെ ഉത്തരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്ത് തട്ടിപ്പില്‍ പലതിലും പ്രതിക്കൂട്ടിലുളളത് മുസ്‌ലിം ലീഗ് നേതാക്കളാണ്. എന്നാല്‍ ഇതൊന്നും മുസ്‌ലിം ലീഗിന് പ്രശ്നമല്ലെന്നും പി. ജയരാജന്‍ പറഞ്ഞു. വഖഫ് ഭൂമി അന്യാധീനപെട്ടതില്‍ മറുപടി പറയാന്‍ ഉത്തരവാദിത്തപ്പെട്ടത് മുസ്‌ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമിക പണ്ഡിതര്‍മാരുടെ ഭാഗത്ത് നിന്ന് നിരപരാധികളായ കൈവശക്കാരെ സംരക്ഷിക്കണമെന്ന നിലപാട് ഉണ്ടാകുന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും പി. ജയരാജന്‍ പറഞ്ഞു.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന തുറന്നുകാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: P. Jayarajan responding to Munambam Waqf issue

We use cookies to give you the best possible experience. Learn more