കോടിയേരിയുടെ മകന്‍ പാര്‍ട്ടി മെമ്പറല്ലെന്ന് പി. ജയരാജന്‍; 'ബലാത്സംഗക്കേസ് പ്രതിയായ എറണാകുളം എം.പിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തോ?'
binoy kodiyeri
കോടിയേരിയുടെ മകന്‍ പാര്‍ട്ടി മെമ്പറല്ലെന്ന് പി. ജയരാജന്‍; 'ബലാത്സംഗക്കേസ് പ്രതിയായ എറണാകുളം എം.പിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തോ?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 8:57 pm

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരിച്ച് പി. ജയരാജന്‍. കോടിയേരിയുടെ മകന്‍ പാര്‍ട്ടി മെമ്പറല്ലെന്നാണ് ജയരാജന്റെ പ്രതികരണം. ബലാത്സംഗക്കേസ് പ്രതിയായ എറണാകുളം എം.പിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തോ എന്നും ജയരാജന്‍ ചോദിച്ചു.

ബിനോയ് വ്യക്തിപരമായി എന്താണ് ചെയ്യുന്നതെന്ന് കോടിയേരിക്ക് പറയാനാവില്ല. പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയേയും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.ബിനോയ് കോടിയേരി എന്ന വ്യക്തിക്കെതിരായ കേസ് മാത്രമായി പരിഗണിച്ചാല്‍ മതിയെന്നും കോടിയേരി ബാലകൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട എന്ന നിലപാടാണ് ജയരാജന്‍ സ്വീകരിച്ചത്. സമാന നിലപാട് തന്നെയാണ് കേന്ദ്രകമ്മറ്റിയംഗം എം.വി ഗോവിന്ദനും സ്വീകരിച്ചത്.

മകനെതിരായ കേസ് കോടിയേരിയെ തല്ലാനുള്ള വടിയായി ഉപയോഗിക്കാനാണ് ഭാവമെങ്കില്‍ അങ്ങനെ തല്ലുകൊള്ളാന്‍ വിട്ട് തരില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.
ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കേസ് വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഒരു തരത്തിലും പാര്‍ട്ടി സംരക്ഷണം ഉണ്ടാവില്ലെന്നും ബൃന്ദ പറഞ്ഞു.

കേസ് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ആരോപണ വിധേയര്‍ തന്നെ കേസ് സ്വയം നേരിടണമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

നേരത്തെ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണനില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

കേസില്‍ കോടിയേരി മധ്യസ്ഥ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടി വിശദീകരണം ചോദിച്ചത്. പാര്‍ട്ടിയ്ക്കകത്തും കോടിയേരി വിശദീകരണം നല്‍കിയിരുന്നു. ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിനും അന്ന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ബിനോയ്ക്കെതിരെ നിലവില്‍ വന്ന കേസിന് പാര്‍ട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കേസ് വ്യക്തികള്‍ തന്നെ നേരിടണമെന്ന നിലപാടുമാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

എന്നാല്‍ തനിക്കെതിരെ മുംബൈയില്‍ യുവതി നല്‍കിയ പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള കേസ്. 33 കാരിയായ മുംബൈ സ്വദേശിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.