കണ്ണൂര്‍: പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ പദ്മരാജനോടൊപ്പം താന്‍ നില്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമെന്ന് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. എസ്.എഫ്.ഐ നേതാവായിരുന്ന റോബിന്‍ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബി.ജെ.പി നേതാവിന്റെ പടം ചേര്‍ത്തതെന്ന് പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘തിരുവോണ നാളില്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ എം.എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്.എഫ്.ഐയുടെ അന്നത്തെ നേതാവായിരുന്ന റോബിന്‍ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബി.ജെ.പി നേതാവിന്റെ പടം ചേര്‍ത്തത്. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി.എസ് മോഹനന്‍, വടശ്ശേരിക്കര ലോക്കല്‍ സെക്രട്ടറി ബെഞ്ചമിന്‍ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കൂടെ ഫോട്ടോയില്‍ ഉള്ളത്’, ജയരാജന്‍ പറഞ്ഞു.
മോര്‍ഫ് ചെയ്ത ഫോട്ടോ
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാലത്തായി പോക്‌സോ കേസില്‍ പ്രതിയായ പദ്മരാജന് ജാമ്യം ലഭിച്ചിരുന്നു. ക്രൈംബ്രാഞ്ച് ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിച്ചതാണ് പ്രതിയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്ന് കാണിച്ച് വിവിധ സംഘടനകള്‍ ആഭ്യന്തരവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ജയരാജന്‍ പറഞ്ഞു.
യാഥാര്‍ത്ഥ ഫോട്ടോ
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പാനൂര്‍ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനോടൊപ്പം ഞാന്‍ നില്‍ക്കുന്ന രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് സംശയിക്കുന്നവര്‍ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്. യാഥാര്‍ത്ഥത്തില്‍ തിരുവോണ നാളില്‍ കോണ്‍ഗ്രസ്സ്‌കാര്‍ കൊലപ്പെടുത്തിയ സ:എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്‌ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിന്‍ കെ തോമസിന്റെ ഫോട്ടോയിലെ തല മോര്‍ഫ് ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേര്‍ത്തത്. CPI [M] പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. പി എസ്സ് മോഹനന്‍, വടശ്ശേരിക്കര ലോക്കല്‍ സെക്രട്ടറി ബെഞ്ചമിന്‍ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കുടെ ഫോട്ടോയില്‍ ഉള്ളത് .
ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പാലത്തായി കേസില്‍ ഇരയുടെ വീട് സന്ദര്‍ശിക്കുകയും ബിജെപി നേതാവിന് എതിരായി കര്‍ശന നടപടി എടുക്കണമെന്നും ഞാന്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് യാതൊരു വീഴ്ചയും കൂടാതെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.ഹൈ കോടതി ഈ കേസിന്റെ കേസ് ഡയറി പരിശോധിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചു. എന്നാല്‍ സെഷന്‍സ് കോടതി ഏറ്റവും ഒടുവില്‍ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇതിന്റെ പേര് പറഞ്ഞാണ് ചില മത തീവ്രവാദികള്‍ LDF സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ വ്യാജ ഫോട്ടോയും ഇത് ചില കുടുംബ ഗ്രൂപ്പ്കളില്‍ പ്രചരിപ്പിക്കുന്നണ്ട്. അതിന്റെ പിന്നിലും മത തീവ്രവാദി ഗ്രൂപ്പ് ആണ്. അതിനാല്‍ കുടുംബ ഗ്രൂപ്പുകളില്‍ ഉള്ളവരും ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണം.
പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണം.ഈ പോക്‌സോകേസിന്റെ കേസ് ഡയറി അടക്കം പരിശോധിച്ച് ഹൈ കോടതി ഇത് ന്യായമായും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. LDF സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് കോണ്‍ഗ്രസ്സ്/ലീഗും.. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും നടത്തുന്ന ഹീന ശ്രമങ്ങളെ ജാഗ്രതയോടെ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക