കൂത്തുപറമ്പ്: ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ സ്‌നേഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍.
”ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍,” പി.ജയരാജന്‍ പറഞ്ഞു.
വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നും ജയരാജന്‍ പറഞ്ഞു.
പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലുള്‍പ്പെടെ ” ഉറപ്പാണ് പി.ജെ” എന്നെഴുതിയ ഫ്‌ള്ക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടിരുന്നു.
നേരത്തെ ‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്‍മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്’ എന്ന് തുടങ്ങുന്ന ഗാനം പി.ജയരാജന്‍ അനുകൂലികള്‍ പുറത്തിറക്കിയതിന് പിന്നാലെ സി.പി.ഐ.എമ്മിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.
ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി ഇതിനെ വിലയിരുത്തിയത്. ഇതിനായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനാണ് ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാകില്ലെന്നും സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
‘അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പറഞ്ഞ് ജയരാജന്‍ മുന്നോട്ട് വന്നത്.
ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ പ്രസിദ്ധീകരണത്തില്‍ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ? പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞത്.
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും.
ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: P Jayarajan about captain Remark