കണ്ണൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ നിന്ന് ബി.ജെ.പി. നേതാക്കളെ ഒഴിവാക്കിയെന്നത് പ്രചാരണം മാത്രമെന്ന് സി.പി.ഐ.എം. നേതാവ് പി. ജയരാജന്‍. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു ജയരാജന്റെ പ്രതികരണം.
യുവമോര്‍ച്ചയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാക്കള്‍ പ്രതികളല്ലെന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പി. ജയരാജന്റെ പ്രതികരണം.
ബി.ജെ.പിക്കാര്‍ കേസില്‍ പ്രതികളാണെന്നും കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.
കേസില്‍ കേരളാ പൊലീസിന്റെ കണ്ടെത്തല്‍ നിസാരവത്കരിക്കാന്‍ കഴിയില്ല. 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് പരാതി വന്നപ്പോള്‍ അത് മൂന്നരക്കോടി രൂപയാണെന്ന് കേരളാ പൊലീസാണ് കണ്ടെത്തിയത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറുമായി സി.പി.ഐ.എം. ധാരണയുണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘അന്തര്‍ധാര ആരൊക്കെ തമ്മിലാണെന്നത് വ്യക്തമാണ്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് വി.ഡി. സതീശനാണ്, കാര്യങ്ങള്‍ അതില്‍ നിന്നും വ്യക്തമാണ്. നിയമപരമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇ.ഡി. ഇപ്പോള്‍ കേസ് അന്വേഷിക്കാന്‍ പോകുന്നത് നിയമപരമായ തടസം നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കും,’ ജയരാജന്‍ പറഞ്ഞു.
കേസില്‍ കുറ്റപത്രം ജൂലൈ 24-ന് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീടായിരിക്കും ആലോചിക്കുക. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.
കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി. നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ആരും കേസില്‍ പ്രതിയാകില്ലെന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇ.ഡി. അന്വേഷിക്കേണ്ട വകുപ്പാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: P Jayarajan about Kodakara hawala case convicts