കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാര്‍ക്കൊപ്പം ബി.ജെ.പി അണിനിരന്നത് സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണെന്നും ഇതിനായി നിരവധി പ്രചരണങ്ങളാണ് ഇവര്‍ നടത്തിയതെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സമരത്തെ രാഷ്ട്രീയമായി മുതലെടുത്തുകൊണ്ട് ബി.ജെ.പി ചെയ്ത കാര്യങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ വിമര്‍ശനം.
“കീഴാറ്റൂര്‍ ബൈപ്പാസ് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്ന് വത്സന്‍ തില്ലങ്കേരി. ആര്‍.എസ്.എസിന്റെ നേതൃത്വം തന്നെ നേരിട്ട് അവിടെ ഇടപെടുകയുണ്ടായി. ” അന്നത്തെ പത്രക്കട്ടിങ്ങുകള്‍ ഉയര്‍ത്തി ജയരാജന്‍ പറഞ്ഞു.
“കുമ്മനം ഇടപെടുന്നു; കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ പുതിയ വഴിത്തിരിവ്.” എന്നതായിരുന്നു മറ്റൊരു പ്രചരണം. ദേശീയപാത 45 മീറ്ററാക്കണമെന്നത് കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമവായത്തില്‍ എത്തിയിട്ടുള്ള കാര്യമാണ്. അപ്പോള്‍ ആ 45 മീറ്റര്‍ വീതിയാക്കുന്നതിന്റെ ഭാഗമായി പട്ടണപ്രദേശങ്ങളില്‍ ബൈപ്പാസ് നിര്‍മ്മിച്ചു. അങ്ങനെയാണ് തളിപ്പറമ്പ് ബൈപ്പാസും നിര്‍ദേശിക്കപ്പെട്ടത്. ആ ബൈപ്പാസിനുവേണ്ടി കീഴാറ്റൂരിലെ വയലാകെ നികത്താന്‍ പോകുകയാണ് എന്നെല്ലാമുള്ള ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിച്ചത്. അതിന്റെ ഭാഗമായിട്ടാണ് കുമ്മനം ഇടപെട്ടതെന്നും ജയരാജന്‍ വിശദീകരിക്കുന്നു.
Also Read:വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ല: വയല്‍ക്കിളികളെ അടിയന്തരമായി പിരിച്ചുവിടണം: പി. ജയരാജന്‍
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നുവെന്നതായിരുന്നു മറ്റൊരു പ്രചരണം. പി.സി ജോര്‍ജ്, സുരേഷ് ഗോപി എം.പി വി.എം സുധീരന്‍ ഇവരൊക്കെ ഒരു മുന്നണിയായിട്ടാണ് കീഴാറ്റൂര്‍ വയലില്‍ എത്തിയതെന്ന് ഇതിന്റെ ഫോട്ടോഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി ജയരാജന്‍ പറഞ്ഞു.
“കീഴടങ്ങില്ല കീഴാറ്റൂര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി നേതാവ് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും മറ്റൊരു മുതലെടുപ്പാണെന്ന് ജയരാജന്‍ തുറന്നുകാട്ടുന്നു.
വയല്‍ക്കിളികളോടൊപ്പം ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ ബംഗാളിലെ ബി.ജെ.പിയുടെ സഹമന്ത്രി കീഴാറ്റൂരിനുവേണ്ടി പ്രസംഗിച്ചു. ബംഗാളില്‍ ഇടതുപക്ഷം അധികാരത്തിലുള്ള സമയത്ത് സമരം നടന്ന സിംഗൂരില്‍ നിന്നുള്ള മണ്ണ് ബംഗാളിലെ നേതാവ് വയല്‍ക്കിളികളുടെ ഭാഗമായുള്ള ആളുകള്‍ക്ക് കൈമാറുകയും ചെയ്തു. പാളത്തൊപ്പിയൊക്കെ വെച്ചിട്ട് ബി.ജെ.പി നടത്തിയിട്ടുള്ള നാടകമായിരുന്നു ഇതെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.
ദേശീയ പാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്നും പ്രചരണമുണ്ടായി. വയല്‍ക്കിളികളുടെ സമരപോരാട്ടത്തിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരമെന്ന വിശേഷണത്തോടെയാണ് ഈ പ്രചരണം ആഘോഷിക്കപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.