| Saturday, 7th November 2020, 9:20 am

സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ല: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. സംവരണ പ്രശ്‌നത്തില്‍ ഇടതിന് കൃത്യമായ നിലപാടുണ്ട് എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ വന്ന ലേഖനത്തിലാണ് പി. ജയരാജന്‍ ഇക്കാര്യം പറയുന്നത്.

‘സംവരണം ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയല്ല. ഒരുകാലത്ത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അവസര സമത്വം നല്‍കുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയത്,’ എന്നാണ് പി. ജയരാജന്‍ ലേഖനത്തില്‍ പറയുന്നത്.

മുന്നാക്കക്കാരിലെ ദാരിദ്രത്തിന് കാരണം ആഗോളവത്കരണത്തെത്തുടര്‍ന്നുണ്ടായ പാപ്പരീകരണമാണെന്ന് പറയുന്ന ജയരാജന്‍ മുന്നാക്കസമുദായത്തില്‍പ്പെട്ടവരെ മാത്രം എങ്ങനെയാണ് ആഗോള പാപ്പരീകരണം ബാധിക്കുന്നതെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നില്ല.

നിലവില്‍ സംവരണം ലഭിക്കാത്ത ജാതി വിഭാഗങ്ങളില്‍പ്പെട്ടവരാകട്ടെ മുമ്പൊരു കാലത്തെ സാമൂഹിക സാമ്പത്തിക പദവികളില്‍ തുടരുന്നവരുമല്ല. അവര്‍ക്കിടയിലും മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പാപ്പരീകരണം നടന്നിട്ടുണ്ട്. അത്തരക്കാരെ ഉദ്ദേശിച്ചാണ് ഇടതുസര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ സംവരണ നിര്‍ദേശം,’ ലേഖനത്തില്‍ പറയുന്നു.

കേരള സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അതേസമയം സാമ്പത്തിക സംവരണം നടപ്പാക്കിയത് വഴി വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സന്നദ്ധമായ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് നല്‍കുന്ന സംവരണം നിലവിലുള്ള സംവരണ സംവിധാനത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴാണ് സംവരണത്തില്‍ പോരായ്മയുണ്ടെന്ന് ജയരാജന്‍ തുറന്ന് സമ്മതിക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനം, എം.ബി.ബി.എസ് പ്രവേശനം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ സീറ്റ് വിഭജനത്തില്‍ അട്ടിമറി നടക്കുന്നതായി നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഇടത് സര്‍ക്കാരിന്റെ പ്രകടനപത്രികയിലുള്ള കാര്യമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക ജനറല്‍ മെറിറ്റില്‍ നിന്നായിരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോള്‍ ജനറല്‍ സീറ്റുകളില്‍ നിന്ന് പത്തു ശതമാനം ഏര്‍പ്പെടുത്തുന്നതിന് പകരം മുഴുവന്‍ സീറ്റുകളില്‍ നിന്ന് പത്ത് ശതമാനം ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. ഇതുവഴി മറ്റു പിന്നാക്ക സമുദായ സംവരണ വിഭാഗത്തിലെ ആളുകള്‍ക്ക് ലഭിക്കുന്ന സംവരണത്തേക്കാള്‍ ഇരട്ടി സീറ്റുകളാണ് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നതെന്ന് കണക്കുകളാണ് പുറത്ത് വന്നത്.

സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് പ്രത്യക്ഷ സമരത്തിനിറങ്ങിയതിനെ ജയരാജന്‍ ലേഖനത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെമ്പാടും 27 ശതമാനം ഒ.ബി.സി സംവരണം മുസ്‌ലിങ്ങളടക്കമുള്ളവര്‍ക്ക് ലഭിക്കാന്‍ തുടങ്ങിയത് വി. പി സിംഗ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാ ശക്തിയുടെ ഫലമായാണെന്നും ജയരാജന്‍ പറയുന്നു.

അതേസമയം മധ്യപ്രദേശില്‍ ഇപ്പോഴും ഒ.ബി.സി സംവരണം 14 ശതമാനമാണെന്നും ലീഗിന് ഇതില്‍ ഒന്നും പറയാനില്ലേ എന്നും ജയരാജന്‍ ചോദിച്ചു. ഒ.ബി.സി ക്വാട്ടയില്‍ 12 ശതമാനം മുസ്‌ലിങ്ങള്‍ക്ക് മാത്രമായി സംവരണം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും അപ്പോഴാണ് ലീഗ് സമരത്തിനിറങ്ങുന്നതെന്നും ജയരാജന്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan on economic reservation implemented in Kerala

We use cookies to give you the best possible experience. Learn more