Advertisement
Kerala News
ചെന്നിത്തലയുടെ ലക്ഷ്യം വര്‍ഗീയതയുടെ ഐശ്വര്യ കേരളം, കോണ്‍ഗ്രസുകാര്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്: പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 31, 12:21 pm
Sunday, 31st January 2021, 5:51 pm

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ജമാഅത്തെ ഇസ്‌ലാമി ഉന്നം വെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ദേശീയതാ വാദികളായ മുസ്‌ലിങ്ങളെ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നും കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ് എന്നും ജയരാജന്‍ വിമര്‍ശിച്ചു.

ദേശീയ മുസ്‌ലിങ്ങളെല്ലാം കോണ്‍ഗ്രസില്‍ നിന്നു മാറി ലീഗിലോ വെല്‍ഫെയര്‍ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി പറയുന്നത്. ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ മതനിരപേക്ഷവാദികള്‍ക്കാകെ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി തീവ്ര വര്‍ഗീയ നിലപാട് തുടരാനാണ് കോണ്‍ഗ്രസ് ഭാവമെങ്കില്‍
കോണ്‍ഗ്രെസ്സുകാര്‍ ഇനിമുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീമാന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ.’വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ്’ ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ് എന്നത്.

യു.ഡി.എഫിന് തീവ്രവര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍ ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാള്‍ തീവ്രവര്‍ഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ…അതല്ലേ യു.ഡി.ഫ് ന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലത്…
ഇതൊക്കെയാണ് യു.ഡി .എഫിന്റെ വര്‍ഗീയകേരളത്തിന് മുന്നില്‍ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന അജണ്ട.

അതിന്റെ കാഹളമൂത്താണ് ശനിയാഴ്ച്ച മാധ്യമം പത്രത്തില്‍ ഒ.അബ്ദുറഹ്‌മാന്‍ ( എ.ആര്‍) എഴുതിയ ലേഖനം. ‘ദൈവിക രാജ്യം’ ( ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാന്‍ മഹാനായ അബദുള്‍ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്.

മൗദൂദിയുടെ ആശയക്കാരനായിരുന്നു ആസാദും എന്നാണ് ലേഖകന്റെ കണ്ടുപിടുത്തം.1923 മുതല്‍ ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു അബ്ദുള്‍ കലാം ആസാദ് .ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, കറ കളഞ്ഞ മതനിരപേക്ഷവാദിയായ ,ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഊന്നല്‍ കൊടുത്ത അബ്ദുള്‍ കലാം ആസാദും മതരാഷ്ട്രവാദിയായ മൗദൂദിയും ഒരു പോലെയല്ല. മൗദൂദിയുടെ തൊപ്പി അബുല്‍ കലാം ആസാദിനെ അണിയിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത് ?യു.ഡി.എഫിന്റെ ജാഥാ നേതാവായ ചെന്നിത്തല ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈക്കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാന്‍ പോകുന്നില്ല.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന ഉറച്ച രാഷ്ടീയ തീരുമാനം ജനങ്ങളുടെ മനസ്സിലുണ്ട്. മതനിരപേക്ഷ വോട്ടുകള്‍ ഇനി യു.ഡി.എഫിന് കിട്ടില്ല. അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ യു ഡി .എഫ് തീവ്ര മതവര്‍ഗീയ വഴികള്‍ തേടുന്നത്.

അപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രവും ബുദ്ധിജീവിയും അബ്ദുള്‍ കലാം ആസാദിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്നത്. അബ്ദുള്‍ കലാം ആസാദിന്റെ പാരമ്പര്യമല്ല, മൗദൂദിയുടേത്. ലേഖനത്തിന്റെ അവസാനഭാഗത്ത് ‘മത വിശ്വാസികള്‍ രാഷ്ട്രീയമായി സംഘടിച്ച് വില പേശല്‍ നടത്തണം എന്നാണ് ആവശ്യപ്പെടുന്നത്.

ജമാഅത്തെ ഇസ്‌ലാമി ഇതിലൂടെ ഉന്നംവെക്കുന്നത് കോണ്‍ഗ്സിന്റെ കൂടെ ഉറച്ചുനില്‍ക്കുന്ന ദേശിയാവാദികളായ മുസ്ലിങ്ങളെയാണ്.
അങ്ങനെയുള്ള ദേശീയ മുസ്ലിങ്ങളെല്ലാം കോണ്‍ഗ്രസില്‍നിന്നുമാറി ലീഗിലോ വെല്‍ഫെയര്‍ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി പറയുന്നത് .ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ മതനിരപേക്ഷവാദികള്‍ക്കാകെ താല്‍പ്പര്യമുണ്ട്.

ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങി തീവ്രവര്‍ഗീയനിലപാട് തുടരാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഇനിമുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: P Jayarajan against UDF’s Kerala yathra and Jamaat Islami hands with udf