കണ്ണൂര്‍: പതഞ്ജലിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പൊലീസുകാര്‍ക്കായി നടത്തിയ യോഗ ക്യാമ്പിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ടെന്നും അത്തരക്കാരുടെ പരിശീലന കളരിയായി പൊലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുതെന്നും ജയരാജന്‍ പറഞ്ഞു.
പൊലീസ് സേനയില്‍ മതനിരപേക്ഷതയാണ് പഠിപ്പിക്കേണ്ടതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പൊലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പൊലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.
നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്ന് ആശങ്കപ്പെടുന്നവര്‍ പൊലീസ് സേനയില്‍ തന്നെ ഉണ്ടെന്നും പൊലീസ് സേനാംഗങ്ങള്‍ക്ക് വര്‍ഗീയ മനസല്ല മതനിരപേക്ഷ മനസാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹാവുമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്. ഇത് ആശാസ്യമല്ലെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു.
അത് കൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് ജയരാജന്‍, പൊലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചു.
തലശേരി സബ് ഡിവിഷനിലെ നൂറ്റമ്പതോളം പൊലീസുകാര്‍ക്കാണ് ഇന്നു രാവിലെ യോഗ പരിശീലനം നല്‍കിയിരുന്നു. തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴുമണിയോടെയായിരുന്നു ക്യാമ്പ്. ഡി.ജി.പിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് തലശേരി ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗാ പരിശീലനം.
ബി.ജെ.പി-ആര്‍.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ഓംകാരം തുടങ്ങിയ പദപ്രയോഗങ്ങള്‍ യോഗയ്ക്കിടെ ആവര്‍ത്തിച്ച് പറയിപ്പിച്ചതായി ഒരുവിഭാഗം പൊലീസുകാര്‍ ഉന്നതോദ്യോഗസ്ഥരോട് വാക്കാല്‍ പരാതി അറിയിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യോഗ പരിശീലനത്തിനെതിരെ പി. ജയരാജന്‍ രംഗത്തെത്തിയത്.