കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് വിട്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റിന് തയ്യാറെടുത്ത് കൊണ്ടാണ് ജയരാജന്‍ ആശുപത്രി വിട്ടതെന്നാണ് സൂചന. പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എ.കെ.ജി സഹകരണ ആശുപത്രിയുടെ ആംബുലന്‍സില്‍ ജയരാജന്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കതിരൂര്‍മനോജ് വധക്കേസില്‍ ജയരാജന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി.ബി.ഐ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൊലപാതകം നടത്തിയത് ജയരാജന്റെ ഏറ്റവും അടുത്ത അനുയായിയായ വിക്രമനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയിരുന്നത്.