വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ല: വയല്‍ക്കിളികളെ അടിയന്തരമായി പിരിച്ചുവിടണം: പി. ജയരാജന്‍
Kerala News
വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ല: വയല്‍ക്കിളികളെ അടിയന്തരമായി പിരിച്ചുവിടണം: പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 12:23 pm

 

കണ്ണൂര്‍: വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. നേരത്തെ നിശ്ചയിച്ച പ്രകാരം അലൈന്‍മെന്റില്‍ മാറ്റമില്ലാതെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ ബൈപ്പാസ് നിര്‍മാണ പദ്ധതികളോട് എതിര്‍പ്പുണ്ടായിരുന്ന ഭൂവുടമകളടക്കം പലരും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. അതിനാല്‍ വയല്‍ക്കിളികളുടെ സമരം ഇനി മുന്നോട്ടുപോകാന്‍ പോണില്ല. ഈ സാഹചര്യത്തില്‍ സമരം അടിയന്തരമായി അവസാനിപ്പിച്ച് വയല്‍ക്കിളികളെ തന്നെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

Also Read:ബി.ജെ.പി നേതാക്കള്‍ക്ക് പിടിച്ചില്ല; നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് തിരുത്തി കാര്‍ഷിക മന്ത്രാലയം

സമരത്തില്‍ ബി.ജെ.പിയിലും മറ്റു കക്ഷികളും ഇടപെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അന്നു തന്നെ സമരം ചെയ്യുന്നവരോട് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. വലതുപക്ഷ ശക്തികള്‍ സമരക്കാരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കീഴാറ്റൂരില്‍ ജനങ്ങളെ വഞ്ചിച് ബി.ജെ.പിയുടെ അതേ സമീപനമാണ് ശബരിമല വിഷയത്തില്‍ കാണാന്‍ കഴിയുന്നത്. 2016 മാര്‍ച്ച് മാസത്തില്‍രാജസ്ഥാനിലെ നാഗൗര്‍ നഗരത്തിലാണ് ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ ചേര്‍ന്നത്.

ആ സഭ അംഗീകരിച്ചത് ശബരിമലയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം ആവാമെന്നാണ്. ഇതായിരുന്നു സുപ്രീം കോടതി വിധി വരുന്നതിനു രണ്ടുവര്‍ഷം മുമ്പ് സംഘപരിവാരം അഖിലേന്ത്യാ തലത്തില്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട്. 1400 പേരാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍ ഈ 1400 പേരുടെ തീരുമാനമാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ഒരു പ്രസ്താവനകൊണ്ട് ഇല്ലാതാക്കിയതെന്നും ജയരാജന്‍ പരിഹസിച്ചു.