| Wednesday, 12th September 2018, 10:45 am

റിയാസ് മൗലവി വധക്കേസ് നടത്തിപ്പിന് എല്ലാ സഹായങ്ങളും ചെയ്തു തന്നത് പി.ജയരാജനും ഷുക്കൂര്‍ വക്കീലും: കേസ് നടത്തിപ്പ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്:റിയാസ് മൗലവി വധക്കേസ് നടത്താന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും അഡ്വ. ഷുക്കൂറുമാണെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി.

“ഈ കേസുമായി ബന്ധപ്പെട്ട് ചൂരി പ്രദേശം സന്ദര്‍ശിക്കുകയും, ഭരണ തലത്തിലും , ആഭ്യന്തര വകുപ്പിലും ആവശ്യമായ സഹായങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്ത് തന്നവരില്‍ പ്രധാനി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ്. അദ്ദേഹം ചൂരി പഴയ ജുമാ മസ്ജിദ് സന്ദര്‍ശിക്കുകയും ആ പ്രദേശത്തുകാരുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും ചെയതു. ചൂരി പ്രദേശത്തുകാര്‍ പലവട്ടം കേസുമായി ബന്ധപ്പെട്ട പല സാങ്കേതിക തടസ്സങ്ങളും മറികടക്കുന്നതിനായി അദ്ദേഹത്തെ കാണുകയും ഓരോ ഘട്ടങ്ങളിലും പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെട്ട് ഞങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്”. പത്രക്കുറിപ്പില്‍ പറയുന്നു.

മുസ്‌ലിം ലീഗ് നേതാവും, ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റുമായിരുന്ന സി.ഷുക്കൂര്‍ സംഭവം നടന്ന പിറ്റേ ദിവസം മുതല്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നെന്നും ഒരു അഭിഭാഷകനെന്ന നിലയിലും തികഞ്ഞ മതേതര ഫാസിസ്റ്റ് വിരുദ്ധ നിലപാടുകാരനെന്ന നിലയിലും സമാന നിലപാടുകള്‍ ഉള്ള പി.ജയരാജന്‍ അടക്കമുള്ള പല നേതാക്കളോടും റിയാസ് മൗലവി കേസ് നടത്തിപ്പിനുള്ള സഹായം ലഭ്യമാക്കുന്നതിനു വണ്ടി ഞങ്ങളോടൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.


Read Also : പി. ജയരാജിനെ മഹത്വവല്‍ക്കരിച്ച് പോസ്റ്റിട്ടതിന് മുസ്‌ലീം ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെതിരെ നടപടി


18 മാസമായി റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജാമ്യത്തിനായി പല വട്ടം സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചിരുന്നുവെങ്കിലും കൃത്യമായ നിയമ ഇടപെടലുകളിലൂടെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിച്ചതുകൊണ്ട് പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. ഇതിനു മുമ്പ് നടന്ന പല കേസുകളിലും സാക്ഷികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം അതിജീവിക്കുക എന്നത് നിസാരമായ കാര്യമല്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

“ഇക്കഴിഞ്ഞ ഓണം നാളില്‍ പി.ജയരാജിനെ ആര്‍.എസ്.എസുകാര്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ 19ാം വാര്‍ഷികത്തില്‍ ആ ദിവസത്തെ അടയാളപ്പെടുത്തി, ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ഷുക്കൂര്‍ പറഞ്ഞ വസ്തുത റിയാസ് മൗലവി കേസുമായി ബന്ധപ്പെട്ട് ഇടപഴകിയ ആള്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും ബോധ്യപ്പെട്ടതാണ്. ഇതേ കാലയളവില്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതും പ്രതികളാക്കപ്പെട്ട ഒരാള്‍ കൊല്ലപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ആര്‍.എസ്.എസ്- ഭീകരതയെ മറ്റൊരു ഭീകരത കൊണ്ടോ, ഇരവാദം കൊണ്ടോ ചെറുക്കുന്നതിന് പകരം കൃത്യമായ നിയമ പോരാട്ടത്തിലൂടെ സാധ്യമാവും എന്നാണ് റിയാസ് മൗലവി വധക്കേസിലെ ഇത് വരെയുള്ള നാള്‍ വഴികള്‍ പരിശോധിച്ചാല്‍ ബോധ്യമാകുന്നത്”. പത്രക്കുറിപ്പില്‍ പറയുന്നു.


We use cookies to give you the best possible experience. Learn more