| Monday, 1st March 2021, 11:24 pm

പി ജയരാജനെ കണ്ണൂര്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരം: എന്‍.സുബ്രഹ്മണ്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി.ജയരാജനെ സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരം ആയിരുന്നെന്ന് ആരോപണവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന നിര്‍ദേശം ആര്‍.എസ്.എസ് മുന്നോട്ടു വെച്ചെന്നും എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു.

ജയരാജന്‍ ജില്ലയില്‍ സി.പി.ഐ.എമ്മിന്റെ തലപ്പത്ത് തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയെന്നും അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ പദ്ധതി തയാറാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസ് നേതാക്കളുമായി തന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സി.പി.ഐ.എം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ച് മാപ്പ് പറയാന്‍ എം.വി. ഗോവിന്ദന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ എം ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച പിണറായി വിജയന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിലാപം കേള്‍ക്കുന്നില്ലെന്നും സുബ്രഹ്മണ്യന്‍ ആരോപിച്ചു.

നേരത്തെ ശ്രി എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.ഐ.എം – ആര്‍എസ്എസ് ചര്‍ച്ച നടന്നിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍
കണ്ണൂരില്‍ സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമായി സി.പി.ഐ.എം ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിരുന്നെന്ന് ശ്രീ എം സ്ഥിരീകരിച്ചിരുന്നു.

മാതൃഭൂമി ഓണ്‍ലൈനിന് വേണ്ടി കെ.എ ജോണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ എം ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി രണ്ട് യോഗങ്ങളാണ് നടത്തിയതെന്നും ശ്രീ എം പറഞ്ഞു.

ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരുമായിരുന്നു യോഗം. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.ഐ.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തു. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: P Jayarajan removed from the post of Kannur Secretary on the instructions of the RSS: N. Subramanian

We use cookies to give you the best possible experience. Learn more