കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നേരെ കയ്യോങ്ങിക്കഴിഞ്ഞാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. സ്പീക്കര്‍ പദവിയില്‍ ഇരുന്നുകൊണ്ട് ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പേരില്‍ കൈവെട്ടുമെന്ന ഭീഷണിയും എം.എല്‍.എയുടെ ഓഫീസില്‍ കേറി പുറത്താക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യവുമായി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍.ഡി.എഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആരാണ് ഈ നാട്ടില്‍ ശാസ്ത്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. ഷംസീര്‍ ജനിച്ച മതത്തെ സൂചിപ്പിച്ചുകൊണ്ട് ചില പ്രയോഗങ്ങളൊക്കെ നടത്തുന്നുണ്ട്. അതൊക്കെ ഈ നാട്ടില്‍ നടപ്പില്ലെന്ന് ബി.ജെ.പിക്കാര്‍ മനസിലാക്കണം. പിന്നെ ഒരു നേതാവ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെ ഷംസീറിന് അനുഭവമുണ്ടാകാതിരിക്കില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി. ഷംസീറിന്റെ നേരെ കയ്യോങ്ങിക്കഴിഞ്ഞാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് നിങ്ങള്‍ മനസിലാക്കണം.
ഈ നാട്ടിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധി, അദ്ദേഹത്തിന് ഭരണഘടനാ പദവി ഏറ്റെടുക്കേണ്ട ഒരു സാഹചര്യമുണ്ടാകുന്നു. സ്പീക്കര്‍ പദവിയില്‍ ഇരുന്നുകൊണ്ട് ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പേരില്‍ ഇവിടെ പരസ്യമായി വിദ്വേഷ പ്രചരണം മാത്രമല്ല, അദ്ദേഹത്തിന്റെ കൈവെട്ടുമെന്ന ഭീഷണി, എം.എല്‍.എയുടെ ഓഫീസില്‍ കേറി ഞങ്ങള്‍ പുറത്താക്കുമെന്ന ഭീഷണിയെല്ലാം മുഴക്കിയിരിക്കുകയാണ്. ഈ ഭീഷണിയൊന്നും ഈ നാട്ടില്‍ നടപ്പില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. അതില്‍ ബഹുജന പ്രസ്ഥാനത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്ന് ഈ യുവമോര്‍ച്ചക്കാര്‍ മനസിലാക്കണം,’ പി.ജയരാജന്‍ പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എം.എല്‍.എ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷിന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് ജയരാജന്റെ പ്രസ്താവന. ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.