| Tuesday, 26th December 2017, 11:39 am

മട്ടന്നൂര്‍ അക്രമം; കഴിഞ്ഞ ദിവസം മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ ഗൂഢാലോചനയെന്ന് പി ജയരജാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മട്ടന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കുമ്മനത്തിനു പുറമേ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍.എസ് എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്നും ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയില്‍ ആയുധം താഴെ വെക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ആര്‍.എസ്.എസ് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണെന്നു പറയുന്ന ജയരാജന്‍ കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരമെന്നും അതുകൊണ്ട് ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച് സി.പി.ഐ.എം പ്രവര്‍ത്തകരെ സംഘപരിവാര്‍ വ്യാപകമായി ആക്രമിക്കുകയാണ്. ആര്‍.എസ്.എസ് നടത്തുന്ന ഇത്തരം ഭീകര അക്രമണങ്ങളെ കോണ്‍ഗ്രസും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവമേറിയതാണെന്നും കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ജയരാജന്‍ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“മട്ടന്നൂരിലെ അക്രമം

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി,മട്ടന്നൂരിലെ ആര്‍ എസ് എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണം -പി ജയരാജന്‍

കണ്ണൂര്‍ ജില്ലയില്‍ ആയുധം താഴെ വെക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ആര്‍ എസ് എസ് ഒരിക്കല്‍ കൂടി പ്രഖ്യാപിചിരിക്കുകയാണ്.
അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഇരിട്ടി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോകടര്‍ സുധീറിനെയും സിപിഐ എം പ്രവര്‍ത്തകനായ ശ്രീജിത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇരുവരുടെയും കൈകാലുകള്‍ മൃഗീയമായി വെട്ടി മുറിച്ചു.

കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഐ(എം) പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരം.

അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി,മട്ടന്നൂരിലെ ആര്‍ എസ് എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റത്തിന് കേസെടുക്കണം.

ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച് സിപിഐ(എം) പ്രവര്‍ത്തകരെ സംഘപരിവാരം വ്യാപകമായി ആക്രമിക്കുകയാണ്.ആര്‍ എസ് എസ് നടത്തുന്ന ഇത്തരം ഭീകര അക്രമണങ്ങളെ കോണ്‍ഗ്രസ്സും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണം.

കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യര്ഥിക്കുകയാണ്”

We use cookies to give you the best possible experience. Learn more