കൊച്ചി: ഭാവഗായകൻ പി.ജയചന്ദ്രൻ (80 ) വിടവാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2020ൽ, മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു .
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ വൈദഗ്ദ്യം തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.
ജി.ദേവരാജൻ , എം.എസ്.ബാബുരാജ് , വി.ദക്ഷിണാമൂർത്തി , കെ.രാഘവൻ , എം.കെ.അർജുനൻ , എം.എസ്.വിശ്വനാഥൻ , ഇളയരാജ , കോടി , ശ്യാം , എ.ആർ.റഹ്മാൻ , എം.എം. കീരവാണി , വിദ്യാസാഗർ , എം.ജയചന്ദ്രൻ തുടങ്ങി നിരവധി സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് വിവിധ ഭാഷകളിലായി ആകെ 16000ലധികം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായാണ് ജനനം. പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്നതാണ് മുഴുവൻ പേര്.
എറണാകുളം ജില്ലയിലെ രവിപുരത്ത് ആയിരുന്നു ജനിച്ചത്. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നാണ് ജയചന്ദ്രൻ ബിരുദം നേടിയത് . ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.
1958ൽ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്തപ്പോഴാണ് ജയചന്ദ്രൻ യേശുദാസിനെ കാണുന്നത്. അതേ വർഷം മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‌കാരം യേശുദാസിനും മികച്ച മൃദംഗവാദകനുള്ള പുരസ്‌കാരം ജയചന്ദ്രനും ലഭിച്ചു.
Content Highlight: P. Jayachandran passed away