കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആ ആവശ്യം ഇതുവരെ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാര്‍ത്തോമാ സഭയുടെ കേന്ദ്രമായ തിരുവല്ലയില്‍ പി.ജെ കുര്യന്‍ മത്സരിക്കുന്നതിനോട് സഭ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ഇതിന് യു.ഡി.എഫ് നേതൃത്വത്തില്‍ ധാരണയായി എന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കുവാന്‍ ഞാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പിന്തുണ ഉറപ്പാക്കിയെന്നും മറ്റും ചില വ്യാജ പ്രചരണങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം ഒരു ചര്‍ച്ചയും ഞാന്‍
ആരോടും നടത്തിയിട്ടില്ലായെന്ന് വ്യക്തമാക്കട്ടെ.
തിരുവല്ലയില്‍ മത്സരിക്കണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ ഞാന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിലരുടെ നടപടി ശരിയല്ലായെന്ന് വ്യക്തമാക്കട്ടെ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: P J Kurien claims that he won’t contest in upcoming election