Advertisement
P Jayaran
പിണറായിയുടെ മകളുടെ ഭര്‍ത്താവായ ശേഷമല്ല റിയാസ് നേതാവായത്; ചന്ദ്രിക പത്രത്തിനും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷ പ്രതികരണവുമായി പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 19, 12:33 pm
Wednesday, 19th May 2021, 6:03 pm

കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയെക്കുറിച്ച് ‘വിജയന്‍ കുടുബം കേരളം ഭരിക്കും’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഫേസ്ബുക്കിലൂടെയാണ് പി. ജയരാജന്‍ ചന്ദ്രികയ്ക്കും മുസ്‌ലിം ലീഗിനുമെതിരെ രംഗത്ത് വന്നത്.

സാധാരണ ആര്‍.എസ്.എസ് മുഖപത്രമാണ് ഇത്തരം നാലാംകിട തലക്കെട്ടുകള്‍ നല്‍കാറുള്ളതെന്നും ആര്‍.എസ്.എസിന്റെ നേര്‍പതിപ്പാണ് തങ്ങളെന്ന് ലീഗ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നുമാണ് പി. ജയരാജന്റെ പ്രതികരണം.

പി.എ മുഹമ്മദ് റിയാസ് പിണറായിയുടെ മകളുടെ ഭര്‍ത്താവായതിന് ശേഷമല്ല നേതാവായതെന്നും 12 വര്‍ഷം മുന്‍പ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹമെന്നും പി. ജയരാജന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുസ്‌ലിം ലീഗിന്റെ മുഖപത്രം മുന്‍പേജില്‍ ഇന്ന് നല്‍കിയ തലക്കെട്ട് കാണുക. ‘വിജയന്‍ കുടുംബം കേരളം ഭരിക്കും’.
സഖാവ് മുഹമ്മദ് റിയാസ് പിണറായിയുടെ മകളുടെ ഭര്‍ത്താവായതിന് ശേഷമല്ല നേതാവായത്. 12 വര്‍ഷം മുന്‍പ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ഡി.വൈ.എഫ്.ഐ യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റാണ്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമാണ്.

നിരവധി സമരമുഖങ്ങളില്‍ പോലീസ് ഭീകരത അനുഭവിച്ച ആള്‍ കൂടിയാണ്. ചുരുക്കത്തില്‍ കളമശേരി സീറ്റില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച ഗഫൂറിനെ പോലെ അല്ലെന്ന് വ്യക്തം. അഴിമതി കേസില്‍ കൃത്യമായ തെളിവോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെ പോലെയല്ല. വര്‍ഗീയതയും അഴിമതിയും തന്റെ തൊപ്പിയില്‍ ചാര്‍ത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ പോലെയുമല്ല. ഇതെല്ലം ബോധ്യമുള്ള വായനക്കാരുടെ മുന്‍പിലാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നല്‍കിയത്.

സാധാരണ ആര്‍.എസ്.എസ് മുഖപത്രമാണ് ഇത്തരം നാലാംകിട തലക്കെട്ടുകള്‍ നല്‍കാറുള്ളത്. ആര്‍.എസ്.എസിന്റെ നേര്‍പതിപ്പാണ് തങ്ങളെന്ന് ലീഗ് വീണ്ടും തെളിയിച്ചിരിക്കുന്നു. ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രക്കാരുടെ നിലവാരത്തില്‍ എത്തിയിരിക്കുന്നു ചന്ദ്രികയും.

മറ്റൊന്ന് ശൈലജ ടീച്ചറെ കുറിച്ചാണ്. ഇത്രയും കാലം ഇവര്‍ സ:ശൈലജ ടീച്ചറെ വിളിച്ചിരുന്നത് എന്താണെന്ന് ഈ സമൂഹത്തിന് അറിയാം.
അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയില്‍ സഖാവിനെ ആക്ഷേപിച്ചവരാണ് ഇപ്പോള്‍ പുകഴ്ത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റ് ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല.

എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണം എന്നത് ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് ശേഷമെടുത്ത തീരുമാനമാണ്. സി.പി.ഐ.എമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ്സ്/ലീഗ് നേതാക്കളെ പോലെ മന്ത്രിയാവാനോ എം.എല്‍.എ ആകാനോ വേണ്ടിയല്ല സി.പി.ഐ.എം നേതാക്കള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. സംഘടനാ രംഗത്തായാലും പാര്‍ലമെന്ററി രംഗത്തായാലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് ഏതൊരു സി.പി.ഐ.എം പ്രവര്‍ത്തകന്റെയും കടമ.

57 ല്‍ അധികാരമേറ്റപ്പോള്‍ ഇ.എം.എസ് പറഞ്ഞൊരു കാര്യമുണ്ട്. ‘ഞങ്ങള്‍ക്ക് മന്ത്രിമാരെന്ന നിലക്കുള്ള ഭരണപരിചയമില്ല. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ഇടപെട്ട അനുഭവത്തിന്റെ കരുത്തുണ്ട്. ആ കരുത്ത് കൈമുതലാക്കിയാണ് ഭരണ കസേരയില്‍ ഇരിക്കുന്നത്.’ അതുപോലെ പുതുമുഖങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ നിയുക്ത മന്ത്രിമാരും അനുഭവകരുത്ത് ഉള്ളവരാണ്. അത് കൈമുതലാക്കി മികച്ച ഭരണം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan against Chandrika Daily