'പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബി.ജെ.പി പറയുമോ?'; യു.ഡി.എഫ് കക്ഷികളോടും ബി.ജെ.പിയോടും സമരക്കാരോടും 9 ചോദ്യങ്ങളുമായി പി ജയരാജന്‍
Keezhattur Protest
'പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബി.ജെ.പി പറയുമോ?'; യു.ഡി.എഫ് കക്ഷികളോടും ബി.ജെ.പിയോടും സമരക്കാരോടും 9 ചോദ്യങ്ങളുമായി പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd April 2018, 6:38 pm

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ തുറന്ന കത്തുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഭീതി പടര്‍ത്താനുമുള്ള ശ്രമങ്ങളാണ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അത്തരമൊരു സാഹചര്യത്തിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞാണ് ജയരാജന്‍ സമരക്കാരോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന കത്ത് അവതരിപ്പിച്ചിരിക്കുന്നത്. കീഴാറ്്‌റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ ഇതുവരെയും വ്യക്തമായ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസിനോടും മുസ്‌ലിം ലീഗിനോടും സമരത്തിനു പിന്തുണയുമായെത്തിയ ബി.ജെ.പിയോടും ചില ചോദ്യങ്ങളുമായാണ് ജയരാജന്റെ തുറന്ന കത്ത്.

റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാതയുടെ നിര്‍ദ്ദിഷ്ട വികസനം അത്യന്താപേക്ഷിതമാണ്.റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണെന്നും പറയുന്ന ജയരാജന്‍ പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുകൊണ്ടും എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെയുമുള്ള സമീപനമാണ് ഇടതുപക്ഷവും സി.പി.ഐ.എമ്മും എല്ലാകാലത്തും സ്വീകരിച്ചു വരുന്നതെന്നും പറയുന്നു.

എന്നാല്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്ന നിലപാട് സി.പി.ഐ.എം അംഗീകരിക്കുന്നില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. മലബാര്‍ മേഖല പൊതുവില്‍ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പ്രദേശമാണെന്നും കണ്ണൂര്‍ ജില്ലയിലെ വികസന പ്രശ്നങ്ങളും ഗൗരവതരമാണെന്നും പറയുന്ന ജയരാജന്‍ ബൈപ്പാസ് വരേണ്ടതിന്റെ ആവശ്യകതയും പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ജയരാജന്‍ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. “കീഴാറ്റൂര്‍സമരത്തിന്റെ പേര് പറഞ്ഞ് ഈ പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാവോയിസ്റ്റ് രാഷ്ട്രീയക്കാരന്‍ ഇടപെട്ടതടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ സമരക്കാര്‍ ഒറ്റപ്പെടുകയായിരുന്നു.” ജയരാജന്‍ പറഞ്ഞു.

ബൈപ്പാസ് സമരക്കാര്‍ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോഴാണ് ആര്‍.എസ്.എസുകാര്‍ അത്യന്തം ഹീനമായ ഒരു കൊലപാതക പദ്ധതി നടപ്പാക്കാന്‍ കീഴാറ്റൂരില്‍ ശ്രമിച്ചതെന്നും ജയരാജന്‍ ആരോപിക്കുന്നു. “കീഴാറ്റൂര്‍ വയലില്‍ ഇരിക്കുകയായിരുന്ന സമരനേതാവിന്റെ അനുജനെയും മറ്റൊരാളെയും കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലാക്കാനുള്ളപദ്ധതി പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരികയുണ്ടായി. 2018 മാര്‍ച് 14 ന് ബൈപ്പാസ് സര്‍വേ പൂര്‍ത്തിയായീ.സര്‍വ്വേ എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാര്‍ പ്രഖാപിച്ചിരുന്നു.എന്നാല്‍ ബൈപ്പാസിന് അനുകൂലമായ വലിയ ജനക്കൂട്ടത്തിന്റെ സാനിധ്യത്തില്‍ സര്‍വ്വേ പ്രവര്‍ത്തനം സുഗമമായി നടന്നു. ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ച സമരക്കാര്‍ അറസ്റ്റിനു വിധേയരായി.” അദ്ദേഹം പറയുന്നു.

നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന ചോദ്യങ്ങള്‍ക്ക് യു.ഡി.എഫ് കക്ഷികളും ബി.ജെ.പിയും ബൈപ്പാസ് വിരുദ്ധ സമരക്കാരും ആത്മാര്‍ത്ഥവും സത്യസന്ധവുമായ മറുപടി നല്‍കി നാടിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും തുറന്ന കത്തിലൂടെ ജയരാജന്‍ അഭ്യര്‍ത്ഥിക്കുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

കീഴാറ്റൂര്‍ ബൈപ്പാസ്:
ഒരു തുറന്ന കത്ത്

പ്രിയമുള്ളവരെ,

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബൈപ്പാസ് നിര്‍മ്മാണം സാര്‍വ്വത്രിക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണല്ലോ.ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഐ (എം)നെ ഒറ്റപ്പെടുത്താനും ജനങ്ങളില്‍ ഭീതി പടര്‍ത്താനുമുള്ള ശ്രമങ്ങളാണ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നത്.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ 17 ന്റെ വികസനം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അവസരത്തില്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. അതുപോലെ തന്നെ ചിലയിടത്ത് ബൈപ്പാസ് വേണ്ടി വരുമെന്നും ആയത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും അതില്‍ പറഞ്ഞു. .വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ച്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവിഷ്‌കരിച്ചിട്ടുള്ളത്. വികസന കാഴ്ചപ്പാടില്‍ പ്രധാനം ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരിക വുമായിട്ടുള്ള അഭിവൃദ്ധിയാണ്.അതോടൊപ്പം പശ്ചാത്തല സൗകര്യ വികസനവും പ്രധാനമാണ്.

റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാതയുടെ നിര്‍ദ്ദിഷ്ട വികസനം അത്യന്താപേക്ഷിതമാണ്.റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്.പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുകൊണ്ടും എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെയുമുള്ള സമീപനമാണ് ഇടതുപക്ഷവും സിപിഐ എമ്മും എല്ലാകാലത്തും സ്വീകരിച്ചു വരുന്നത്.

2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാല് ദൌത്യങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി.അതിലൊന്നാണ് ?ഹരിത കേരള മിഷന്‍?.ഈ മിഷന്റെ പ്രവര്‍ത്തന ഫലമായി 30,000 ഏക്കറില്‍ അധിക നെല്‍കൃഷി, 1194 ഏക്കര്‍ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷി,16,665 കിണറുകളൂടെ റീ ചാര്‍ജ്ജിങ്ങ്,3900 കിണറുകളുടെ നവീകരണം,10,399 കിണറുകളുടെ നിര്‍മ്മാണം, ജില്ലയില്‍ 4 ലക്ഷം മഴക്കുഴികളുടെ നിര്‍മ്മാണം,1,47,239 ഏക്കര്‍ വൃഷ്ടി പ്രദേശങ്ങളുടെ പരിപാലനം എന്നിവ സാധ്യമായി.കൂടാതെ തോടുകള്‍ 1391 കിലോ മീറ്റര്‍ പുനരുജ്ജീവിപ്പിച്ചു.2466 കിലോ മീറ്റര്‍ തോടുകള്‍ വൃത്തിയാക്കി.കനാലുകള്‍ 1480 കിലോ മീറ്റര്‍ വൃത്തിയാക്കി.കണ്ണൂര്‍ ജില്ലയിലെ കാനാമ്പുഴ അതിജീവന പദ്ധതിയും അതിന്റെ ഭാഗമാണ്.

കൂടാതെ സിപിഐ(എം) പ്രവര്‍ത്തകര്‍ ഓരോ പ്രദേശത്തും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്ന തീരുമാനവും നടപ്പിലാക്കുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തില്‍ എല്‍ഡിഎഫും സിപിഐ എമ്മും കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ചുരുക്കത്തില്‍ പരിസ്ഥിതി സംരക്ഷണത്തേയും വികസനത്തേയും ഓരോന്നിന്റേയും പ്രാധാന്യത്തോട് കൂടി കാണുന്ന സമീപനമാണ് എല്‍ഡി എഫിനും സി.പി.ഐ(എം) നുമുള്ളത്.

എന്നാല്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്ന നിലപാട് സി.പി.ഐ(എം) അംഗീകരിക്കുന്നില്ല. കാരണം മലബാര്‍ മേഖല പൊതുവില്‍ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പ്രദേശമാണ്.കണ്ണൂര്‍ ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ കണ്ണൂര്‍ വിമാനത്താവളം, അഴീക്കോട് തുറമുഖം, ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള മേഖലകളില്‍ മുന്തിയ പരിഗണനയാണ് സ:പിണറായി ഗവണ്മെന്റ് ജില്ലയ്ക്ക് നല്‍കിയിട്ടുള്ളത്.ഈ വികസന മുന്നേറ്റത്തെ തകിടം മറിക്കുന്നതിന് ദുഷ്ടലാക്കോടെ നീങ്ങുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്.

തളിപ്പറമ്പ് നഗരം ജില്ലയിലെ ഏറ്റവുമേറെ ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണങ്ങളില്‍ ഒന്നാണ്.ഇവിടെ ബൈപ്പാസിന്റെ ആവശ്യകത ആര്‍ക്കും നിഷേധിക്കാനാവില്ല.പരിസ്ഥിതി പരമാവധി സംരക്ഷിച്ചുകൊണ്ടും വീടുകള്‍,കെട്ടിടങ്ങള്‍,വയലുകള്‍ എന്നിവ ഏറ്റവും കുറഞ്ഞ നാശം നേരിടുന്നതുമായ അലൈന്‍മെന്റാണ് ബൈപ്പാസിന് അംഗീകരിക്കേണ്ടതെന്ന് തുടക്കം മുതലേ സിപിഐ(എം) ചൂണ്ടിക്കാട്ടുകയുണ്ടായി.തളിപ്പറമ്പ് നഗരം ,പൂക്കോത്ത്‌തെരു, കീഴാറ്റൂര്‍ വയല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് അലൈന്‍മെന്റുകളാണ് നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാക്കിയിരുന്നത്.തളിപ്പറമ്പ് നഗരം വഴി 298 കെട്ടിടങ്ങളുടേയും ,പൂക്കോത്ത്‌തെരു മേഖല വഴി 78 കെട്ടിടങ്ങളുടേയും നാശമാണ് അലൈന്‍മെന്റില്‍ കണക്കാക്കിയിരുന്നത്.എന്നാല്‍ കുപ്പം-കീഴാറ്റൂര്‍-കൂവോട്- കുറ്റിക്കോല്‍ പ്രദേശത്ത് കൂടിയുള്ള ബൈപ്പാസ് നിര്‍മ്മാണം വഴി 28 കെട്ടിടങ്ങള്‍ക്ക് മാത്രമേ നാശം സംഭവിക്കുന്നുള്ളൂ.ഇത്തരമൊരു സാഹചര്യത്തിലാണ് ഈ അലൈന്‍മെന്റ് അംഗീകരിക്കു ന്നതിന് സാര്‍വ്വത്രികമായ സ്വീകാര്യത ലഭിച്ചത്.

എന്നിരുന്നാലും കീഴാറ്റൂര്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മന്ത്രിതല യോഗം വിളിക്കണമെന്ന് സിപിഐ(എം) ആണ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ത്ത മന്ത്രിതല യോഗത്തില്‍ എന്‍ എച്ച് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും കീഴാറ്റൂര്‍ വഴിയുള്ള നിലവിലുള്ള അലൈന്‍മെന്റില്‍ ചെറിയ മാറ്റങ്ങള്‍ സാധ്യമാണോയെന്ന് പരിശോധിക്കണമെന്നും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്റ്റര്‍ ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയെങ്കിലും പിന്നീട് ഈ ധാരണയില്‍ നിന്ന് പിന്‍മാറുകയാണ് സമരാനുകൂലികള്‍ ചെയ്തത്. മാത്രമല്ല കീഴാറ്റൂര്‍സമരത്തിന്റെ പേര് പറഞ്ഞ് ഈ പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാവോയിസ്റ്റ് രാഷ്ട്രീയക്കാരന്‍ ഇടപെട്ടതടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ സമരക്കാര്‍ ഒറ്റപ്പെടുകയായിരുന്നു.

ബൈപ്പാസ് സമരക്കാര്‍ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോഴാണ് ആര്‍ എസ് എസുകാര്‍ അത്യന്തം ഹീനമായ ഒരു കൊലപാതക പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. കീഴാറ്റൂര്‍ വയലില്‍ ഇരിക്കുകയായിരുന്ന സമരനേതാവിന്റെ അനുജനെയും മറ്റൊരാളെയും കൊലപ്പെടുത്തി സിപിഐ(എം) ന്റെ തലയിലാക്കാനുള്ളപദ്ധതി പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരികയുണ്ടായി.

2018 മാര്‍ച് 14 ന് ബൈപ്പാസ് സര്‍വേ പൂര്‍ത്തിയായീ. സര്‍വ്വേ എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാര്‍ പ്രഖാപിച്ചിരുന്നു.എന്നാല്‍ ബൈപ്പാസിന് അനുകൂലമായ വലിയ ജനക്കൂട്ടത്തിന്റെ സാനിധ്യത്തില്‍ സര്‍വ്വേ പ്രവര്‍ത്തനം സുഗമമായി നടന്നു.ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ച സമരക്കാര്‍ അറസ്റ്റിനു വിധേയരായി.

ഇപ്പൊഴാകട്ടെ ഈ വികസന പ്രശ്‌നം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ സമരമായി വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മാറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബൈപ്പാസ് അലൈന്‍മന്റ് തയ്യാറാക്കുന്നത് കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. സംസ്ഥാന ഗവണ്മെന്റോ സിപിഐ എമ്മോ അല്ല. അലൈന്‍മന്റ് നിര്‍ണ്ണയത്തില്‍ സിപിഐ(എം)നെ കുറ്റപ്പെടുത്തുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നാഷണല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച അെൈല?ന്റ് അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്.

സര്‍വ്വേ പൂര്‍ത്തിയായതോടെ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണകള്‍ പൊളിഞ്ഞിരിക്കുക യാണ്.കീഴാറ്റൂര്‍ പ്രദേശത്തെ 5 ഏക്കര്‍ വയല്‍ മാത്രമാണ് നഷ്ടപ്പെടുക, തോട് നിലനില്‍ക്കും, മാത്രമല്ല ഇവിടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന് വേണ്ടി വരുന്ന മണ്ണ് ഹൈവേ നിര്‍മ്മാണത്തിനിടയില്‍ ലഭിക്കുന്നതാണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയക്കാരുടെ സമരത്തിന് ഇനി ഭാവിയില്ലെന്ന് വ്യക്തമായി.ബിജെപിയുടെ രാഷ്ട്രീയ കാപട്യവും വെളിവായിരിക്കുകയാണ്. അവര്‍ കര്‍ഷകരക്ഷാ മാര്‍ച്ച് എന്ന പേരില്‍ പരിഹാസ്യമായ ഒരു നാടകമാണ് നടത്തിയത്. കണ്ണൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് വയല്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കിയ നേതാവാണ് മാര്‍ച്ച് നടത്തിയതെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.ബൈപ്പാസ് അലൈന്‍മെന്റ് മാറ്റണമെങ്കില്‍ ബിജെപിക്കാരനായ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്.ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ബിജെപി ശ്രമം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ ഇടതുപക്ഷ വിരുദ്ധരും ഒരു കുടക്കീഴില്‍ അണിനിരക്കുന്നതാണ് കീഴാറ്റൂരില്‍ കണ്ടത്. മാവോയിസ്റ്റുകളും, ജമാഅത്തെ ഇസ്ലാമിയും, പോപ്പുലര്‍ഫ്രണ്ടും, ആര്‍എസ്എസു കാരും ഒറ്റ മനസ്സോടെ സിപിഐ(എം) വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കു ന്നത്.ഇതോടൊപ്പം ചില പരിസ്ഥിതി സംഘടനകളും അണിനിരക്കുന്നുണ്ട്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരും പരിസ്ഥിതി മൗലികവാദികളും ഉള്‍പ്പെട്ടിട്ടുണ്ട്.കീഴാറ്റൂര്‍ ബൈപ്പാസ് മാര്‍ക്‌സിസ്റ്റ് പദ്ധതിയാണെന്നും ഇതുമായി മുന്നോട്ട് പോയാല്‍ ഇവിടെ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നും അവര്‍ പ്രചാരണം അഴിച്ചുവിട്ടു.

ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലക്ക് അംഗീകാരം നേടിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളോട് സിപിഐ(എം) ന് യോജിക്കാനാവില്ല.”കുറ്റിക്കോല്‍ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയല്‍ വളരെ വീതി കുറഞ്ഞതാ യതിനാല്‍ കൂവോട്-കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാവും”. സര്‍വ്വേ പൂര്‍ത്തിയായ സാഹചര്യത്തില്‍ പരിഷത്തിന്റെ ഈ നിഗമനങ്ങള്‍ തെറ്റാണെന്ന് കാണാം. അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്ന സമഗ്ര വികസന കാഴ്ചപ്പാടാണ് ജനപക്ഷ രാഷ്ട്രീയമെന്നും കീഴാറ്റൂര്‍ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട സിപിഐ(എം) വിരുദ്ധ മഹാസഖ്യം ജനവിരുദ്ധ രാഷ്ട്രീയമാണെന്നും പരിഷത്ത് തിരിച്ചറിയണം.

അതോടൊപ്പം കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും കള്ളക്കളിയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണ് നാഷണല്‍ ഹൈവേയുടെ വികസന കാര്യത്തില്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം ഉണ്ടാക്കിയത്.ബൈപ്പാസുകളെ സംബന്ധിച്ചുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതും യുഡിഎഫ് ഭരണകാലത്താണ്.അതിനാല്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തളിപ്പറമ്പ് ബൈപ്പാസ് ഉള്‍പ്പടെയുള്ള നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നും കള്ളക്കളി അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടണം.

അതോടൊപ്പം വികസന വിരുദ്ധരെ പ്രോല്‍സാഹിപ്പിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിയാനും ജനങ്ങള്‍ തയ്യാറാവണം.കേരളത്തിന്റെ വികസനം ഭാവിതലമുറക്കടക്കം പ്രയോജനകര മാവുന്ന നിലയിലാണ് ഇന്നത്തെ സമൂഹം കാണേണ്ടത്.അതിന് പകരം സിപിഐ(എം) നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കരുതെന്ന ദുഷ്ടബുദ്ധിയാണ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഉള്ളത്.നമ്മുടെ നാടിന്റെ വികസനത്തെ ഇല്ലാതാക്കുന്ന നശീകരണ വാസനയില്‍ നിന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പിന്തിരിയണമെന്നും ജനങ്ങള്‍ ആവശ്യപ്പെടണം.

18 മാസക്കാലത്തെ ഭരണം കൊണ്ട് കേരളത്തിന്റെ ഏറ്റവും ജനപ്രിയമായ ഗവണ്‍മെന്റായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് ജനശത്രുക്കള്‍ക്ക് ബോധ്യമുണ്ട്. ഗവണ്‍മെന്റ് നടപടികള്‍ ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കേരളത്തില്‍ നിന്മ്പിഴുതെറിയപ്പെടുമെന്നും അവര്‍ക്കറിയാം. കിട്ടാവുന്ന എല്ലാ സന്ദര്‍ഭങ്ങളെയും ഉപയോഗപ്പെടുത്തി സിപിഐ(എം) നെയും സംസ്ഥാന ഗവണ്മെന്റിനേയും ആക്രമിക്കാനാണ് വലതുപക്ഷവും ഒരു പറ്റം മാധ്യമങ്ങളും ശ്രമിക്കുന്നത്.

വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ജനശത്രുക്കളുടെ നീക്കങ്ങള്‍ക്കെതിരായി നിതാന്തമായ ജാഗ്രത പാലിക്കണം.നിക്ഷിപ്ത താല്‍പര്യക്കാരുടെ ദുഷ്ടലാക്കിനെ തുറന്നുകാട്ടാന്‍ ഒറ്റക്കെട്ടായി നാം മുന്നോട്ട് പോകണം.വികസിത കേരളമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ നാനാ വിശ്വാസികളായ ജനങ്ങളോട് സിപിഐ(എം) അഭ്യര്‍ത്ഥിക്കുന്നു.

നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന ചോദ്യങ്ങള്‍ക്ക് യു ഡി എഫ് കക്ഷികളും ബിജെപിയും ബൈപ്പാസ് വിരുദ്ധ സമരക്കാരും ആത്മാര്‍ത്ഥവും സത്യസന്ധവുമായ മറുപടി നല്‍കി നാടിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1. കീഴാറ്റൂര്‍ സമരത്തോടുള്ള യു ഡി എഫ് നിലപാടെന്ത്?
അനുകൂലമാണോ ? പ്രതികൂലമാണോ ?ചില നേതാക്കള്‍ സമരത്തോടൊപ്പവും ചിലര്‍ എതിര്‍ത്തും നിലപാട് സ്വീകരിക്കുന്നത് എന്ത്‌കൊണ്ട് ?

2. തളിപ്പറമ്പ് ബൈപ്പാസ് നിര്‍ണ്ണയിക്കാനുള്ള പ്രവൃത്തി നടന്നത് യുഡിഎഫ് ഭരണകാലത്തല്ലേ? അന്ന് എന്തുകൊണ്ട് വയല്‍ വഴി വേണ്ടെന്ന് പറഞ്ഞില്ല ? നിങ്ങളുടെ കാലത്ത് മുടങ്ങിയ പ്രവര്‍ത്തി പുനരാരംഭിക്കുക മാത്രമല്ലേ ഇപ്പോള്‍ ചെയ്യുന്നത് ?

3. കീഴാറ്റൂര്‍ വഴിയുള്ള ബൈപ്പാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണം വഴിയുള്ള ഒന്നാമത്തെ അലൈന്‍മെന്റാണോ പൂക്കോത്ത് തെരു വഴിയുള്ള രണ്ടാമത്തെ അലൈന്‍മെന്റാണോ നടപ്പിലാക്കേണ്ടത് ? തുറന്ന് പറയുക

4. ആറന്‍മുളയില്‍ 300 ഏക്കര്‍ വയല്‍ നികത്തി സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് യു ഡി എഫ് അല്ലേ ? അന്ന് അനുകൂലിച്ചവര്‍ പൊതു ആവശ്യത്തിന് വേണ്ടി അഞ്ച് ഏക്കറില്‍ താഴെ വയല്‍ ഏറ്റെടുക്കുന്ന തിനെ എതിര്‍ക്കുന്നു . ഇതെന്ത് നിലപാട് ?

5. കേരളത്തിലെ ഏതാണ്ട് എല്ലാ ബൈപ്പാസുകളും കടന്നു പോകുന്നിടത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളുമുണ്ടെങ്കിലും .കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത രീതിയില്‍ കീഴാറ്റൂരില്‍ മാത്രം എതിര്‍ക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലേ?

6. കണ്ണൂര്‍ ബൈപ്പാസിന്റെ കടാങ്കോട് ഭാഗത്ത് റോഡ് വാരംവയല്‍ വഴിയാക്കാന്‍ ഇടപെട്ടത് കീഴാറ്റൂരില്‍ നിന്ന് മാര്‍ച്ച് നടത്തിയ അതേ ബിജെപി നേതാവല്ലേ ? അന്ന് എവിടെയായിരുന്നു വയല്‍ സ്‌നേഹം ?

7. കേരളത്തില്‍ എല്ലായിടത്തും പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബിജെപി പറയുമോ ?

8. ഇന്ത്യയിലെ മറ്റേത് സംസ്ഥാനവും നല്‍കുന്നതിനേക്കാള്‍ നാലര ഇരട്ടിയില്‍ അധികം നഷ്ടപരിഹാരം നല്‍കിയാണ് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത്.ഇത് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നോ ?

9. കോണ്‍ഗ്രസ്സും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുച്ഛമായ വില നല്‍കിയാണ് ഭൂമി തട്ടിയെടുക്കുന്നതെന്ന കാര്യം അറിയുമോ ?

സസ്‌നേഹം
കണ്ണൂര്‍
03.04.2018 സെക്രട്ടറി
സിപിഐ(എം)
കണ്ണൂര്‍ ജില്ലാ കമ്മറ്റി