കണ്ണൂര്‍: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിറില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദേശം വന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍. പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു താഹിറിനെതിരെ വഖഫ് ബോര്‍ഡ് നടപടി.
പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ താഹിര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പച്ച മാലയിട്ട് സ്വീകരിക്കുകയാണ് ചെയ്തതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. പിന്നീടാണ് ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
‘2010-15 കാലത്തെ കണക്കുകളില്‍ കാണിച്ച കൃത്രിമം, തുടര്‍ന്ന് അധികാരത്തില്‍ വന്ന ജനകീയ കമ്മിറ്റി പരിശോധിച്ചപ്പോള്‍ ആണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും താഹിറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ജാമ്യം കിട്ടിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പള്ളിമുതല്‍ കട്ട വ്യക്തിയെ പച്ച മാലയിട്ട് സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. പിന്നീടാണ് ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയത്’ ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താഹിറിന്റെ സ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് ഭരണക്കാലത്ത് നിരവധി ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കാപ്പ ചുമത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ സമരം നടത്തിയിരുന്നെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
‘യു.ഡി.എഫ് ഭരണകാലത്ത് സി.പി.ഐ.എം പ്രവര്‍ത്തകരായ മുസ്‌ലിം ജനവിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രൂശിക്കാന്‍ തന്റെ സ്ഥാനം ഉപയോഗിച്ച താഹിര്‍, ഭരണസ്വാധീനം ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മൂസയെ കാപ്പ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ചിരുന്നു. നിരവധി ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കാപ്പ ചുമത്തി. ഇതിനെതിരെ ആഴ്ചകള്‍ നീണ്ടുനിന്ന സമരം കണ്ണൂര്‍ ഡി.ഐ.ജി ഓഫീസിന് മുന്‍പില്‍ സംഘടിപ്പിച്ചിരുന്നു,’ അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് നടത്തിയ തുക തിരിച്ച് പിടിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ തീരുമാനത്തെ കുറിച്ച് അന്ന് പച്ച മാലയിട്ട് സ്വീകരണം നല്‍കിയ ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെറിയാന്‍ താല്പര്യമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
‘ലീഗ് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള വഖഫ് ബോര്‍ഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ച് പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് മാലയിട്ട് സ്വീകരണം നല്‍കിയ ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്നറിയാന്‍ താല്പര്യമുണ്ട്’ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പുറത്തീല്‍ പള്ളിക്കമ്മറ്റി സെക്രട്ടറി ആയിരിക്കെ ഇപ്പോഴത്തെ കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡന്റ് ആയ കെ.പി. താഹിര്‍ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി കോടതിയുടെ നിര്‍ദേശാനുസരണം പൊലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹല്ല് കമ്മറ്റിയുടെ കണക്കുകള്‍ സര്‍ക്കാര്‍ നിയോഗിച്ച ഓഡിറ്റര്‍മാര്‍ പരിശോധിച്ചു. ഉന്നയിച്ച ആക്ഷേപം ശരിയാണെന്നാണ് ഓഡിറ്റര്‍മാര്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പ്രസ്തുത തുക താഹിറില്‍ നിന്ന് ഈടാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായാണ് ഇന്നത്തെ വാര്‍ത്ത.
2010-15 കാലത്തെ കണക്കുകളില്‍ കാണിച്ച കൃത്രിമം, തുടര്‍ന്ന് അധികാരത്തില്‍ വന്ന ജനകീയ കമ്മറ്റി പരിശോധിച്ചപ്പോള്‍ ആണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും താഹിറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ജാമ്യം കിട്ടിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പള്ളിമുതല്‍ കട്ട വ്യക്തിയെ പച്ച മാലയിട്ട് സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. പിന്നീടാണ് ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയത്.
യു.ഡി.എഫ് ഭരണകാലത്ത് സി.പി.ഐ.എം പ്രവര്‍ത്തകരായ മുസ്‌ലിം ജനവിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രൂശിക്കാന്‍ തന്റെ സ്ഥാനം ഉപയോഗിച്ച താഹിര്‍ , ഭരണസ്വാധീനം ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മൂസയെ കാപ്പ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ചിരുന്നു. നിരവധി ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കാപ്പ ചുമത്തി. ഇതിനെതിരെ ആഴ്ചകള്‍ നീണ്ടുനിന്ന സമരം കണ്ണൂര്‍ ഡി.ഐ.ജി ഓഫീസിന് മുന്‍പില്‍ സംഘടിപ്പിച്ചിരുന്നു.
ഏത് ഭരണം വന്നാലും തനിക്ക് രക്ഷപ്പെടാനാവുമെന്ന താഹിറിന്റെ അഹങ്കാരത്തിനാണ് വഖഫ് ബോര്‍ഡ് തീരുമാനത്തോടെ തിരിച്ചടി നേരിട്ടത്. ലീഗ് നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവാണ് താഹിര്‍. ലീഗ് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള വഖഫ് ബോര്‍ഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ച് പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് പച്ച മാലയിട്ട് സ്വീകരണം നല്‍കിയ ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്.
Content Highlight: P Jayarajan criticise muslim leaque leaders in kannur