| Wednesday, 6th September 2023, 2:37 pm

'ധാർമിക മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്തത്തിൽ എന്താണ് തെറ്റ്?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവർത്തിച്ചതെന്നും യഥാർത്ഥ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ.

സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തുടർന്ന് ബി.ജെ.പി നേതാക്കൾക്ക് ഹാലിളക്കം തുടങ്ങിയിരിക്കുന്നു എന്നും പി. ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജാതിവിലക്കുകളിലൂടെ ജനങ്ങളെ അകറ്റിനിർത്തിയ സംസ്കാരമാണ് ആർ.എസ്.എസ് പ്രതിനിധാനം ചെയ്തത് എന്നതിനാൽ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധത്തിൽ അതിശയമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സനാതനികൾ പലരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും അയിത്തോച്ചാടന പ്രക്ഷോഭം നടത്തിയ ഗാന്ധിജി അത്ഭുതകരമായാണ് ബോംബേറിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘1923 ലെ കാക്കിനാട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് അയിത്തോച്ചടന പ്രമേയം അംഗീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഉടനീളം വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുവാനും, സർവോപരി മനുഷ്യർ എന്നനിലയിലുള്ള തുല്യ പരിഗണിക്ക് വേണ്ടിയും നിരവധി സമരങ്ങൾ നടന്ന നാടാണ് ഇത്.

മിശ്രഭോജനം, ഹരിജൻ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം വേണ്ടി സനാതനികളുടെ എതിർപ്പിനെ മറികടന്ന് ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. ഇവിടെയാണ് സനാതനികളെ തോൽപ്പിച്ചുകൊണ്ട് മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ സാമൂഹ്യ സമത്വത്തിലേക്ക് മുന്നേറിയത്.

സനാതനികൾ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. പലരെയും സനാതനികൾ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ സനാതനികൾ നടത്തിയ ശ്രമത്തിൽ നിന്നും അത്ഭുതകരമായാണ് അദേഹം രക്ഷപെട്ടത്. മഹാരാഷ്ട്രയിലെ പൂനെയിൽ മുനിസിപ്പാലിറ്റിയുടെ മംഗളപത്രം സ്വീകരിക്കാനെത്തിയ ഗാന്ധിജിയെ അയിത്തോച്ചാടന പ്രക്ഷോഭത്തിൽ പ്രകോപിതരായ സനാതനധർമ വാദികളാണ് ബോംബെറിഞ്ഞത്,’ പി. ജയരാജൻ പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും പിന്നോക്ക സമുദായങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെയും കോൺഗ്രസിന്റെയും ചരിത്രം പോലും വിസ്മരിച്ചുകൊണ്ടുള്ള ചില കോൺഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനകൾ അതിശയകരമാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിൽ ഇന്ത്യ എന്ന് എഴുതിയിടത്ത് ബ്രാക്കറ്റിൽ ഭാരതം എന്ന് ചേർത്താണ് ജയരാജൻ തന്റെ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlight: What’s wrong with questioning the idea that deviates from moral values ​​and drives people away, asks P. Jayarajan

We use cookies to give you the best possible experience. Learn more