കണ്ണൂര്‍: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങളെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.
സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെടുന്നതെങ്കില്‍ അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന തോന്നലുണ്ടാക്കുംവിധം വാര്‍ത്തകള്‍ വിന്യസിക്കുന്നത് മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ് തെളിയിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
മലയാളികള്‍ ദേശീയോല്‍സവമായി കൊണ്ടാടുന്ന തിരുവോണ ദിവസം ഉത്തരവാദപ്പെട്ട ഒരു യുവജന സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ അതൊരു കേരള വാര്‍ത്തയായി പോലും കൊടുക്കാത്ത ഈ മ പത്രങ്ങളുടെ മാധ്യമധര്‍മ്മം എന്താണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
പെരിയ കേസ് ഉണ്ടായപ്പോള്‍ ഒന്നാം പേജില്‍ എത്ര ദിവസങ്ങളാണ് ബഹുകോളം വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് താന്‍ ഓര്‍ക്കുന്നുണ്ടെന്നും മുന്‍പ് 51 വെട്ടുകളുടെ തുടര്‍ച്ചയായ വിവരണങ്ങള്‍ കോളങ്ങള്‍ നിറഞ്ഞ് വാര്‍ത്തയായിരുന്നെന്നും ജയരാജന്‍ പോസ്റ്റില്‍ എടുത്തുപറയുന്നുണ്ട്.
”ഈ ചെറുപ്പക്കാരുടെ രക്തത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മാത്രമല്ല ഈ പത്രങ്ങള്‍ക്കും പങ്കുണ്ട്.അതില്‍ നിന്ന് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാനാവില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 3 സഖാക്കളെയാണ് കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയത്.കായംകുളത്ത് സ:സിയാദ്,ഇന്നലെ സഖാക്കള്‍ ഹക്ക് മുഹമ്മദും മിഥിലാജും.ഈ ചെറുപ്പക്കാരുടെ കൊലപാതകങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂട്ടാളികളായ ആര്‍..എസ്.എസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ആര്‍.എസ്.എസ് ചെയ്യുന്ന അതെ കൃത്യങ്ങള്‍ ഏറ്റെടുത്ത് നടത്തുകയാണ് എന്നത് പൊതുജനങ്ങള്‍ക്ക് ബോധ്യമാവുന്നുണ്ട്,”, പി. ജയരാജന്‍ പറഞ്ഞു.
തങ്ങളുടെ ക്രിമിനല്‍ സംഘം നടത്തിയ അരുംകൊലകളില്‍ പ്രതിഷേധിച്ചുകൊണ്ട് ശ്രീമാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം ഇരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നു പരിഹസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക