കണ്ണൂര്‍: മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം സിനിമയുടെ ചാമ്പിക്കോ ട്രെന്റിന്റെ ഭാഗമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്. മകന് ജെയിന് രാജാണ് ഇതുസംബന്ധിച്ച വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന് ‘മൈക്കിളപ്പ’നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജെയിന് രാജ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
‘ഇതിലും വലിയ ഓളമൊന്നും ഒരു ട്രെന്റിനും ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, ചങ്കാണ് പി.ജെ. ചങ്കിടിപ്പാണ് പി.ജെ,
മമ്മൂട്ടിയെക്കാള്‍ മാസ്,’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
കണ്ണൂരില്‍ വലിയ ജനപിന്തുണയുള്ള നേതാവാണ് പി. ജയരാജന്. സോഷ്യല്‍ മീഡയില്‍ അടക്കം ജയരാജന് ഫാന്‍ ഗ്രൂപ്പുകള്‍ ഉണ്ട്. കഴിഞ്ഞ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തില്‍ അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
‘പി ജയരാജന് സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’, എന്നൊക്കെയുള്ള പോസ്റ്റുകളായിരുന്നു അന്ന് പ്രചരിച്ചിരുന്നത്.
എന്നാല്‍, പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്ത് പദവി കിട്ടുമെന്നതല്ല പ്രശ്നം, മറിച്ച് നാം എടുക്കുന്ന നിലപാടാണ് പ്രധാനമെന്നായിരുന്നു വിഷയത്തില്‍ ജയരാജന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലും സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ നേതൃത്വം ശക്തമായി പ്രതിരോധിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ ജയരാജന് അനുകൂലികളുടെ പരസ്യ പ്രസ്താവനകള്‍ക്ക് പാര്‍ട്ടി വിലക്ക് കല്പിച്ചിരുന്നു. ഇതിന് ശേഷം പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി റെഡ് ആര്‍മി എന്നാക്കിയിരുന്നു.
Content Highlights: P Jayarajan has been as part of the Champico trend of the Mammotty- Amal Neerad film Bhishma Parvam