| Tuesday, 2nd August 2022, 1:28 pm

റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലമാണ്; മുനീര്‍ മാറ്റങ്ങളെ അംഗീകരിക്കണം: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ലിംഗനീതിയുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. റാബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലമാണിതെന്നും ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേയെന്ന് ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉള്‍പ്പെടുത്തി മുനീര്‍ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ലെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

‘ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ നേട്ടങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ അത്തരക്കാരില്‍ ചിലര്‍ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കെതിര് നിന്നാല്‍ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ലീഗ് നേതാവ് എം.കെ. മുനീര്‍ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.

ഇവിടെ ഡോ. എം.കെ. മുനീര്‍ എന്ന് വിശേഷിപ്പിക്കാത്തത് ബോധപൂര്‍വമാണ്. ആരോഗ്യ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ളയാളാണ് മുനീര്‍. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേ? മുനീര്‍ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

ഒരു കാലത്ത് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്,’ പി. ജയരാജന്‍ പറഞ്ഞു.

മത വിദ്യാഭ്യാസം മാത്രം മതിയെന്നും പൊതു വിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉള്‍പ്പെടുത്തി താങ്കള്‍ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ല.

താങ്കള്‍ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാല്‍ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാല്‍ ശാസ്ത്രബോധം താങ്കള്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കള്‍ വിളമ്പുമായിരുന്നില്ല. സയന്‍സ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്ര ബോധം എന്ന് വിളിക്കുന്നത്. ശാസ്ത്ര ബോധത്തിന് നേരെ ബി.ജെ.പി നേതൃത്വവും കേന്ദ്ര സര്‍ക്കാരും നേരിട്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ താങ്കളും മറ്റൊരു തലത്തില്‍ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തില്‍ ആവേശഭരിതനായി സ്വയം ചെറുതാകരുതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: CPIM leader P. Jayarajan Against the remarks of former minister and Muslim League leader MK Muneer related to gender justice

We use cookies to give you the best possible experience. Learn more